Thursday, February 28, 2019

ഇസ്ലാമിലെ വൈവാഹിക ജീവിതവും സെക്സും

🌹ഇസ്ലാമിലെ വൈവാഹിക ജീവിതവും സെക്സും."  


❓വിവാഹശേഷം ഭാര്യ ഭര്‍തൃവീട്ടിലാണോ ഭാര്യവീട്ടിലാണോ ഇസ്‌ലാമിക നിയമപ്രകാരം താമസിക്കേണ്ടത്?

✅രണ്ടിലുമല്ല. ഭര്‍ത്താവിന്‍റെ സ്വന്തം വീട്ടിലാണ് താമസിക്കേണ്ടത്. അതില്ലെങ്കില്‍ വാടകവീട്ടിലെങ്കിലും താമസസൌകര്യമൊരുക്കല്‍ ഭര്‍ത്താവിന്‍റെ കടമയാണ്. എന്നാല്‍ പരസ്പരം സമ്മതമാണെങ്കില്‍ ആരുടെ വീട്ടിലും താമസിക്കാം.
ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ വിവാഹത്തോടെ ഭാര്യക്ക് കൊടുക്കല്‍ നിര്‍ബന്ധമാണ്. (തുഹഫ 8/362) പലരും പാര്‍പ്പിടം കുറെ കഴിഞ്ഞാണ് കൊടുക്കുന്നത്. അതില്‍ ഭാര്യക്ക് കുഴപ്പമില്ലെങ്കില്‍ കുഴപ്പമില്ല. പല കുടുംബ പ്രശ്നങ്ങളും ഉണ്ടാകുന്നത് ഇത് ശ്രദ്ധിക്കാത്തതുകൊണ്ടാണ്.

----------

 ❓ഒരാളുടെ ഭാര്യ മരിച്ചു. വലിയ മക്കളുണ്ട്. എങ്കിലും വേറെ വിവാഹം കഴിക്കാന്‍ അദ്ദേഹം താല്‍പര്യം കാണിച്ചാല്‍ മക്കള്‍ക്ക് എതിര്‍ക്കാന്‍ അവകാശമുണ്ടോ?

✅ ഇല്ലെന്ന്‍ മാത്രമല്ല വരുമാനമില്ലാത്തതുകൊണ്ട് മഹറ് കൊടുക്കാനും ആ ഭാര്യക്ക് ചെലവ് കൊടുക്കാനും കഴിയാത്തയാളാണെങ്കില്‍ മഹറ് വാങ്ങികൊടുക്കലും ചെലവിന് കൊടുക്കലും മക്കളുടെ കടമയാണ്. കാരണം ഒരു ഇണയുണ്ടാവുക എന്നത് മനുഷ്യന്‍റെ പ്രധാന ആവശ്യങ്ങളില്‍പ്പെട്ടതാണ്. (തുഹഫ 7/423)

---- ------

❓ഇസ്‌ലാമില്‍ വിവാഹത്തിന് പ്രത്യേക മാസം ഉണ്ടോ?

✅ ഉണ്ട്. ശവ്വാല്‍ (തുഹഫ 7/253)

--------

❓നബി(സ) ശവ്വാലിലാണോ വിവാഹിതനായത്?

✅ അതെ. ആയിഷാബീവിയും നബി(സ)യും തമ്മിലുള്ള വിവാഹം ശവ്വാല്‍ മാസത്തിലായിരുന്നു. (തുഹഫ 7/255)

---- ------

❓ഇരുപത്തഞ്ചുകാരനായ നബി(സ) നാല്‍പ്പതുകാരിയായ ഖദീജ(റ)യെയാണല്ലോ ആദ്യമായി വിവാഹം ചെയ്തത് അതുപോലെ തന്നേക്കാള്‍ പ്രായക്കൂടുതലുള്ള സ്ത്രീകളെ വിവാഹം ചെയ്യല്‍ സുന്നത്തുണ്ടോ?

✅ ഇല്ല. തന്നെക്കാള്‍ പ്രായക്കുറവുള്ളവരെ വിവാഹം ചെയ്യലാണ് ഉത്തമം. എന്നാല്‍ പ്രായക്കൂടുതലുള്ളവരെയും വിവാഹം ചെയ്യാം.

---- ------

❓ നികാഹിന് വരുമ്പോള്‍ മഹറ് എടുക്കാന്‍ മറന്നു. എന്നാല്‍ നിക്കാഹ് സ്വഹീഹാകുമോ?

✅ ആകും. മഹര്‍ പ്രദര്‍ശിപ്പിക്കല്‍ സുന്നത്തേയുള്ളൂ. എന്നാല്‍ ഇണ ചേരുന്നതിന്‍റെ മുമ്പ് അത് വധുവിനെ ഏല്‍പ്പിക്കല്‍ നിര്‍ബന്ധമാണ്.

---- ------

❓ നികാഹ് കഴിഞ്ഞ ഉടനെ വരന്‍ വധുവിന്‍റെ കഴുത്തില്‍ മഹര്‍ ചാര്‍ത്തുന്ന പതിവുണ്ടല്ലോ ഇത് തെറ്റല്ലേ?

✅ തെറ്റല്ല. നികാഹോടുകൂടി പരസ്പരം കാണലും മറ്റെല്ലാ കാര്യങ്ങളും ഹലാലായി. മാല ചാര്‍ത്തലും അതില്‍പ്പെട്ടതാണ്. എന്നാല്‍ അന്യപുരുഷന്മാരായ സുഹൃത്തുക്കളെയും കൂട്ടി മഹര്‍ ചാര്‍ത്തലാണ് തെറ്റ്.

---- ------

❓ നികാഹ് പള്ളിയില്‍ വെച്ചാകുന്നത് സുന്നത്താണോ?

✅: സുന്നത്താണ്. (തുഹഫ 7/255)

----------

❓ ഭര്‍ത്താവിനുവേണ്ടി ഭാര്യ കിടപ്പറയില്‍ അണിഞ്ഞൊരുങ്ങി ഭര്‍ത്താവിനെ ആകര്‍ഷിക്കണം. അതുപോലെ ഭര്‍ത്താവ്‌ ഭാര്യക്കുവേണ്ടി അണിഞ്ഞൊരുങ്ങേണ്ടതുണ്ടോ?

✅ ഉണ്ട്. ഇബ്നു അബ്ബാസ്(റ) പറയുന്നു: "പുരുഷന്മാരുടെ അതേ അവകാശം സ്ത്രീകള്‍ക്കുമുണ്ട്" എന്ന ആയത്തു കാരണം ഞാന്‍ എന്‍റെ ഭാര്യക്കുവേണ്ടി അണിഞ്ഞൊരുങ്ങാറുണ്ട്. അവള്‍ എനിക്കുവേണ്ടി അണിഞ്ഞൊരുങ്ങുന്നതു പോലെ.(തുഹഫ 7/256)

----------

❓ ഖിബ്'ലക്ക് നേരെ കിടന്ന്‍ ഇണ ചേരുന്നതില്‍ തെറ്റുണ്ടോ?

✅: കറാഹത്തില്ല. (തുഹഫ 7/256)

----------

❓ വിവാഹം നിശ്ചയിച്ചു. നിക്കാഹ് കഴിഞ്ഞിട്ടില്ല വരന്‍ വധുവിന് മൊബൈല്‍ ഫോണ്‍, ആഭരണങ്ങള്‍ തുടങ്ങിയ സമ്മാനങ്ങളും കൊടുത്തു. പിന്നീട് ഇരുകൂട്ടരിലാരോ വിവാഹം വേണ്ടെന്നുവെച്ചു എന്നാല്‍ ആ സമ്മാനങ്ങള്‍ തിരിച്ചു വാങ്ങാമോ?

✅ വാങ്ങാം. (ഫത്ഹുല്‍മുഈന്‍ 379)

---- ------

❓ സ്വര്‍ണ്ണം തന്നെ മഹര്‍ കൊടുക്കണമെന്നുണ്ടോ?

✅ ഇല്ല. വില മതിക്കുന്ന എന്ത് വസ്തുക്കളും കൊടുക്കാം. നബി(സ)യുടെ പെണ്‍മക്കള്‍ക്ക് 500 ദിര്‍ഹം വെള്ളിയാണ് മഹറായി കിട്ടിയത്.
(ഫത്ഹുല്‍മുഈന്‍ 374)

----------

❓  എനിക്ക് മഹര്‍ വേണ്ട എന്നു പറയാന്‍ പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് അവകാശമുണ്ടോ?

✅ ഉണ്ട്. അപ്പോള്‍ പുരുഷന് മഹര്‍ കൊടുക്കാതെ അവളെ വിവാഹം കഴിക്കാം.
 (ഫത്ഹുല്‍മുഈന്‍ 267)

---- ------

❓  വിവാഹസദ്യ നല്‍കല്‍ രാത്രിയാണോ പകലാണോ ഉത്തമം?

✅ രാത്രിയാണ് സുന്നത്ത്.
 (തുഹഫ 7/498, ഫത്ഹുല്‍മുഈന്‍ 267)
പണ്ട് കാലത്തൊക്കെ കല്ല്യാണം രാത്രിയായിരുന്നല്ലോ.

---- ------

❓  വിവാഹത്തിന് സദ്യ കൊടുക്കാന്‍ സാധിച്ചില്ല. എങ്കില്‍ പിന്നീട് ഒരു ദിവസം കൊടുക്കല്‍ സുന്നത്തുണ്ടോ?

✅ തീര്‍ച്ചയായും സുന്നത്തുണ്ട്. ഇണ മരിച്ചുപോവുകയോ ത്വലാഖ് ചൊല്ലി പിരിയുകയോ ചെയതാല്‍ പോലും വിവാഹസദ്യയുടെ സുന്നത്ത് ബാക്കിയായി കിടക്കും. അത് വീട്ടുകയും ചെയ്യാം._(തുഹഫ 7/496)

----------

❓  നമുക്ക് സുന്നത്ത് നോമ്പ് ഉണ്ടെങ്കില്‍ ക്ഷണിച്ച വിവാഹത്തിനോ മറ്റോ നാം പങ്കെടുക്കേണ്ടതുണ്ടോ?

✅ ഉണ്ട്. മാത്രമല്ല വീട്ടുകാരനുവേണ്ടി നോമ്പ് മുറിക്കലും ഭക്ഷണം കഴിക്കലും സുന്നത്താണ്. മുറിക്കുന്നില്ലെങ്കില്‍ അവിടെ പങ്കെടുക്കുകയും ബറകത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും വേണം.
 (തുഹഫ 7/508)

---------

❓ വിവാഹ ദിവസം വരന്‍റെ കൂടെ സല്‍ക്കാരത്തിന് പോകുന്ന ചില വിരുതന്മാര്‍ തമാശക്കായി അവിടെ നിന്ന്‍ വാഴക്കുല, ഫ്രൂട്ട്സ് തുടങ്ങിയവ എടുത്തുകൊണ്ടു പോരുന്നതില്‍ തെറ്റുണ്ടോ?

✅ ഉണ്ട്. അതിഥിയായി വരുന്ന ആള്‍ക്ക് വിളമ്പിക്കൊടുത്ത ഭക്ഷണം കഴിക്കാം. ഒന്നും കൊണ്ടുവരികയോ പൂച്ചക്കോ മറ്റോ ഇട്ട് കൊടുക്കുകയോ പോലും ചെയ്യാന്‍ പാടില്ല. അതിന് വീട്ടുകാരന്‍റെ സമ്മതം വേണം.
 (തുഹഫ 7/509)

----------

❓ ഭക്ഷണം ടാബിളില്‍ വെച്ചതിനുശേഷമാണോ ഇരിക്കേണ്ടത്. അതോ ഇരുന്നതിന് ശേഷമാണോ വെക്കേണ്ടത്

✅ ഇരുന്നതിനുശേഷമാണ് ഭക്ഷണം കൊണ്ടുവെക്കേണ്ടത്. അത് ഭക്ഷണത്തോടുള്ള ബഹുമാനമാണ്. പാത്രങ്ങള്‍ എടുത്തതിനുശേഷമാണ് എണീക്കേണ്ടത്.
(ഇഹ്'യാ ഉലൂമിദ്ധീന്‍ 2/36)

❓ ഫ്രൂട്ട്സ് ഭക്ഷണത്തിന്‍റെ മുമ്പോ പിമ്പോ ഉത്തമം?

✅ ആദ്യം ഫ്രൂട്ട്സ് പിന്നെ മാംസം പിന്നെ മധുരം ഇതാണ് ശരിയായ ക്രമം.
 (ശര്‍വാനി 7/512, ഇഹ്'യാ ഉലൂമിദ്ധീന്‍ 2/344)

----------

❓ വരന്‍ നികാഹില്‍ പങ്കെടുക്കാതെ പകരം വേറെ ഒരാളെ വക്കാലത്ത് ആക്കാമോ?

✅ ആക്കാം.(തുഹഫ 5/344)

----------

❓ ഒരാള്‍ തന്‍റെ ഭാര്യയുടെ ഉമ്മയെ (അമ്മായിഉമ്മ) തൊട്ടാല്‍ വുളു മുറിയുമോ?

✅ ഇല്ല.

----------

❓ വിവാഹ സദ്യ നല്‍കേണ്ടതെപ്പോഴാണ്?

✅ വിവാഹസദ്യയുടെ ഏറ്റവും ഉത്തമമായ സമയം ഭാര്യ ഭര്‍ത്താക്കന്മാര്‍ സംയോഗത്തിലേര്‍പ്പെട്ട ശേഷമാണ്. അതാണ് നബിചര്യ. നികാഹ് മാത്രം കഴിഞ്ഞ ശേഷമാണെങ്കില്‍ വിവാഹസദ്യയുടെ അടിസ്ഥാന സുന്നത്ത് മാത്രം ലഭിക്കും.
 (ഫത്ഹുല്‍മുഈന്‍ 378)

കല്യാണത്തിന്‍റെ വിഭവങ്ങള്‍ വിളമ്പുന്നതിന്‍റെ മുമ്പ് തന്നെ നികാഹ് നടത്തലാണ് വിവാഹസദ്യയുടെ സുന്നത്ത് ലഭിക്കാനുള്ള ഏക പോംവഴി. ചിലര്‍ ചെയ്യുന്നതുപോലെ സദ്യയും സല്‍ക്കാരവും എല്ലാം കഴിഞ്ഞ് നിക്കാഹ് നടത്തിയാല്‍ ആ സദ്യക്ക് 'വിവാഹ സദ്യ' എന്ന പുണ്യം ലഭിക്കില്ല. മിക്കയാളുകളും മനസ്സിലാക്കാത്ത ഒരു വിഷയമാണിത്.

----------

❓ വിവാഹം വൈകുന്നത് കാരണം മക്കള്‍ ഹറാമില്‍ വീണാല്‍ മാതാപിതാക്കള്‍ കുറ്റക്കാരാകുമോ?

✅ ആകും.

--- ------

❓ പെണ്ണ്‍ കാണാന്‍ പോകുമ്പോള്‍ കൂടെ കൂട്ടുകാരെ കൂട്ടാമോ?

✅ കൂടെക്കൂട്ടാം പക്ഷെ അവര്‍ക്ക് പെണ്ണിനെ കാണിച്ചുകൊടുക്കല്‍ ഹറാമാണ്.

❓ആദ്യത്തെ ഭാര്യയും മാതാപിതാക്കളും അറിയാതെ രണ്ടാം കല്യാണം കഴിക്കാമോ?

✅ കര്‍മശാസ്ത്ര നിയമപ്രകാരം ഒരാളുടെ വിവാഹം സാധുവാകാന്‍ ആദ്യ ഭാര്യയുടേയോ മാതാപിതാക്കളുടേയോ സമ്മതം ആവശ്യമില്ല. പക്ഷേ, മാതാപിതാക്കളെ വെറുപ്പിച്ചും പിണക്കിയുമുള്ള വിവാഹത്തെ നബി (സ) നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. അതുപോലെ  രണ്ടാം വിവാഹത്തിന് ആദ്യഭാര്യയുടെ സമ്മതം ആവശ്യമില്ലെങ്കിലും സമ്മതത്തോടു കൂടെയാവുന്നത് കൂടുതല്‍ സന്തോഷപ്രദമായ കുടുംബ ജീവിതത്തിനു വഴി തെളിച്ചേക്കാം. എല്ലാ ഭാര്യമാര്‍ക്കും ഒരു പോലെ ചെലവു ചെയ്യാനും അവരുടെ കൂടെ തുല്യദിവസങ്ങള്‍ ചെലവഴിക്കാനും പുരുഷന് സാധിക്കുമെങ്കില്‍ രണ്ടാം വിവാഹം ആകാം.

❓ മാതാവിന്റെ സഹോദരി പുത്രിയെ വിവാഹം കഴിക്കുന്നതിന്റെ ഇസ്ലാമിക വിധി എഞ് ?

✅ മാതാവിന്റെ സഹോദരീ പുത്രി മഹ്റമല്ലാത്തതിനാല്‍ അവളെ വിവാഹം കഴിക്കാവുന്നതാണ്. പക്ഷെ ഇത്തരം അടുത്ത കുടുംബത്തിലുള്ളവരെ വിവാഹം ചെയ്യുന്നതിനേക്കാള്‍ നല്ലത് കുടുംബക്കാരല്ലാത്തവരെ വിവാഹം ചെയ്യലാണ്. വിദൂര ബന്ധത്തില്‍ പെട്ടവരെ വിവാഹം ചെയ്യുന്നതാണ് കൂടുതല്‍ ഉത്തമം.

❓ആരൊക്കെയാണ് മഹ്റം?

✅ മുലകുടി ബന്ധം കുടുംബ ബന്ധം വൈവാഹിക ബന്ധം എന്നിങ്ങനെ മൂന്ന് നിലക്കാണ് വിവാഹ ബന്ധം ഹറാമാവുക. കുടുംബ ബന്ധം മുഖേനയും മുലകുടി ബന്ധം മുഖേനയും ഏഴ് വിഭാഗം ആളുകള്‍ നിഷിദ്ധമാവും.

കുടുംബന്ധം മുഖേന വിവാഹം നിഷിദ്ധമായവര്‍: മാതാവ്, പിതാ-മാതാമഹികള്‍ (അവര്‍ എത്ര മേല്‍പോട്ട് പോയാലും), പുത്രിമാര്‍, പൗത്രികള്‍ (അവര്‍ എത്ര താഴെത്തോളം), സഹോദരികള്‍ മൂന്ന് വിധത്തിലുള്ളതും (മാതാവും പിതാവുമൊത്തവര്‍, മാതാവോ പിതാവോ ഒത്തവര്‍), പിതൃസഹോദരികള്‍ മൂന്ന് വിധത്തിലുള്ളതും, മാതൃസഹോദരികള്‍ മൂന്ന് വിധത്തിലുള്ളതും, സഹോദര പുത്രിമാര്‍, സഹോദരീ പുത്രിമാര്‍(ഇവര്‍ എത്ര കീഴ്‌പോട്ടു പോയാലും).

കുടുംബ ബന്ധം മുഖേന ഹറാമായവരെല്ലാം മുലകുടി ബന്ധത്തിലൂടെയും ഹറാമാകും.

വിവാഹ ബന്ധത്തിലൂടെ ഹറാമായവര്‍: കുടുംബ ബന്ധം മുഖേനയോ മുലകുടി ബന്ധം മുഖേനയോ ഉള്ള ഭാര്യയുടെ മാതാവ്, മാതാ പിതാമഹികള്‍ ( എത്ര മേല്‍പോട്ട് പോയാലും), ഭാര്യയുടെ പുത്രികളും പൌത്രികളും അവര്‍ എത്ര താഴോട്ട് പോയാലും (ഭാര്യയുമായി സംയോഗം നടന്നാല്‍ മാത്രമെ ഈ പുത്രി ഹറാമാകുകയുള്ളൂ.), പിതാവിന്റെ ഭാര്യ (സ്വന്തം പിതാവ് പിതാവിന്റെ പിതാവ് മാതാവിന്റെ പിതാവ്  തുടങ്ങി എത്ര മുകളിലുള്ളവരായാലും അവരുടെ ഭാര്യമാര്‍), സന്താനങ്ങളുടെ ഭാര്യമാര്‍ (സന്താനങ്ങള്‍ എത്ര കീഴ്‌പോട്ട് പോയാലും) എന്നിവരാകുന്നു.

❓ഒരു അമുസ്ലിം യുവതിയെ മുസ്ലിം ആക്കി വിവാഹം ചെയ്യാന്‍ പറ്റുമോ? അങ്ങിനെ ചെയ്താല്‍ പുണ്യം കിട്ടുമോ?

✅ അള്ളാഹുവിന്റെ മതത്തിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുന്നതും ദീനിനെ കുറിച്ച് മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുന്നതും പുണ്യമാണ്. മാത്രമല്ല സത്യം ഗ്രഹിച്ച മുസ്‍ലിമിന്റെ ഉത്തരവാദിത്വം കൂടിയാണ് മറ്റുള്ളവര്‍ക്കും ആ സത്യം പറഞ്ഞു കൊടുക്കല്‍. വിവാഹം കഴിക്കാം അല്ലെങ്കില്‍ സമ്പത്ത് നല്‍കാം തുടങ്ങിയ ഓഫറുകള്‍ നല്‍കിയല്ല ആരെയും ഇസ്‍ലാമിലേക്ക് ക്ഷണിക്കേണ്ടത്. അങ്ങനെ നബിയോ സ്വഹാബതോ മറ്റു സലഫുകളോ ചെയ്തതായി കാണുന്നില്ല. മറിച്ച് അള്ളാഹു ഏകനാണെന്നും നബി (സ്വ) യെ സംബന്ധിച്ചും മരണാനന്തര ജീവിതത്തെ കുറിച്ചും പറഞ്ഞു മനസ്സിലാക്കിയാണ് മറ്റുള്ളവരെ സത്യത്തിലേക്ക് ക്ഷണിക്കേണ്ടത്. എല്ലാ മുസ്‍ലിം സ്ത്രീകളെയും വിവാഹം ചെയ്യാമെന്ന പോലെ പുതുതായി മുസ്‍ലിമായ സ്ത്രീയേയും വിവാഹം ചെയ്യാം.

❓പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ വിവാഹം നടത്താമോ?

✅ കന്യകയായ പെണ്‍കുട്ടിയെ അവളുടെ സമ്മതമില്ലാതെ പിതാവിനോ വല്യുപ്പക്കോ വിവാഹം നടത്താവുന്നതാണ്. അവര്‍ കുട്ടിയുടെ നന്മയും ഗുണവും പൂര്‍ണ്ണമായും പരിഗണിക്കുമെന്നതിനാലും കുട്ടിയേക്കാള്‍ അത് മനസ്സിലാക്കാനാവുക അവര്‍ക്കായിരിക്കും എന്നതിനാലുമാണ് അത്. എന്നാല്‍പോലും സമ്മതം തേടുന്നത് സുന്നതാണ്. എന്നാല്‍ അവര്‍ക്ക്  കുട്ടിയുമായി വിരോധമൊന്നുമില്ലാതിരിക്കുകയും വിവാഹം കഴിച്ചുകൊടുക്കുന്നത് അനുയോജ്യനായ ഭര്‍ത്താവിനായിരിക്കുകയും വേണം. ഇതല്ലാത്ത ഒരു സാഹചര്യത്തിലും പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ വിവാഹം ശരിയാവുന്നതല്ല.

കന്യകയുടെ മൌനം തന്നെ സമ്മതമായി പരിഗണിക്കുന്നതാണ്. എന്നാല്‍ കന്യകയല്ലാവത്തവള്‍ സമ്മതം വ്യക്തമായി പറയുക തന്നെ വേണം.

❓പിതാവ് ജീവിച്ചിരിപ്പുണ്ട് , പക്ഷെ എവിടെയെന്നറിയില്ല , അദ്ദേഹത്തിന്റെ മകളുടെ വിവാഹം എങ്ങനെ നടത്തും

✅ നികാഹ് ചെയ്ത് നല്‍കേണ്ട വലിയ്യ് രണ്ട് മര്‍ഹല (132 km) ക്കപ്പുറത്താവുകയും നാട്ടില്‍ വകീല്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍  ഖാളിയാണ് വലിയ്യ്. എന്നത് പോലെ വലിയ്യ് ജീവിച്ചിരിപ്പുണ്ട് പക്ഷെ എവിടെയെന്നറിയില്ല എന്നസ്ഥിതി വന്നാലും ഖാളി തന്നെയാണ് വിവാഹം ചെയ്ത് കൊടുക്കേണ്ടത്.

❓ആണുങ്ങള്‍ക്ക് സ്വാലിഹത്തായ ഇണയെ കിട്ടാനും, വിവാഹം ശരിയാകാനുള്ള ദുആ പറഞ്ഞ് തരാമോ

✅ എന്തെങ്കിലും നല്ല ആവശ്യങ്ങള്‍ ലഭിക്കാന്‍ റസൂല്‍ രണ്ട് റകഅത് നിസ്കരിക്കാന്‍ കല്‍പിച്ചിട്ടുണ്ട്. صلاة الحاجة എന്നാണ് ഈ നിസ്കാരത്തിന്റെ നാമം. ആദാബുകളൊക്കെ പാലിച്ച് വുദു ചെയ്ത് രണ്ട് റകഅത് നിസ്കരിക്കുക. ശേഷം ഹംദും സ്വലാതും ചൊല്ലി ഇങ്ങനെ ദുആ ചെയ്യുക:

لا إله إلا الله الحليم الكريم سبحان الله رب العرش العظيم الحمد لله رب العالمين أسألك موجبات رحمتك وعزائم مغفرتك والغنيمة من كل بر والسلامة من كل إثم لا تدع لي ذنبا إلا غفرته ولا هما إلا فرجته ولا حاجة هي لك رضاء إلا قضيتها يا أرحم الراحمين

❓ ഗര്‍ഭിണിയായ സ്ത്രീയെ വിവാഹം കഴിക്കുന്നതിന്റെ വിധിയെന്ത്‌

✅ അനുവദനീയമായ ഗര്‍ഭധാരണമാണെങ്കില്‍ അവളെ വിവാഹം കഴിക്കല്‍ അനുവദനീയമല്ല. കാരണം മുന്‍ഭര്‍ത്താവിന്റെ ഇദ്ദയിലായിരുക്കുമല്ലോ ഗര്‍ഭിണിയായ സ്ത്രീ. ഇദ്ദയുടെ അവസരത്തില്‍ വിവാഹം ചെയ്യുന്നത് ശരിയല്ല. ഗര്‍ഭിണിയുടെ ഇദ്ദ അവസാനിക്കുന്നത് പ്രസവം കൊണ്ടാണ്. വ്യഭിചാരം മുഖേനയാണ് ഗര്‍ഭം ധരിച്ചതെങ്കില്‍ അവളെ ശാഫീ മദ്ഹബ് പ്രകാരം വിവാഹം ചെയ്യുകയും സംയോഗത്തിലേര്‍പെടുകയുമാവാം. കാരണം വ്യഭിചാരത്തിന് ഇദ്ദയില്ല. എന്നാലും പ്രസവിക്കുന്നതിന് മുമ്പ് അവളെ വിവാഹം ചെയ്യുന്നത് കറാഹതാണ്. മാലികീ മദ്ഹബ് പ്രകാരം വ്യഭിചരിച്ച സ്തീയും ഇദ്ദ ഇരിക്കല്‍ നിര്‍ബന്ധമാണ്. വ്യഭിചാരം മുഖേന ഗര്‍ഭിണിയായാല്‍ അവളെ പ്രസവിക്കുന്നത് വരെ വിവാഹം ചെയ്യല്‍ ശരിയാവില്ലെന്ന് ഇമാം അബൂ യൂസുഫും ഇമാം അബൂ ഹനീഫ (റ) വും പറഞ്ഞിരിക്കുന്നു. വിവാഹം ചെയ്യല്‍ അനുവദനീയമെങ്കിലും അവളുമായി സംയോഗത്തിലേര്‍പെടല്‍ ഹറാമാണെന്ന് മറ്റൊരു വിഭാഗം പണ്ഡിതര്‍ പറഞ്ഞിരിക്കുന്നു.

❓ സുന്നികള്‍ക്ക് മുജാഹിദ് സ്ത്രീയെ വിവാഹം കഴിക്കാന്‍ സാധിക്കുമോ ? അതേപോലെ തിരിച്ചും?

✅ വിവാഹത്തില്‍ കഫാഅത് (സമന്മാരായിരിക്കല്‍ ) സ്ത്രീയുടെ അവകാശമാണ്. സുന്നിയായ സ്ത്രീക്ക് മുബ്തദിഅ് (പുത്തന്‍വാദി) യോജിച്ചവനല്ല. സ്ത്രീക്ക് ഇഷ്ടമില്ലാതെ പിതാവോ മറ്റുള്ളവരോ അവളെ മുബ്തദിഇന് വിവാഹം ചെയ്ത് കൊടുത്താല്‍ പ്രസ്തുത വിവാഹം ബാത്വിലാണ്. സ്ത്രീയുടെ ഇഷ്ടത്തോട് കൂടെയാണ് വിവാഹം ചെയ്ത് കൊടുക്കുന്നതെങ്കില്‍ വിവാഹം ശരിയാവുമെങ്കിലും കറാഹതാണ്. സുന്നിയ്യായ പുരുഷന് മുബ്തദിഅ് ആയ സ്തീയെ വിവാഹം കഴിക്കുന്നതിന് വിരോധമില്ല. പക്ഷെ അങ്ങനെ ചെയ്യാതിരിക്കുന്നത് നല്ലതാണ്. ഭാര്യയെ തെരെഞ്ഞെടുക്കുമ്പോള്‍ മതബോധമുള്ള സ്ത്രീയെ തെരെഞ്ഞെടുക്കാന്‍ നബി തങ്ങള്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ടല്ലോ. ഇംറാനു ബ്നു ഖഹ്ത്വാന്‍ എന്ന ആളുടെ കഥ ഇമാം ദഹബി തന്റെ سير أعلام النبلاء  ല്‍ വിശദീകരിക്കുന്നുണ്ട്. ഖവാരിജില്‍ പെട്ട് ഒരു സ്ത്രീയെ അദ്ദേഹം വിവാഹം ചെയ്തു. അവളെ ബിദ്അതില്‍ നിന്ന് മടക്കുക്കൊണ്ടു വരുമെന്നായിരുന്നു ഇംറാന്‍ പറഞ്ഞിരുന്നത്. പക്ഷെ താമസിയാതെ ഇംറാനും ഖവാരിജുകളുടെ കൂട്ടത്തില്‍ ചേരുകയാണുണ്ടായത്.

❓ ഹിജഡകളുടെ വിവാഹം ഇസ്ലാമില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടോ?

✅ ഹിജഡകളുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മൂന്ന് തരമായാണ് ഹിജഡകളെ ഇസ്‍ലാം കാണുന്നത്. ഒന്ന് പുരുഷനാണെന്ന് അടയാളങ്ങള്‍ കൊണ്ട് വ്യക്തമായ ഹിജഡകള്‍, രണ്ട് സ്ത്രീയാണെന്ന് വ്യക്തമായ ഹിജഡകള്‍, മൂന്ന് പുരുഷനോ സ്ത്രീയോ എന്ന് തിരിച്ചറിയാത്ത ഹിജഡകള്‍. ഈ മൂന്നില്‍  പുരുഷനാണെന്ന് അടയാളങ്ങള്‍ കൊണ്ട് വ്യക്തമായവരെ പുരുഷന്‍മാരായും സ്ത്രീയാണെന്ന് വ്യക്തമായവരെ സ്ത്രീകളായും പരിഗണിക്കപ്പെടണം. പുരുഷനോ സ്ത്രീയോ എന്ന് തിരിച്ചറിയാത്ത ഹിജഡകളുടെ വിവാഹം ഇസ്‍ലാമിക നിയമപ്രകാരം സാധുവാകുകയില്ല.

❓അമുസ്ലിം സ്ത്രീയെ വിവാഹം കഴിക്കാമോ

✅ മുസ്ലിമോ ശുദ്ധ കിതാബിയ്യതോ ആയ സ്ത്രീകളെ മാത്രമേ മുസ്ലിമിനു വിവാഹം കഴിക്കല്‍ അനുവദിച്ചിട്ടുള്ളൂ. ശുദ്ധ കിതാബിയ്യത് എന്നാല്‍ അവളുടെ മാതാവും പിതാവും കിതാബിയ്യ് ആയിരിക്കണം. കിതാബിയ്യത് അഥവാ ക്രിസ്ത്യന്‍ – ജൂത സ്ത്രീകളെ വിവാഹം കഴിക്കാന്‍ വീണ്ടുമുണ്ട് നിബന്ധനകള്‍. കിതാബിയ്യത് രണ്ടു വിഭാഗമാണ്. ഇസ്റാഈലിയ്യതും (യഅ്ഖൂബ് നബി(അ)മിന്‍റെ പരമ്പരയില്‍പെട്ടവര്‍) ഇസ്റാഈലിയ്യത് അല്ലാത്തവളും. ഇസ്റാഈലിയ്യതാണെങ്കില്‍ ആ സ്ത്രീയുടെ പൂര്‍വ്വപിതാക്കളിലൊരാളും ഈ സ്ത്രീയുടെ മതത്തില്‍ പ്രവേശിച്ചത് ആ മതം ദുര്‍ബലപ്പെട്ടതിനു ശേഷമായിരുന്നുവെന്ന് ഉറപ്പുണ്ടാകരുത്. അഥവാ ജൂത സ്ത്രീയുടെ പിതാമഹന്മാരിലെ ആദ്യത്തവന്‍ ജൂത മതത്തില്‍ ചേര്‍ന്നത് ഈസ(അ)മിന്‍റെ നുബുവ്വതിനു ശേഷമാണെന്ന് ഉറപ്പുണ്ടാകരുത്. അതു പോലെ ക്രിസ്ത്യന്‍ സ്ത്രീയുടെ പിതാമഹാന്മാരിലെ ആദ്യത്തവന്‍ ക്രിസ്തുമതത്തില്‍ പ്രവേശിക്കുന്നത് നബി(സ)യുടെ നുബുവ്വതിനു ശേഷമാണെന്ന് ഉറപ്പുണ്ടാവരുത്. ഇസ്റാഈലിയ്യത് അല്ലാത്ത സ്ത്രീ ആണെങ്കില്‍ അവളുടെ ആദ്യപിതാമഹന്‍ ഇവളുടെ ദീനില്‍ പ്രവേശിച്ചത് അത് ദുര്‍ബലമാവുന്നതിനു മുമ്പാണെന്ന് ഉറപ്പുണ്ടാവണം. ഈ നിബന്ധനകളോടെ ജൂത-ക്രിസ്ത്യന്‍ സ്ത്രീകളെ വിവാഹം കഴിക്കുന്നത് കറാഹത് ആകുന്നു. ഈ നിബന്ധനകളില്ലാത്ത സ്ത്രീകളെ വിവാഹം കഴിക്കല്‍ ശരിയാവുകയില്ല. എന്നാല്‍ ജൂത-ക്രിസ്ത്യന്‍ അല്ലാത്ത അമുസ്ലിം സ്ത്രീകളെ വിവാഹം കഴിക്കല്‍ അനുവദനീയമല്ല. ആ വിവാഹം ശരിയാവുകയുമില്ല.

❓ വിവാഹം കഴിക്കാതിരിക്കുന്നതിന്‍റെ വിധി എന്താണ്?.

✅ വിവാഹം എന്നത്, അതിന് സാമ്പത്തികമായും ശാരീരികമായും സാധിക്കുന്ന, മാനസികമായി ആഗ്രഹമുള്ള വ്യക്തിക്ക് സുന്നതാണ് എന്നതാണ് ഇസ്‌ലാമിന്‍റെ കാഴ്ചപ്പാട്. ആഗ്രഹവും ശേഷിയും ഇല്ലാത്തവന് അത് കറാഹതുമാണ്.

ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

No comments:

Post a Comment