Wednesday, March 6, 2019

പള്ളി എങ്ങനെ ഭരിക്കണം, ആര് ഭരിക്കണം?

പള്ളി എങ്ങനെ ഭരിക്കണം, ആര് ഭരിക്കണം?



✅ ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പ്രസ്താവിച്ചു. പള്ളികള്‍ ഭൂമിയില്‍ അല്ലാഹുവിന്റെ വീടുകളാകുന്നു. ഭൂനിവാസികള്‍ക്ക് ആകാശത്തിലെ നക്ഷത്രങ്ങള്‍ പ്രകാശിതങ്ങളാകുന്നതു പോലെ, ആകാശനിവാസികള്‍ക്ക് അവ (പള്ളികള്‍) പ്രകാശിതങ്ങളാകുന്നു. (ത്വബ്‌റാനി: മജ്മഉസ്സവാഇദ് 2/7).

✅ ഇബ്‌നു മസ്ഊദ്(റ) നിവേദനം ചെയ്യുന്നു: റസൂലുല്ലാഹി(സ) അരുള്‍ ചെയ്തു: തീര്‍ച്ചയായും ഭൂമിയില്‍ അല്ലാഹുവിന്റെ വീടുകള്‍ പള്ളികളാണ്. തീര്‍ച്ചയായും അവ സന്ദര്‍ശിക്കുന്നവനെ അല്ലാഹു ആദരിക്കാതിരിക്കില്ല (ത്വബ്‌റാനി: മജ്മഉസ്സവാഇദ് 2/22).

✅ അനസുബ്‌നു മാലിക്(റ) നിവേദനം ചെയ്യുന്നു. നിശ്ചയമായും റസൂലുല്ലാഹി(സ) അരുള്‍ ചെയ്തു: എന്റെ സമുദായത്തിനു പിന്നീട് ഒരു കാലഘട്ടം വരും. അന്ന് അവര്‍ പള്ളികളുടെ കാര്യത്തില്‍ പരസ്പരം അഭിമാനം കൊള്ളും. വളരെ അപൂര്‍വ്വമായിട്ടല്ലാതെ അവയെ യഥാവിധി അവര്‍ പരിപാലിക്കുകയില്ലെന്നിരിക്കെ (ബുഖാരി).

✅ നബി തിരുമേനി(സ) പ്രസ്താവിച്ചതായി അനസ്(റ) ഉദ്ധരിക്കുന്നു. അല്ലാഹു പറയുന്നു: എന്റെ പ്രതാപവും എന്റെ മഹത്വവും തന്നെ സത്യം. ഞാന്‍ ഭൂനിവാസികളെ ശിക്ഷിക്കാന്‍ ഉദ്ദേശിക്കുന്നു. തദവസരം എന്റെ ഭവനങ്ങളുടെ പരിപാലകരെയും എന്റെ പേരില്‍ പരസ്പരം സ്‌നേഹിക്കുന്നവരെയും രാത്രിയുടെ അന്ത്യയാമങ്ങളില്‍ മാപ്പിരക്കുന്നവരെയും ഞാന്‍ നോക്കുമ്പോള്‍ ആ ശിക്ഷയെ അവരില്‍ നിന്ന് ഞാന്‍ തിരിച്ചു കളയുന്നു (തഫ്‌സീര്‍ ഇബ്‌നു കസീര്‍ 2/35).

✅ അലി(റ) ഉദ്ധരിക്കുന്നു. റസൂലുല്ലാഹി(സ) പ്രവചിച്ചു: ജനങ്ങള്‍ക്ക് ഒരു കാലഘട്ടം വരുക വിദൂരമല്ല. അന്ന് ഇസ്‌ലാമിന്റെ പേരല്ലാതെ മറ്റൊന്നും അവശേഷിക്കുകയില്ല. ഖുര്‍ആന്റെ ലിപിയല്ലാതെ മറ്റൊന്നും നിലവിലുണ്ടാവുകയുമില്ല. അവരുടെ പള്ളികള്‍ നിബിഡസുന്ദരങ്ങളായിരിക്കും, അവ ഭക്തിശൂന്യങ്ങളായിരിക്കെ. അവരുടെ പണ്ഡിതന്മാര്‍ ആകാശത്തിനു ചുവടെയുള്ളവരില്‍ ഏറ്റവും ദുഷ്ടരായിരിക്കും, അവരുടെ പക്കല്‍ നിന്ന് കുഴപ്പം ആവിര്‍ഭവിക്കും. അവരിലേക്കു തന്നെ ആ കുഴപ്പം തിരിച്ചു പോവുകയും ചെയ്യും. (ശുഅബുല്‍ ഈമാന്‍: ബൈഹഖീ, മിശ്കാത്ത് 276).

✅ അബൂബക്ര്‍ സിദ്ധീഖ്(റ) നിവേദനം ചെയ്യുന്നു. റസൂലുല്ലാഹി(സ) അരുള്‍ ചെയ്തു: വല്ല വ്യക്തിയും മുസ്‌ലിംകളുടെ കാര്യത്തില്‍ നിന്ന് വല്ലതും ഏറ്റെടുക്കുകയും എന്നിട്ട് അവരുടെ മേല്‍ പക്ഷപാതം കാണിച്ചുകൊണ്ട് ഒരാളെ അധികാരസ്ഥനാക്കുകയും ചെയ്താല്‍ അവന് അല്ലാഹുവിന്റെ കോപമുണ്ടായിരിക്കും. അവന്റെ പക്കല്‍ നിന്ന് നിര്‍ബന്ധമോ ഐച്ഛികമോ ആയ ഒരു ധര്‍മ്മവും അല്ലാഹു സ്വീകരിക്കുകയില്ല. അങ്ങനെ അവനെ അല്ലാഹു നരകത്തില്‍ പ്രവേശിപ്പിക്കുന്നതാണ് (ഹാകിം, അഹ്മദ്: സവാജിര്‍ 2/113).

💥 ”അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും നിസ്‌കാരം മുറപോലെ നിര്‍വ്വഹിക്കുകയും സകാത്ത് കൊടുത്തു വീട്ടുകയും അല്ലാഹുവെയല്ലാതെ മറ്റാരെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ് അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കേണ്ടത്. എന്നാല്‍ അക്കൂട്ടര്‍ സന്മാര്‍ഗം പ്രപിച്ചവരുടെ കൂട്ടത്തില്‍ പെട്ടവരായേക്കാം” (9: 18).

❓അപ്പോള്‍ മതനിഷ്ഠയും ധര്‍മ്മനിഷ്ഠയുമാണ് പള്ളിപരിപാലകരുടെ പ്രഥമയോഗ്യത. ഈ യോഗ്യതയില്ലാത്തവരെ പള്ളിഭരണത്തിനും പരിപാലനത്തിനും ഏല്‍പ്പിക്കാവതല്ല. മുസ്‌ലിംകളുടെ ഏതെങ്കിലും ഒരു കാര്യത്തിന്റെ ഉത്തരവാദിത്വം ഒരു അക്രമിയെയോ അധര്‍മ്മിയെയോ ഏല്‍പ്പിക്കുന്നത് വന്‍കുറ്റങ്ങളില്‍ പെട്ടതാണെന്ന് ആധികാരിക ശാഫിഈ കര്‍മ്മശാസ്ത്രപണ്ഡിതനായ ഇബ്‌നു ഹജര്‍ ഹൈതമി അദ്ദേഹത്തിന്റെ സവാജിര്‍ എന്ന ഗന്ഥത്തില്‍ (2: 113) രേഖപ്പെടുത്തിയിട്ടുണ്ട്.

👆ജനങ്ങള്‍ പള്ളികളെ തങ്ങളുടെ അഭിമാനചിഹ്നങ്ങളായി കാണും. ആവശ്യത്തിലധികം അവ പൊക്കുന്നതിലും വലുതാക്കുന്നതിലും അനാവശ്യമായ അലങ്കാരപ്പണികള്‍ നടത്തുന്നതിലും അവര്‍ മത്സരം തന്നെ നടത്തും. പള്ളികള്‍ അത്യുന്നതങ്ങളും സുന്ദരസുമോഹനങ്ങളും ജനനിബിഡങ്ങളുമായിരിക്കും. പക്ഷെ, അവിടെ ഒന്നു മാത്രം ഉണ്ടായിരിക്കുകയില്ല. ജനമനങ്ങളെ നയിക്കേണ്ട, ജനനായകരെ നിയന്ത്രിക്കേണ്ട ഭക്തി എന്ന അമൂല്യസമ്പാദ്യം. ഇസ്‌ലാമിന്റെ പേരും ഖുര്‍ആന്റെ ലിപിയും മാത്രം അവശേഷിക്കുന്ന കാലഘട്ടത്തിലെ ചിത്രമാണിത്. ഈ ചിത്രമാണ് ആറാം നമ്പറിലെ തിരുവചനം വരച്ചു കാണിച്ചിട്ടുള്ളത്.

🔰ഭരണകര്‍ത്താക്കള്‍ പള്ളികളുടെ കെട്ടിടങ്ങളും സമ്പത്തും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും പള്ളിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നിറവേറുന്നതിന് ആവശ്യമായ ഖത്തീബ്, ഇമാം, മുഅദ്ദിന്‍, ക്ലീനര്‍ ആദിയായവരെ നീതിനിഷ്ഠമായി നിയമിക്കുകയും അവര്‍ക്ക് മാന്യമായ ശമ്പളം നല്‍കുകയും ചെയ്യേണ്ടതാണ്. ഖത്തീബ്, ഇമാം, മുഅദ്ദിന്‍ എന്നിവരാണ് പള്ളിയിലെ ശ്രദ്ധാകേന്ദ്രങ്ങള്‍. അവരെ അവലംബിച്ചാണ് പള്ളിയിലെ മുഖ്യാരാധനകള്‍ നടക്കുന്നത്. അതുകൊണ്ട് ഈ ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍ ഭരണകര്‍ത്താക്കള്‍ ഒരിക്കലും പക്ഷപാതിത്വമോ ലഘുസമീപനമോ സ്വീകരിക്കാന്‍ പാടില്ല.

❓പള്ളിയില്‍ നിയുക്തനാകുന്ന മുഅദ്ദിന്‍ പ്രായപൂര്‍ത്തി വന്ന വിശ്വസ്തനായ സമയവിവരമുള്ള മുസ്‌ലിമായിരിക്കല്‍ നിര്‍ബന്ധമാണ്. ഈ ഉപാധി ലംഘിച്ചാല്‍ നിയമനം അസാധുവാകും. പ്രസ്തുത മുഅദ്ദിന്‍ ധര്‍മ്മനിഷ്ഠനും ഉച്ചസ്വരനും ശബ്ദഭംഗിയുള്ളവനുമായിരിക്കല്‍ സുന്നത്താണ്. അപ്പോള്‍ നിയമനത്തില്‍ അങ്ങനെയുള്ളവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. ഏതു സദാചാരിയെയും ദുരാചാരിയെയും തുടര്‍ന്നു നിസ്‌കരിക്കാമെങ്കിലും ഇമാമുകളുടെ നിലവാര വ്യത്യാസമനുസരിച്ച് ജമാഅത്തിന്റെ പ്രതിഫലത്തില്‍ ഏറ്റക്കുറച്ചില്‍ സംഭവിക്കുന്നതാണ്.

✅ ഇമാം ഹാകിം ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീസ് കാണുക. നിങ്ങളുടെ നിസ്‌കാരം സ്വീകരിക്കപ്പെടുക എന്നത് നിങ്ങള്‍ക്കു സന്തോഷകരമെങ്കില്‍ നിങ്ങളില്‍ ഉത്തമന്മാര്‍ നിങ്ങളുടെ നിസ്‌കാരത്തിനു നേതൃത്വം നല്‍കട്ടെ. കാരണം ഇമാമുകള്‍ നിങ്ങളുടെയും നിങ്ങളുടെ രക്ഷിതാവിന്റെയും ഇടക്കുള്ള നിവേദകരാണ് (തുഹ്ഫ 2/294).

👆മുകളില്‍ പറഞ്ഞ മാനദണ്ഡങ്ങളെല്ലാം അവഗണിച്ചു കൊണ്ട് സ്വേച്ഛാനുസാരമോ പക്ഷപാതപരമായോ പള്ളി ഉദ്യോഗസ്ഥന്മാരെ നിയമിക്കുകയും സ്വേച്ഛാനുസാരം ശരിയായ കാരണമില്ലാതെ അവരെ പിരിച്ചുവിടുകയും ചെയ്യുന്ന പ്രവണത പല പള്ളി ഭരണകര്‍ത്താക്കളിലും കണ്ടു വരുന്നു. ഇത്തരക്കാരോടാണ് ഏഴാം നമ്പര്‍ ഹദീസിലെ ഊഷ്മളമായ താക്കീത്: വല്ല വ്യക്തിയും മുസ്‌ലിംകളുടെ കാര്യങ്ങളില്‍ നിന്ന് വല്ലതും ഏറ്റെടുക്കുകയും എന്നിട്ട് പക്ഷപാതപരമായി നിയമനം നടത്തുകയും ചെയ്താല്‍ അവന്‍ ശാപാര്‍ഹനാണെന്നും അവന്റെ സകലകര്‍മ്മങ്ങളും അസ്വീകാര്യങ്ങളാണെന്നും അവസാനം അവന്‍ നരകത്തില്‍ പ്രവേശിക്കേണ്ടിവരുമെന്നുമാണ് പ്രസ്തുത ഹദീസ് നല്‍കുന്ന മുന്നറിയിപ്പ്.

❌ പള്ളിയോ പള്ളിയുടെ വസ്തുവകകളോ വാഖിഫിന്റെ അല്ലെങ്കില്‍ സ്ഥാപകന്റെ ഉപാധികള്‍ക്ക് വിരുദ്ധമായി ഉപയോഗിക്കാന്‍ പാടില്ല. വാചികമായോ ലിഖിതമായോ ഉപാധി വെച്ചിട്ടില്ലെങ്കില്‍ അയാളുടെ കാലത്തുള്ള മതവിരുദ്ധമല്ലാത്ത കീഴ്‌വഴക്കവും നാട്ടാചാരവും ഉപാധിയായി കാണേണ്ടതാണ് (തുഹ്ഫ 6/284, 6/60). അപ്പോള്‍ സുന്നികളായ പൂര്‍വ്വീകര്‍ സ്ഥാപിച്ച പള്ളികള്‍ സുന്നി വിരുദ്ധര്‍ക്ക് ഭരിക്കുവാനോ അവരുടെ ആചാരങ്ങള്‍ അവിടെ നടപ്പിലാക്കുവാനോ അതിനു മറ്റുള്ളവര്‍ അംഗീകാരം നല്‍കുവാനോ ഒരു കാരണവശാലും പാടുള്ളതല്ല. ഇവ്വിധം ബിദ്അത്തുകാര്‍ കയ്യേറിയ ധാരാളം പള്ളികള്‍ കേരളത്തിലുണ്ട്. അവരുടെ ഭരണം പൂര്‍ണ്ണമായും കയ്യേറ്റവും അപഹരണവുമാണ്. സുന്നിവിരുദ്ധമായി അവരവിടെ നടത്തുന്ന എല്ലാ ആരാധനകളും കുറ്റകരമാണ്.

✅ ഭരണകര്‍ത്താക്കള്‍ പള്ളിയുടെ സമ്പത്ത് ദുരുപയോഗപ്പെടാതെയും അന്യാധീനപ്പെടാതെയും കാത്തുസൂക്ഷിക്കേണ്ടതാണ്. അവിഹിതമായി ഒരു നാണയത്തുട്ടു പോലും ചെലവഴിക്കാന്‍ പാടില്ല. അപ്രകാരം തന്നെ അവിഹിതമായി ഒന്നും പള്ളിക്കു വേണ്ടി സ്വീകരിക്കാനും പാടില്ല. പളളിയുടെ ധനത്തിന് സകാത്തില്ല എന്നതു പോലെ തന്നെ സകാത്തുധനം പള്ളിക്കു വേണ്ടി സ്വീകരിക്കാനും പാടില്ല. എന്നാല്‍ പള്ളി നിര്‍മ്മാണം പോലെയുള്ള പൊതു ആവശ്യത്തിന് കടം വാങ്ങിയവന് അവന്‍ ധനികനെങ്കിലും ആ കടം വീട്ടുന്നതിന് സകാത്ത് കൊടുക്കാവുന്നതും വാങ്ങാവുന്നതുമാണ് (ഫത്ഹുല്‍ മുഈന്‍ പേജ്: 114, 120, 121).

🍇 പള്ളികള്‍ അനാവശ്യമായി അടച്ചുപൂട്ടാന്‍ പാടില്ല. കാരണം പള്ളി സദാസമയത്തും തുറന്നിടുന്നതാണ് സുന്നത്ത്. എന്നാല്‍ പള്ളിക്ക് നിന്ദനം വരുമെന്നോ അതിലെ സാധനങ്ങള്‍ വല്ലതും നഷ്ടപ്പെടുമെന്നോ ആശങ്കയുണ്ടാവുകയും തുറന്നിടേണ്ട ആവശ്യമില്ലാതിരിക്കുകയും ചെയ്താല്‍ പള്ളിയുടെയും പള്ളി ഉപകരണങ്ങളുടെയും സുരക്ഷക്കു വേണ്ടി നിസ്‌കാരസമയമല്ലാത്തപ്പോള്‍ പള്ളി അടക്കുന്നതിന് വിരോധമില്ല. ഉദാഹരണമായി മേല്‍പ്പറഞ്ഞ ആവശ്യത്തിന് ഇശാ നിസ്‌കാരാനന്തരം പള്ളി അടക്കാനാവുന്നതാണ് (ഗായതു തല്‍ഖീസില്‍ മുറാദ് മിന്‍ ഫതാവാ ഇബ്‌നു സിയാദ് പേജ്: 14).

✅ അകാരണമായി പള്ളി അടക്കാന്‍ പാടില്ലെങ്കിലും ചില വ്യക്തികളെ പള്ളി പ്രവേശത്തില്‍ നിന്ന് തടയാവുന്നതാണ്. കുഷ്ഠരോഗി, വെള്ളപ്പാണ്ട് രോഗി, ദുര്‍ഗന്ധം വമിക്കുന്നവന്‍ എന്നിവരെ ജുമുഅ ജമാഅത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും തടയേണ്ടതാണ് (അല്‍ ഫതാവല്‍ കുബ്‌റാ: ഇബ്‌നു ഹജര്‍ 1/240).

❓അപ്രകാരം തന്നെ സംശയവിധേയരായ ആളുകളെ അസമയത്ത് പള്ളിപ്രവേശം നടത്തുന്നതില്‍ നിന്ന് തടയാവുന്നതാണ്. മഹാനായ ഇബ്‌നു മസ്ഊദ്(റ) രാത്രി സമയത്ത് പള്ളിയില്‍ രക്ഷാടനം നടത്താറുണ്ടായിരുന്നു. നിസ്‌കരിക്കുന്ന പുരുഷനല്ലാത്ത ഏതൊരു വ്യക്തിയെ കണ്ടാലും അയാളെ അദ്ദേഹം പള്ളിയില്‍ നിന്ന് പുറത്താക്കുമായിരുന്നു (ത്വബ്‌റാനി: മജ്മഉസ്സവാഇദ് 2/24).

✅ സമ്മതമില്ലാതെ അനാവശ്യമായി അവിശ്വാസികള്‍ പള്ളിയില്‍ കയറുന്നത് തടയേണ്ടതാണ്. ആവശ്യത്തിനു വേണ്ടി പ്രായപൂര്‍ത്തിയായ ഒരു മുസ്‌ലിമിന്റെ അനുവാദത്തോടു കൂടി അവര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാവുന്നതാണ്. അപ്പോള്‍ പള്ളി ജീര്‍ണോദ്ധാരണം, പെയ്ന്റിംഗ് മുതലായ ആവശ്യങ്ങള്‍ക്കു വേണ്ടി അമുസ്‌ലിംകളെ പള്ളിയില്‍ പ്രവേശിപ്പിക്കാവുന്നതാണ്. (തുഹ്ഫ & ശര്‍വാനി 1/272-273).

👆 പ്രവാചകരുടെ കാലത്ത് നടന്ന ഒരു സംഭവം ഇതിനു തെളിവായി വര്‍ത്തിക്കുന്നു. സഖീഫു ഗോത്രത്തിലെ ഒരു നിവേദകസംഘം ഒരു റമളാനില്‍ റസൂലുല്ലാഹി(സ)യെ സമീപിച്ചു. അപ്പോള്‍ തിരുമേനി അവര്‍ക്കായി പള്ളിയില്‍ ഒരു കൂടാരം നിര്‍മ്മിച്ചു കൊടുത്തു. അങ്ങനെ അവര്‍ ഇസ്‌ലാം മതം സ്വീകരിച്ചു. തിരുമേനിയോടൊപ്പം നോമ്പനുഷ്ഠിച്ചു(ത്വബ്‌റാനി: മജ്മഉസ്സവാഇദ് 2/28).

❓ചില ഉപാധികളോടെ പള്ളിയില്‍ പ്രഭാഷണങ്ങള്‍ നടത്താമെങ്കിലും കെട്ടുകഥകളോ വ്യാജഹദീസുകളോ ഉദ്ധരിച്ചു പള്ളിയില്‍ സംസാരിക്കുന്നതിനു അനുമതി നല്‍കാവതല്ല.

പല പ്രസംഗകരും പലപ്പോഴും അടിസ്ഥാന രഹിതമായ കഥകളും ഹദീസുകളും ഉദ്ധരിച്ചു പ്രസംഗിക്കുന്നതു കേള്‍ക്കാം. ഇതു നിരോധിക്കേണ്ടത് ഭാരവാഹികളുടെയും അറിവുള്ളവരുടെയും ബാധ്യതയാണ്. മഹാനായ സൈനുദ്ദീന്‍ മഖ്ദൂം സ്വഗീര്‍ പറയുന്നു: ”വ്യാജനിര്‍മ്മിതങ്ങളോ ദുര്‍ബലങ്ങളോ ആയ ഹദീസുകളും പ്രവാചകന്മാരെ സംബന്ധിച്ചു ചില കഥാകാരന്മാര്‍ പറഞ്ഞിട്ടുള്ള അടിസ്ഥാന രഹിതങ്ങളായ കഥകളും വാര്‍ത്തകളും ഉദ്ധരിച്ചു കൊണ്ടു പള്ളികളില്‍ പ്രസംഗിക്കുന്നതിനെ സംബന്ധിച്ചു അതു പള്ളിയില്‍ അനുവദനീയമാണോ? അഥവാ അതു വിലക്കുകയും നിരോധിക്കുകയും ചെയ്യേണ്ടതുണ്ടോ എന്നു ചോദിച്ചു.

തദവസരം ശൈഖുനാ ഇബ്‌നു ഹജര്‍(റ) ഇപ്രകാരം മറുപടി നല്‍കി: വ്യാജ നിര്‍മ്മിതങ്ങളായി ഗണിക്കപ്പെടുന്ന ഹദീസുകള്‍, അവയുടെ സ്വഭാവം വിവരിക്കാതെ, ഉദ്ധരിക്കല്‍ കഠിനമായ ഹറാമാണ്. അവ ഉദ്ധരിക്കുന്നവരെ നിരോധിക്കലും വിലക്കലും കഴിയുന്നവര്‍ക്കൊക്കെ നിര്‍ബന്ധമാണ്. എന്നാല്‍ ദുര്‍ബല ഹദീസുകള്‍, അതിന്റെ ദൗര്‍ബല്യം വ്യക്തമായോ സൂചന രീതിയിലോ ഉണര്‍ത്തിക്കൊണ്ടാണുദ്ധരിക്കുന്നതെങ്കില്‍ ആ ഉദ്ധാരണം അനുവദനീയമാണ്, അങ്ങനെയല്ലെങ്കില്‍ അനനുവദനീയവും. ഖുര്‍ആനിലും സുന്നത്തിലും വന്നിട്ടില്ലാത്ത പ്രവാചകരെക്കുറിച്ചു പറയപ്പെടുന്ന കഥകളില്‍ സിംഹഭാഗവും അടിസ്ഥാനരഹിതങ്ങളാണ്. അതുകൊണ്ട് പള്ളിയില്‍ അവ പറുയന്നവനെയും നിരോധിക്കേണ്ടതാണ് (അല്‍ അജ്‌വിബത്തുല്‍ അജീബ: പേജ് 106 ചോദ്യം നമ്പര്‍ 57).

✅ പള്ളിയില്‍ ആരാധനകള്‍ക്ക് തടസ്സമോ സ്ഥലപരിമിതിയോ സൃഷ്ടിക്കുന്ന വിധം ഒരു ഉപകരണവും വെക്കാന്‍ പാടില്ല. ജുമുഅയില്ലാത്ത പള്ളിയില്‍ മിമ്പര്‍ വെക്കുന്നതും, ഖുര്‍ആന്‍ ഓതുന്നതിനു വേണ്ടി സ്ഥിരമായ മുസ്ഹഫ് പീഠം വെക്കുന്നതും ഈയിനത്തില്‍ പെട്ടതാണ് (ഇആനത്ത്3/186).

✅ എന്നാല്‍ പ്രസംഗകനു പള്ളിയില്‍ ഇരിക്കാനായി സ്ഥിരപീഠമോ കസേരയോ വെക്കാമോ? ശ്രോതാക്കള്‍ വര്‍ദ്ധിക്കുകയും ഒരു ഉയര്‍ന്ന പീഠത്തിലിരുന്നെങ്കിലേ എല്ലാവര്‍ക്കും വ്യക്തമായി കേള്‍ക്കാനും ശ്രദ്ധിക്കാനും കഴിയൂ എന്ന അവസ്ഥയുണ്ടാവുകയും ചെയ്താല്‍ പ്രസംഗകന്‍ ഉയര്‍ന്ന ഒരു പീഠത്തിലിരിക്കല്‍ സുന്നത്താണ്, അല്ല പ്രബലമായ സുന്നത്താണ്. നബി തിരുമേനി(സ) ആദ്യകാലങ്ങളില്‍ സ്വഹാബിമാരോടൊപ്പം തറയിലിരുന്നായിരുന്നു അവര്‍ക്കു വിവരങ്ങളും ഉപദേശങ്ങളും നല്‍കിയിരുന്നത്. പിന്നീട് അനുയായികള്‍ വര്‍ദ്ധിച്ചപ്പോള്‍ തിരുമേനിക്കു വേണ്ടി, പള്ളിയില്‍ ഒരു പീഠം നിര്‍മിച്ചു. പിന്നീട് ജനങ്ങളുടെ ശ്രവണ സൗകര്യാര്‍ത്ഥം, അതിന്മേല്‍ ഇരുന്നു കൊണ്ടായിരുന്നു അവിടുന്ന് ഉപദേശം നല്‍കിയിരുന്നത് (അല്‍ അജ്‌വിബത്തുല്‍ അജീബ: പേജ് 106 ചോദ്യം നമ്പര്‍ 58).

✅ അബൂ ഹുറൈറ(റ)യില്‍ നിന്നു ഇമാം നസാഈ ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ”നബി(സ) തന്റെ സ്വഹാബിമാരോടൊപ്പമിരിക്കുമായിരുന്നു. അപ്പോള്‍ വിദേശിക്കു തിരുമേനി(സ)യെ തിരിച്ചറിയാന്‍ സാധിക്കാതെ വന്നു. അപ്പോള്‍ തിരുമേനിക്കു വേണ്ടി, കളിമണ്ണിന്റെ ഒരു പ്ലാറ്റ്‌ഫോം നിര്‍മ്മിക്കപ്പെട്ടു”. ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ശൈഖ് ഇബ്‌നു ഹജര്‍ പറയുന്നു: അധ്യാപനത്തിന്റെയും മറ്റും അനിവാര്യതയ്ക്കു വേണ്ടി, അധ്യാപകനു പ്രത്യേകമായി, പള്ളിയില്‍ ഒരു ഉയര്‍ന്ന സ്ഥലം ഏര്‍പ്പെടുത്തല്‍ അനുവദനീയമാണെന്ന് ഈ ഹദീസില്‍ നിന്നു ഗ്രഹിക്കാവുന്നതാണ്. പക്ഷേ, ഒരു ഉപാധിയുണ്ട്. അതു കൊണ്ട് ആരാധനകള്‍ക്ക് സ്ഥലപരിമിതി നേരിടാതിരിക്കണം (അല്‍ ഫത്ഹുല്‍ മുബീന്‍: ഇബ്‌നു ഹജര്‍ പേജ്: 143).

✅ പള്ളിയില്‍ അലമാരികളും കട്ടിലുകളും (സ്ഥിര സ്വഭാവത്തില്‍) വെക്കുന്നത് ഹറാമാണ്. അതു വിദേശികളായ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണെങ്കിലും ശരി. നിസ്‌കരിക്കുന്നവര്‍ക്ക് അവകൊണ്ട് താല്‍ക്കാലിക വിഷമം ഉണ്ടായിട്ടില്ലെങ്കിലും ഹറാമുതന്നെ. കാരണം പള്ളിയില്‍ ചിലപ്പോള്‍ സംഘം വര്‍ദ്ധിക്കും. അപ്പോള്‍ പരിമിതിയും വിഷമവും നിസ്‌കരിക്കുന്നവര്‍ക്കു നേരിട്ടേക്കും. ഇതു പള്ളിയില്‍ താല്‍കാലിക കൂടാരമടിക്കുന്നതു പോലെയല്ല (അതു അനുവദനീയമാണ്, ഇത് അനുവദവനീയമല്ല) എന്തുകൊണ്ടെന്നാല്‍ അതു താല്‍ക്കാലികമാണ്, നിലനില്‍ക്കില്ല. ഇതു സ്ഥിരസ്വഭാവമുള്ളവയാണ്. (ഗായത്തു തല്‍ഖീസില്‍ മുറാദ് മിന്‍ ഫതാവാ ഇബ്‌നു സിയാദ് പേജ്: 13-14)

ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌
എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

No comments:

Post a Comment