Thursday, May 9, 2019

അല്‍കഹ്ഫ്: മഹത്വവും പ്രതിഫലവും

*🌹അല്‍കഹ്ഫ്: മഹത്വവും പ്രതിഫലവും🌹*

💥വിശുദ്ധ ഖുര്‍ആനിലെ പതിനെട്ടാമത്തെ സൂറത്താണ് സൂറത്തുല്‍ കഅ്ഫ്. 110 ആയത്തുകള്‍ ഉള്‍ക്കൊള്ളുന്ന ഈ സൂറത്തിന്റെ മഹത്വവും പ്രാധാന്യവും വിവരിക്കുന്ന നിരവധി തിരുവചനങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. ഓരോ വെള്ളിയാഴ്ചയും ഈ സൂറത്ത് മൂന്നാവര്‍ത്തി ഓതല്‍ സുന്നത്തായതുതന്നെ ഇതിന്റെ മാഹാത്മ്യത്തെക്കുറിക്കുന്നു. വെള്ളിയാഴ്ച രാവും പകലും ഇത് പാരായണം ചെയ്യല്‍ സുന്നത്താണ്. അല്‍ കഅ്ഫ് പകല്‍ സമയം പാരായണം ചെയ്യുന്നതാണ് ശ്രേഷ്ടത. ജുമുഅ:യും പള്ളിയിലെ ജമാഅത്തും സ്ത്രീകള്‍ക്കില്ലെങ്കിലും അല്‍ കഅ്ഫ് ഓതല്‍ അവര്‍ക്കും സുന്നത്താണ്. സംഭവ ബഹുലമായ മൂന്ന് ചരിത്ര സത്യങ്ങള്‍ ഈ സൂറത്ത് പരാമര്‍ശിക്കുന്നുണ്ട്. അചഞ്ചലമായ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നതിന്റെയും ത്യാഗപൂര്‍ണ്ണമായ വിജ്ഞാന സമ്പാദനത്തിന്റെയും ജനസേവനത്തിന്റെയും ഉദാത്ത പാഠങ്ങളാണ് ഈ പരിശുദ്ധ ചരിത്ര കഥകള്‍ പ്രതിപാധിക്കുന്നത്. ഈ സൂറത്തിന്റെ പ്രത്യേക മഹത്വങ്ങളും പാരായണം ചെയ്താലുള്ള പ്രയോജനങ്ങളും തുടര്‍ന്നും വായിക്കുക.

റഹ്മത്തിന്റെ മലക്കുകളുടെ സാന്നിധ്യം
അല്‍ബറാഅ് (റ) പറയുന്നു. ഒരാള്‍ സൂറത്തുല്‍ കഅ്ഫ് പാരാണം ചെയ്യുന്ന സന്ദര്‍ഭത്തില്‍ മേഘത്തിനോട് സാമ്യമുള്ള ഒരു പ്രത്യേക നിഴല്‍ തന്റെ തലക്കുമുകളില്‍ പ്രത്യക്ഷപ്പെട്ട് അത് അടുത്തടുത്ത് വന്നുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ തന്റെ സമീപത്ത് രണ്ട് കയറുകളില്‍ കെട്ടിയടപ്പെട്ടിരുന്ന കുതിര ചാടാന്‍ തുടങ്ങി. അടുത്ത പ്രഭാതമായപ്പോള്‍ അദ്ദേഹം നബ(സ്വ)യെ സമീപിച്ച് വിഷയം പറഞ്ഞു. അപ്പോള്‍ തിരുനബി(സ്വ) ഇങ്ങനെ പറഞ്ഞു. ഖുര്‍ആന്‍ പാരായണം കാരണമായി വാനലോകത്തുനിന്ന് ഇറങ്ങിവന്ന കാരുണ്യത്തിന്റെ മലക്കുകളാണിത്. (ബുഖാരി-മിശ്ഖാത്ത് 184) ഈ സംഭവത്തോട് സമാനമായ മറ്റൊന്ന് സൂറത്തുല്‍ ബഖറയിലും വിവരിച്ചിട്ടുണ്ട്.

ദജ്ജാലിന്റെ ഭീകരതയില്‍ നിന്നുള്ള മോചനം
അവസാന നാളില്‍ വിശ്വാസികള്‍ നേരിടേണ്ടിവരുന്ന അതിഭയാനകമായ വിപത്തുകളില്‍ പെട്ടതാണ് ദജ്ജാലിന്റെ ആഗമനം. നല്ലമനുഷ്യരെ വഴിതെറ്റിക്കാനുള്ള കഠിന ശ്രമങ്ങള്‍ ദജ്ജാലില്‍ നിന്നുണ്ടാവും. ദജ്ജാലിന്റെ ഫിത്‌നയില്‍ നിന്നും രക്ഷ പ്രാപിക്കാന്‍ അഞ്ച് നേരത്തെ ഫര്‍ള് നിസ്‌കാരത്തിന് ശേഷവും ഒടുവിലത്തെ അത്തഹിയാത്തില്‍ ദുആ ചെയ്യണമെന്ന് പ്രത്യേകം പഠിപ്പിച്ചത് അവന്റെ ഭീകരതയുടെ ഭയാനകതയെ സൂചിപ്പിക്കുന്നു.
വെള്ളിയാഴ്ച ദിനങ്ങളില്‍ ഈ സൂറത്ത് ഓതുന്നത് പ്രത്യേകം സുന്നത്താണ്. ജുമുഅക്ക് പോകുന്ന പുരുഷന്മാര്‍ക്കു മാത്രമല്ല വീട്ടില്‍ ഇരിക്കുന്ന സ്ത്രീകള്‍ക്കും സുന്നത്താണ്. നബി (സ) പറഞ്ഞു.”വെള്ളിയാഴ്ച ദിവസം ഒരാള്‍ സൂറത്തുല്‍കഹ്ഫ് ഓതിയാല്‍ രണ്ടു വെള്ളിയാഴ്ചക്കിടയിലെ സമയങ്ങളത്രയും അവന്റെ ഹൃദയവും ഖബറും പ്രകാശിക്കുന്നതാണ്.”(ബൈഹഖി- മിര്‍ഖാത് -2-605)
ഇബ്‌നു അബ്ബാസ്(റ), അബൂഹുറൈറ(റ) എന്നിവര്‍ ഉദ്ദരിക്കുന്നു. ”വെള്ളിയാഴ്ച രാത്രിയോ പകലോ സൂറത്തുല്‍ കഹ്ഫ് പാരായണം ചെയ്യുന്നവന് അവന്‍ ഓതുന്ന സ്ഥലത്തുനിന്ന് തുടങ്ങി വിശുദ്ധ മക്കവരെ വ്യാപിക്കുന്ന പ്രകാശം നല്‍കപ്പെടും. ഒരു വെള്ളിയാഴ്ച മുതല്‍ അടുത്ത വെള്ളിയാഴ്ച വരെ പാപമോചനം ലഭിക്കും. എഴുപതിനായിരം മലക്കുകള്‍ പ്രഭാതം വരെ അവനു വേണ്ടി ദുആ ചെയ്തു കൊണ്ടിരിക്കും. രോഗവിപത്തുകളില്‍ നിന്ന് മുക്തി ലഭിക്കും. വെള്ളപ്പാണ്ട്, കുഷ്ഠം ശ്വാസകോശ രോഗം തുടങ്ങിയ രോഗങ്ങളില്‍ നിന്നും ദജ്ജാലിന്റെ ഭീകരതയില്‍ നിന്നും സുരക്ഷ ലഭിക്കും”. (ഇഹ്‌യാ 1-193)

ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
*🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه🌹*

Wednesday, May 8, 2019

*ഫർളു ഖളാഉളളവന്റെ ദിക്ർ- സ്വലാത്ത് ?:*


*🌟റമളാൻ മസ്‌അലകൾ *

*ഫർളു ഖളാഉളളവന്റെ ദിക്ർ- സ്വലാത്ത് ?:*

*❓ചോദ്യം:* ഫർളു നമസ്കാരങ്ങൾ ഖളാ വീട്ടാതുളള സുന്നത്തു നമസ്കാരം ഹറാമാണല്ലോ. എന്നാൽ ദിക്റ്, സ്വലാത്ത് എന്നിവ ചൊല്ലുന്നതിന്റെ വിധിയെന്ത്?

*✅ഉത്തരം:* കാരണം കൂടാതെ നഷ്ടപ്പെട്ട ഫർളു നമസ്കാരങ്ങൾ ഖളാഅ് വീട്ടാനുളളവൻ, നിർബന്ധമായ ചെലവിനു വേണ്ടി ദണ്ഡിക്കൽ, ഉറക്കം പോലുളള അനിവാര്യാവശ്യങ്ങൾക്കല്ലാതെ മറ്റെന്തിനു വിനിയോഗിക്കുന്ന സമയവും പ്രസ്തുത ഫർളു നമസ്കാരം ഖളാഅ് വീട്ടുവാൻ വേണ്ടി വിനിയോഗിക്കൽ നിർബന്ധമാണ്. ഇതിന്നല്ലാതെ സുന്നത്തോ അനുവദനീയമോ ആയ മറ്റെന്താവശ്യത്തിനു വേണ്ടി സമയം കളയുന്നതും അയാൾക്കു കുറ്റകരമാണ്. തത്സമയം പ്രവർത്തിച്ചില്ലെങ്കിൽ നഷ്ടപ്പെട്ടു പോകുന്ന മറ്റു ഫർളായ കാര്യങ്ങൾക്കു വേണ്ടി മാത്രമേ ഇയാൾ സമയം ചെലവഴിക്കാൻ പാടുളളൂ. ഇതാണു നിയമം. തുഹ്ഫ: 1-440.

ഇതല്ലാതെ സുന്നത്തായ നമസ്കാരങ്ങൾ മാത്രം ഹറാമാകുമെന്നും മറ്റേതു കാര്യങ്ങളും കളികളും അയാൾക്കു നിർവഹിക്കാമെന്നും ഒരു നിയമമില്ല. അങ്ങനെ പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്.
      

*നോമ്പിനു പറ്റിയ ആഹാര രീതികൾ*

*നോമ്പിനു പറ്റിയ ആഹാര രീതികൾ* :

11 മാസത്തെ ആഹാരജീവിത രീതികൊണ്ട്‌ നമ്മുടെ ശരീരത്തിനുണ്ടായ കേടുപാടുകൾ പരിഹരിക്കുകയും, വരുന്ന 11 മാസത്തേക്ക്‌ നമ്മുടെ ശരീരത്തെ ആരോഗ്യ സജ്ജമാക്കുകയും ചെയ്യുക എന്നതാണ്‌ നോമ്പിന്റെ ആരോഗ്യ മാനം‌.

പ്രകൃതിയോടും ദൈവത്തോടും അടുത്തുവസിക്കുക എന്നാണ്‌ ഉപവസിക്കുക (നോമ്പ്‌) എന്നതിന്നർത്ഥം. ഉപവാസസമയത്ത്‌ ശരീരത്തിലെ 'രോഗകോശങ്ങളെ' ശരീരം സ്വയം ഇല്ലായ്മ ചെയ്തു കൊണ്ട്‌, മാരകരോഗങ്ങളിൽ നിന്ന് ‌നമ്മെ രക്ഷിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്‌. ഈ കണ്ടെത്തെലിനാണു 2016 ൽ ജപ്പാൻകാരനായ Yoshinori Ohosumi ക്കു നോബൽ സമ്മാനം ലഭിച്ചത്‌.

എല്ലാ മതങ്ങളിലും വ്യത്യസ്ഥമായ രീതിയിൽ ഉപവാസം ഉണ്ട്‌. എന്നാൽ കാലം പിന്നിട്ടപ്പോൾ ഉപവാസത്തിന്റെ ലക്ഷ്യത്തെ തകിടം മറിക്കുന്ന
ആഹാര രീതികളാണു ജനങ്ങൾ പലപ്പോഴും സ്വീകരിക്കുന്നത്‌. അതുകൊണ്ട്‌‌ നോമ്പ്‌ കഴിയുന്നതോടെ പലരും രോഗികളായി മാറുന്ന സ്ഥിതിയുണ്ട്‌.

*നോമ്പിൽ സ്വീകരിക്കാവുന്ന ആഹാര രീതികൾ*:-

1) രാവിലെ മുതൽ വൈകീട്ട് വരെ ദൈർഘ്യമേറിയ ഉപവാസം അവസാനിപ്പിക്കുമ്പോൾ‌ എളുപ്പം ദഹിക്കാവുന്ന ആഹാരമാണു നല്ലത്‌. ഉദാ: കാരക്ക / പച്ചവെള്ളം / ഇളനീർ / പഴങ്ങൾ എന്നിവ.

പഴങ്ങൾക്ക്‌ ഒപ്പം എണ്ണയിൽ പൊരിച്ചത്‌‌, മറ്റു വേവിച്ച അഹാരങ്ങൾ‌‌ എന്നിവ കഴിക്കാതിരിക്കുക. പഞ്ചസാര കലർത്തിയ പാനീയങ്ങളായ‌ ജ്യൂസ്‌, സർബത്ത്‌, ചായ, കാപ്പി എന്നിവ ദോഷകരമാണ്. തിളപ്പിച്ച വെള്ളം ഗുണമില്ല. ജ്യൂസിനെക്കാ‌ൾ നല്ലത്‌ പഴങ്ങൾ നേരിട്ട്‌ കഴിക്കുന്നതാണ്‌.

2) അടുത്ത ആഹാരം ഒരു മണിക്കൂർ കഴിഞ്ഞ്‌ മതി (മഗ്‌രിബ്‌ നിസ്കാര ശേഷം) അപ്പോഴും നല്ലത്‌ പഴങ്ങൾ തന്നെ.

എന്നാൽ വേവിച്ച ആഹാരം വേണമെന്നുള്ളവർ മൈദ കൊണ്ടുള്ള ആഹാരം, തവിടില്ലാത്ത അരി കൊണ്ടുള്ള ആഹാരം, ബ്രോയിലർ ചിക്കൻ എന്നിവ പൂർണ്ണമായി ഒഴിവാക്കുക. എണ്ണയിൽ വറുത്തത്‌ നോമ്പുകാരനു ദോഷം ചെയ്യും. അതുകൊണ്ട്‌ അവ പൂർണ്ണമായി ഒഴിവാക്കുകയോ തീരെ കുറക്കുകയോ ചെയ്യുക. ഇറച്ചിയും മീനും 11 മാസം അടിച്ചു പൊളിച്ചു തിന്നവർക്കു ഈ ഒരു മാസ‌മെങ്കിലും അവ ഒഴിവാക്കാവുന്നതാണ്‌. മാംസം നിർബ്ബന്ധമെങ്കിൽ അളവു നന്നായി കുറക്കുക. കൂടെ ധാരാളം പച്ചക്കറികളും ഇലക്കറികളും കഴിച്ചു കൊണ്ട്‌ നാരുകളുടെ കുറവു നികത്തുക. നാരുകളുടെ കുറവു കൊണ്ടാണു മലബന്ധം‌, മുടികൊഴിച്ചിൽ, കാഴ്ച്ചക്കുറവ്‌, പല്ലുവേദന, തണ്ടെല്ലുവേദന, പ്രമേഹം, മുതൽ കാൻസർ വരെയുള്ള മിക്ക രോഗങ്ങളും ഉണ്ടാകുന്നത്‌.

പുളിപ്പിച്ച ആഹാരം നല്ലതല്ല. വേവിച്ച അഹാരങ്ങൾക്ക്‌ ഒപ്പം പഴങ്ങൾ, വെള്ളം എന്നിവ കഴിക്കാതിരിക്കുക. ഉപ്പിന്റെയും എരുവിന്റെയും എണ്ണയുടെയും അംശം കുറച്ചാൽ
ആഹാരത്തോടൊപ്പമുള്ള വെള്ളംകുടിക്കൽ ഒഴിവാക്കാൻ കഴിയും.

3) ഇഷാ നിസ്കാര ശേഷം ആഹാരം പാടില്ല. കാരണം നേരത്തെ കഴിച്ച ആഹാരം തന്നെ ദഹിക്കാൻ സമയമായിട്ടില്ല. അതിനു മീതെ വീണ്ടും ആഹാരം ചെല്ലുന്നത്‌ ദോഷമാണ്‌. എനാൽ പച്ചവെള്ളം എത്രയും ആകാം.

4) അത്താഴത്തിനു കഴിയുമെങ്കിൽ വേവിക്കാത്ത ആഹാരം തന്നെ കഴിക്കുന്നതാണു ഗുണം. പഴങ്ങൾ/നാളികേരം / ഈത്തപ്പഴം.

ഇനി വേവിച്ച ആഹാരം കഴിക്കണമെന്നുള്ളവർ മുകളിൽ സൂചിപിച്ച പോലെ കഴിക്കുക.

മേൽപറഞ്ഞ പ്രകാരം റമദാനിൽ ആഹാരം പരമാവധി 3 നേരമാക്കി കുറക്കുക. അതിൽ 1 നേരം മാത്രം വേവിച്ചതും ബാക്കി 2 നേരം വേവിക്കാത്തതുമാണ്‌ (പഴ‌ങ്ങൾ/സാലാഡുകൾ) നല്ലത്‌. ഇടക്കിടക്ക്‌ എന്തെങ്കിലും എടുത്തു തിന്നുന്ന ശീലം ഒഴിവാക്കുക.

ഒരു കാരണവശാലും ആഹാരം കൊണ്ട്‌ വയർ നിറക്കരുത്‌. 'വയറിന്റെ മൂന്നിൽ ഒന്ന് മാത്രം ഭക്ഷണം, മൂഞ്ഞിലൊന്ന് വെള്ളം, മൂന്നിലൊന്ന് വായു' എന്ന് ഉപദേശിച്ച മതത്തിന്റെ ഏറ്റവും പുണ്യമുള്ള മാസമാണ്‌ റമദാൻ. നിറയ്ക്കുന പാത്രത്തിൽ ഏറ്റവും മോശം നമ്മുടെ വയറാണെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്‌. വയർ നിറഞ്ഞാൽ ക്ഷീണം കൂടും. ആരാധനകൾക്ക് ഉന്മേഷം കുറയും. ‌

പകൽ ആഹാരം കഴിക്കാൻ പറ്റാത്തതിന്റെ പ്രതികാരമെന്ന നിലക്കാണു നോമ്പ്‌ തുറന്നാൽ ചിലർ പെരുമാറുന്നത്‌.
വിഷപ്പിന്റെ വിലയെന്തെന്ന് മനസ്സിലാക്കാനും, പട്ടിണിപ്പാവങ്ങളുടെ വിഷമതകൾ അറിയാനും നോമ്പ്‌ നമ്മെ പ്രാപ്തമാക്കണം. അതുകൊണ്ട്‌ മറ്റു മാസങ്ങളെ അപേക്ഷിച്ച്‌ നോമ്പിന്റെ മാസത്തിൽ ആഹാരത്തിന്റെ അളവു ഗണ്യമായി ‌കുറയണം. അതുമൂലം സാമ്പത്തിക ചിലവും കുറയണം. മറിച്ചാണു സംഭവിക്കുന്നത്‌ എങ്കിൽ നോമ്പിന്റെ ചൈതന്യം നഷ്ടമാകും.

ഈ കാര്യങ്ങൾ ഉൽബോധനം ചെയ്യേണ്ടത്‌ 'മോഡേൺ മെഡിസിൻ'  എന്ന് സ്വയം കരുതുന്ന ആരോഗ്യ പ്രവർത്തകരുടെ ബാധ്യതയാണ്‌‌. എന്നാൽ ആരോഗ്യ രംഗം ഇന്ന് വ്യവസായമായി മാറിയിട്ടുണ്ട്‌. ജനങ്ങൾക്ക്‌ രോഗമില്ലാതായാൽ അവർക്ക്‌ ഗുണമൊന്നുമില്ല. മറിച്ച്‌ ദോഷമാണ്‌. ഒരാൾ രോഗവിമുക്തി കൈവരിച്ചാൽ അവർക്ക്‌ ഒരു ക്ലൈന്റ്‌ നഷ്ടമാകുകയാണ്‌. അതുകൊണ്ട്‌ നമ്മുടെ ആരോഗ്യം നമ്മൾ തന്നെ സംരക്ഷിക്കേണ്ടി വരുന്നു.