Tuesday, March 5, 2019

വെള്ളിയാഴ്ച സ്വലാത്തോ ഖുർ'ആനോ?

🌹വെള്ളിയാഴ്ച സ്വലാത്തോ
ഖുർ'ആനോ?🌹



❓ പ്രശ്നം: വെള്ളിയാഴ്ച രാവിലും പകലിലും നബി (സ) തങ്ങളുടെ മേൽ സ്വലാത്ത്‌ പെരുപ്പിക്കണമെന്നുണ്ടല്ലോ. അതിന്റെ തോത്‌ എത്രയാണ്‌. ഖുർ'ആൻ ഓതുന്നതിനേക്കാൾ പുണ്യം സ്വലാത്ത്‌ ചൊല്ലുന്നതിനാണോ?

✅ സ്വലാത്ത്‌ വർദ്ധനവിന്‌ പരിധിയില്ല. എത്രയും വർദ്ധിപ്പിക്കൽ സുന്നത്താണ്‌. പക്ഷേ ചുരുങ്ങിയത്‌ രാത്രിയിൽ മുന്നൂറും പകലിൽ മുന്നൂറുമെങ്കിലും ചൊല്ലണം. ശർവാനി 2-478. പ്രത്യേകം സുന്നത്തായി നിർദ്ധേശിക്കപ്പെട്ട അൽകഹ്ഫ്‌ സൂറത്ത്‌ പോലുള്ളതല്ലാത്ത ഖുർ'ആൻ പാരായണത്തേക്കാൾ പുണ്യവും ശ്രേഷ്ഠവും വെള്ളിയാഴ്ച രാവിലും പകലിലും സ്വലാത്ത്‌ ചൊല്ലൽ തന്നെയാണ്‌. തുഹ്ഫ: 2-479.

❓ പിതാവ് കഴിഞ്ഞാല്‍ നികാഹു ചെയ്തു നൽകാൻ അധികാരം ആർക്കാണ്? പിതൃവ്യനാണോ (പിതാവിൻറ്റെ സഹോദരന്‍.)?
അല്ല അമ്മാവനാണോ?
(മാതവിൻറ്റെ സഹോദരന്‍).

✅ പിതാവ്, പിതാവ് ഇല്ലെങ്കിൽ പിതാമഹൻ (പിതാവിൻറ്റെ പിതാവ്), പിന്നെ
സ്വന്തം സഹോദരന്‍ , ഇല്ലെങ്കിൽ ഉപ്പ ഒന്നായ സഹോദരന്‍ (അതായത് നികാഹ് ചെയ്തു കൊടുക്കാൻ പോകുന്ന സ്‌ത്രീയുടെ ഉപ്പയുടെ മറ്റു ഭാര്യയിലെ ആൺ മക്കള്‍.)
ഇവര്‍ ഇല്ലെങ്കിൽ ഈ പറഞ്ഞ സഹോദരന്‍മാരുടെ ആൺ മക്കള്‍.
ഇവർ കഴിഞ്ഞാലാണ് പിതൃവ്യൻ
(ഉപ്പയുടെ സഹോദരന്‍) അധികാരം ലഭിക്കുകയുള്ളൂ.

അമ്മാവന്‍
(മാതാവിൻറ്റെ സഹോദരങ്ങൾ)ക്ക് നികാഹു ചെയ്തു കൊടുക്കാനുള്ള അധികാരമില്ല.

ഫത്‌ഹുൽ മുഈൻ
358,359 പേജ് നോക്കുക.

❓നബി ( സ) തങ്ങളുടെ മാതാവിന്റെ നാമം കേൾക്കുമ്പോൾ തർളിയത്ത് (റളിയല്ലാഹു..) ചൊല്ലുകയും പിതാവിന്റെ നാമം കേൾക്കുമ്പോൾ തർളിയത്ത് ചൊല്ലാതിരിക്കുകയും ചെയ്യുന്നു. കാരണം വിശദീകരിച്ചാലും .

✅ അതിനു കാരണം അഞ്ജത തന്നെ. എന്തെന്നാൽ തർളിയത്തിന്റെ കാര്യത്തിൽ രണ്ടുപേരും ഒരുപോലെയാണ്. ചൊല്ലുന്നെങ്കിൽ രണ്ടുപേർക്കും ചൊല്ലണം .
നബി ( സ) യുടെ മാതാവും പിതാവും പിതാമഹാന്മാരുമെല്ലാം ശുദ്ധരും വിശ്വാസികളും ഖെെറിന്റെ അഹ് ലുകാരും ( ഗുണവാന്മാർ) ആണെന്ന് നിരവധി തെളിവുകളുടെ അടിസ്ഥാനത്തിൽ ഇമാം സുയൂഥി ( റ ) , ഇബ്നു ഹജർ( റ ) പോലുള്ളവർ സ്ഥിരീകരിച്ചിട്ടുണ്ട്.
അൽഹാവീ ലിൽ ഫതാവാ 202 - 233 ,
അഫ്ളലുൽ ഖിറാ 1 -19 .

നബിമാരല്ലാത്ത എല്ലാ മഹാന്മാരുടെയും ഗുണവാന്മാരുടെയും പേരിൽ തർളിയത്തു ( റളിയല്ലാഹു..) ചൊല്ലലും തറഹ്ഹും ( റഹിമഹുല്ലാ..) ചൊല്ലലും സുന്നത്താണ്.
തുഹ്ഫ : 3 - 239.

❓ ജമാഅത്തായി നിസ്കരിക്കുന്നതിനിടെ തൊട്ടടുത്ത് നിസ്കരിക്കുന്ന ആള്‍ തലകറക്കം കാരണമോ മറ്റു ആരോഗ്യ പ്രശ്നത്താലോ താഴെ വീണാല്‍ വീണ ആളെ പരിപാലിക്കുന്നതാണോ നിസ്കാരം തുടരുന്നതാണോ ഉചിതം? ജുമുഅ നിസ്കാരത്തിലാണെങ്കിലോ?

✅ തീ പിടുത്തം പോലുള്ള അപകടം കണ്ടാല്‍ നിസ്കാരം ലഘുവാക്കണം. ആദരണീയ ജീവിയെ രക്ഷിക്കാൻ വേണ്ടി ഈ അവസരത്തില്‍ നിസ്കാരം ലഘുവാക്ക നിർബന്ധമാണ്‌. ആദരണീയ ജീവിയെ ലക്ഷ്യമാക്കി ഒരു അക്രമി വരുന്നത് കണ്ടാല്‍ അല്ലെങ്കിൽ അത് മുങ്ങി നശിക്കുമെന്ന് കണ്ടാല്‍ അതിനെ രക്ഷിക്കണം. ഇതിന് വേണ്ടി നിസ്കാരം പിന്തിക്കലും നിസ്കാരത്തിലാണെങ്കിൽ അതു മുറിക്കുകയും ചെയ്യൽ നിർബന്ധമാണ്‌.
നിങ്ങള്‍ ചോദിച്ച പ്രകാരം നിങ്ങള്‍ നിസ്കാരം ഉപേക്ഷിക്കാത്ത പക്ഷം അയാളുടെ ജീവന്‍ അപകടത്തിലാകുമെങ്കിൽ നിസ്കാരം ഉപേക്ഷിക്കൽ നിർബന്ധമാണ്‌.
(ഫത്ഹുൽ മുഈൻ പേജ് 118
തുഹ്ഫ 2-261 നോക്കുക.)

❓ഞാന്‍ സാധാരണ ജോലി ചെയ്യുന്ന ഒരു സാധാരണക്കാരനാണ്. എന്നാൽ എനിക്ക് സമയത്ത് തന്നെ നിസ്കരിക്കാൻ കഴിയുന്നില്ല.
കൂടുതല്‍ ദിവസങ്ങളിലും നമസ്കാരം ഖളാ ആക്കുന്നു എനിക്ക് വല്ല മാർഗമുണ്ടോ?

✅ നിസ്കാരം ഇസ്‌ലാമിൻറ്റെ പഞ്ച സ്തംഭങ്ങളിൽ പെട്ടതും ഒരു നിലക്കും വിട്ടു വീഴ്ചയില്ലാത്തതുമായ ഇബാദത്താണ്.
ബുദ്ധി സ്ഥിരത നില നിൽക്കുന്ന കാലത്തോളം നിസ്കാരം ഒഴിവാക്കാന്‍ ഒരു മാർഗ്ഗവുമില്ല.
ഉറക്കം, മറവി പോലുള്ള കാരണം കൊണ്ടല്ലാതെ നിസ്കാരം ഖളാആക്കാൻ വകുപ്പില്ല.
ഫത്‌ഹുൽ മുഈൻ പേജ് 6 നോക്കുക

ജോലി ചെയ്യുന്ന നിങ്ങള്‍ ഭക്ഷണം കഴിക്കാനും മറ്റും സമയം കണ്ടെത്താറുണ്ടല്ലോ?
അത് പോലെ നിസ്കാരത്തിന് വേണ്ടിയും അൽപ്പ സമയം നിർബന്ധമായും കണ്ടെത്തണം.

ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

No comments:

Post a Comment