Thursday, February 28, 2019

 ചേലാകര്‍മം ചെയ്യാത്ത കുട്ടി നിസ്‌കാരത്തില്‍ സ്പര്‍ശിച്ചാല്‍ നിസ്കാരത്തിന് കുഴപ്പമുണ്ടോ.? 



✅ ചേലേകര്‍മം ചെയ്യപ്പെടാത്ത കുട്ടികളെ നിസ്‌കാരത്തില്‍ തൊട്ടാല്‍ നിസ്‌കാരം ബാത്വിലാവുന്നതല്ല. എന്നാല്‍, ആ കുട്ടിയുടെ ദേഹമോ വസ്ത്രമോ പിടിക്കുന്നതുകൊണ്ടും കുട്ടി നിസ്‌കരിക്കുന്നവൻറ്റെ ദേഹമോ വസ്ത്രമോ പിടിക്കുന്നതുകൊണ്ടും നിസ്‌കാരം ബാത്വിലാവുന്നതാണ്.

പ്രസ്തുത കുട്ടികളെ പള്ളിയിലേക്ക് ജുമുഅ ജമാഅത്തിനു കൊണ്ടുവരികയും സ്വഫില്‍ നില്‍ക്കുമ്പോള്‍ കുട്ടി നിസ്‌കരിക്കുന്നവന്റെ വസ്ത്രത്തിലോ ശരീരത്തിലോ പിടിക്കുകയോ തിരിച്ചു പിടിക്കുകയോ ചെയ്യുകയും ചെയ്താല്‍ കുട്ടി കാരണം നിസ്‌കാരം ബാത്വിലാകുന്നതാണ്. അതുകൊണ്ടുതന്നെ ഇത്തരം കുട്ടികളെ പള്ളിയിലേക്ക് നിസ്‌കരിപ്പിക്കാന്‍ കൊണ്ടുവരാതിരിക്കലാവും ഉചിതം. മാര്‍ഗപുംഗത്തിന്റെ ഉള്ളില്‍ നജസുണ്ടാകുമെന്നതാണ് ഇവിടെ നിസ്‌കാരം ബാത്വിലാവാന്‍ കാരണം.

ഒരു ഉമ്മ നിസ്‌കരിച്ചുകൊണ്ടിരിക്കേ ചേലാകര്‍മം ചെയ്യപ്പെടാത്ത ഒരു കുട്ടി ആ ഉമ്മയുടെ നിസ്‌കാരക്കുപ്പായത്തില്‍ പിടിച്ചാല്‍ ഉമ്മയുടെ നിസ്‌കാരം ബാത്വിലാവും. സ്പര്‍ശനം കൊണ്ട് മാത്രം ബാത്വിലാവില്ല.

💥തുഹ്ഫ ശര്‍വാനി സഹിതം 2/128, 129 നോക്കുക

❓മൂക്കു കുത്തുന്നതിൻറ്റെ വിധിയെന്താണ്.?കാതു കുത്തുന്നതു പോലെ തന്നെയാണോ.?

✅ മൂക്കു കുത്തൽ എങ്ങനെയും ഹറാമാണ്. അതു കാതു കുത്തുന്നതു പോലെയല്ല.

കാതു കുത്തലും ആഭരണമണിയലും എല്ലാ നാടുകളിലും സ്ത്രീകൾക്കു ഭംഗിയും അലങ്കാരവുമാണ്.
മൂക്കു കുത്തൽ അങ്ങനെയല്ല.

ചുരുക്കം ചില വിഭാഗത്തിൻറ്റെ വീക്ഷണത്തിൽ മാത്രമേ അതൊരലങ്കാരമുള്ളൂ.

💥തുഹ്ഫ പേജ് 9-195,196. നോക്കുക.

❓ എനിക്ക് ളുഹർ നിസ്ക്കാരം ഖളാ ആയി. ഞാൻ നിസ്കരിക്കാൻ ചെല്ലുമ്പോൾ അസർ നിസ്ക്കാത്തിൻറ്റെ ജമാഅത്ത് നടക്കുന്നു.
ഞാൻ ആദ്യം ജമാഅത്തില്‍ പിന്തുടരണമോ മറിച്ച്‌ ആദ്യംളുഹർ ഖളാഅ വീട്ടണമോ.?

✅ തത്സമയ നിസ്കാരം ഖളാആകുമെന്ന ഭയമില്ലെങ്കിൽ നഷ്ടപ്പട്ട നിസ്കാരം ആദ്യം നിർവ്വഹിക്കലാണ് സുന്നത്ത്. സമയമായ നിസ്കാരത്തിൻറ്റെ ജമാഅത്ത് നഷ്ടപ്പെടുമെന്നായാലും ഈ മുൻഗണന വേണമെന്നാണ് പ്രബലം.

മതിയായ കാരണം (ഉറക്കം , മറവി, ഇവയാണ് കാരണം ) കൊണ്ടാണ് മുൻ നിസ്കാരം നഷ്ടമായതെങ്കിൽ ഈ മുൻഗണന സുന്നത്തും അകാരണമായി നഷ്ടപ്പെട്ടതെങ്കിൽ മുൻഗണന നിർബന്ധവുമാണ്‌ .

എന്നാൽ നഷ്ടമായ നിസ്കാരം ആദ്യം നിർവ്വഹിക്കുകയാണെങ്കിൽ തത്സമയ നിസ്കാരം ഖളാആകുമെന്ന് കണ്ടാല്‍ തത്സമയ നിസ്കാരം ആദ്യം നിർവ്വഹിക്കൽ നിർബന്ധമാണ്‌.
💥(ഫത്‌ഹുൽ മുഈൻ പേജ് 6 നോക്കുക )

❓ജമാഅത്തായി നിസ്ക്കരിക്കുമ്പോൾ മൊബൈല്‍ ഓഫ് ചെയ്യാന്‍ മറന്ന് പോയി. നിസ്ക്കാരത്തിനിടയിൽ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി. അപ്പോള്‍ കിശയിൽ നിന്ന് ഫോണെടുത്ത് ഒഫാക്കിയാൽ നിസ്ക്കാരം ബാതിലാകുമോ. ?

✅ ജമാഅത്തായി നിസ്ക്കരിക്കുമ്പോഴും അല്ലാത്തപ്പോഴും നിസ്കാരവുമായി ബന്ധപ്പടാത്ത തുടരെയായ മൂന്ന് ചലനമുണ്ടായാൽ നമസ്കാരം ബാത്വിലാകും.
(ഫത്‌ഹുൽ മുഈൻ പേജ് 90 നോക്കുക. )
മൊബൈല്‍ കീശയിൽ നിന്ന് എടുക്കുമ്പോള്‍ ഇങ്ങനെ തുടരെ മൂന്ന് ചലനങ്ങള്‍ ഉണ്ടായാല്‍ ബാത്വിലാകും.

മൊബൈല്‍ ഓഫ് ചെയ്യാത്തത് കൊണ്ട് നിസ്കാരം ബാതിലാവുകയില്ലല്ലോ. ?
അപ്പോള്‍ പരമാവധി ശ്രദ്ധിക്കുക. മറ്റുള്ളവർ വല്ലതും പറയുമെന്ന് ഭയന്നു സ്വന്തം നിസ്കാരം നഷ്ടപ്പടുത്തരുത്.

❓ബറാഅത്ത് സൂറത്തിൻറ്റെ തുടക്കത്തിലും ഇടയ്ക്കു വച്ചോതുമ്പോഴും ബിസ്മി ചൊല്ലല്‍ വിലക്കപ്പെട്ടതെന്ത് കൊണ്ടാണ്. ?

✅ പ്രസ്തുത സൂറത്തിൻറ്റെ ബഹുഭൂരിഭാഗം ആയത്തുകളും അവിശ്വാസികളുമായുള്ള യുദ്ധത്തിൻറ്റെ ആഹ്വാനമുള്ളതും അതിൻറ്റെ വിശദ നിയമങ്ങള്‍ ഉൾക്കൊള്ളുന്നതുമാണ്. സമാധാനത്തിൻറ്റെയും നിർഭയത്വത്തിൻറ്റെയും ചിഹ്നമായ ബിസ്മി, സമരാഹ്വാനവും താക്കീതുകളും ഉൾക്കൊള്ളുന്ന ഈ സൂറത്തിന് യോജ്യമല്ല. ഇതാണ്‌ സൂറത്തിൻറ്റെ തുടക്കത്തിലും ഇടയ്ക്കു വച്ചോതുമ്പോഴും ബിസ്മി ചൊല്ലല്‍ വിലക്കപ്പെട്ടതിൻറ്റെ രഹസ്യം.
💥(തുഹ്ഫ 2-36 നോക്കുക)
ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

No comments:

Post a Comment