Tuesday, March 5, 2019

മരണത്തെ ഓര്‍ക്കുക ഒരു നിമിഷം

🌹മരണത്തെ ഓര്‍ക്കുക ഒരു നിമിഷം🌹



💥നാം എല്ലാവരും എത്ര ഖബറിടങ്ങള്‍ സന്ദര്‍ശിച്ചിരിക്കുന്നു. അത് പോലെ തന്നെ എത്രയെത്ര മയ്യത്തുകള്‍ കണ്ടിരിക്കുന്നു. അപ്പോഴെങ്കിലും ഓര്‍മിചിട്ടുണ്ടോ നാളെ ആ മയ്യത്തിന്റെ സ്ഥാനത്ത് അല്ലെങ്കില്‍ ഖബറില്‍ കിടക്കേണ്ടത് ഞാന്‍ ആണെന്ന്. വളരെ വിരളം പേര്‍ മാത്രേ അങ്ങനെ ചിന്തിച്ചു കാണൂ. ഇന്നല്ലെങ്കില്‍ നാളെ മരിക്കേണ്ട നാം എപ്പോഴും ഖബറിനെ പറ്റി ബോധവാന്‍മാരായിരിക്കണം.

ഒരാള്‍ മരിച്ചു കഴിഞ്ഞു അയാളെ ചുമന്നു കൊണ്ട് പോകുമ്പോള്‍ ഒരു നല്ല മനുഷ്യന്‍ ആണ്  ആ മരിച്ചതെങ്കില്‍ അയാള്‍ എന്നെ എത്രയും പെട്ടെന്ന് കൊണ്ട് പൊകൂ എന്ന് പറയും. നേരെ മറിച്ച് അയാള്‍ ഒരു ചീത്ത മനുഷ്യന്‍ ആണെങ്കില്‍ അയാള്‍ എന്നെ എങ്ങോട്ട് കൊണ്ട് പോകുന്നൂ...കൊണ്ട് പോകല്ലേ എന്ന്‍ പറഞ്ഞു കരയും. ഇത് മനുഷ്യര്‍ ഒഴികെയുള്ള എല്ലാ ജീവികളും ശ്രവിക്കുമെന്ന്‍ പണ്ഡിതന്മാര്‍ പറയുന്നു. മനുഷ്യര്‍ എങ്ങാന്‍ അത് കേട്ടിരുന്നെങ്കില്‍ അവര്‍ക്ക് ബോധക്ഷയം പോലും സംഭവിക്കാം.

ഒരു മയ്യത്ത് ഖബറില്‍ വെച്ച് കഴിഞ്ഞാല്‍ ആദ്യം സംഭവിക്കുക "ളര്തതുല്‍ ഖബര്‍" ആണ്. അതായത് ഖബറിന്റെ ഇറുകല്‍ ആകുന്നു. ഇത് ഖബറിലെ ശിക്ഷ അല്ല. ഏതൊരു മയ്യത്തും അനുഭവിക്കുന്ന ഒരു പ്രക്രിയ മാത്രമാണ്. മയ്യത്ത് മറമാടിയാല്‍ ഖബര്‍ മയ്യത്തിനോട് സംസാരിക്കും എന്നും നബി(സ) നമ്മെ പഠിപ്പിച്ചിരിക്കുന്നു. ഖബറിന്റെ ഇറുകല്‍ അയാളുടെ ഇഹത്തെ ആശ്രയിച്ചിരിക്കും. നല്ലവര്‍ക്ക് അത് ലോലവും ചീത്ത ആളുകള്‍ക്ക് അത് വളരെ പെട്ടെന്നും വാരിയെല്ലുകള്‍ തമ്മില്‍  കോര്‍ക്കുമാര്‍ അസ്സഹനീയവും ആയിരിക്കും. ഇതു അനുഭവിക്കാത്ത ഒരേ ഒരാള്‍ നബി(സ)യുടെ പോറ്റുമ്മ ഫാത്തിമ ബിന്‍ത് അസ്സദ്‌(റ) മാത്രമാണ്. കാരണം അവരുടെ മയ്യത്ത് മറമാടുമ്പോള്‍ നബി(സ) അങ്ങേയറ്റം ദുഖിതന്‍ ആയിരുന്നു. മാത്രമല്ല നബി(സ) അവരുടെ മയ്യത്ത് ഖബറില്‍ വെക്കുന്നതിനു മുന്പ് ഖബറില്‍ ഇറങ്ങുകയും അല്ലാഹുവിനോട് കരഞ്ഞു ദുആ ചെയ്യുകയും ചെയ്തിരുന്നു.


ളര്‍ത്തതുല്‍ ഖബറില്‍ നിന്ന് ആരെങ്കിലും രക്ഷപ്പെടുമായിരുന്നെങ്കില്‍ അത്  സഅദ് ഇബ്നു മുആദ് (റ) മാത്രം ആയിരിക്കുമെന്ന് നബി(സ) പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മരണ വാര്‍ത്ത‍ അറിഞ്ഞു അറ്ശു വരെ കുലുങ്ങിപ്പോയിട്ടുണ്ട്. അന്‍സ്വാറുകളുടെ നേതാവായ സഅദ്(റ)  അത്രയ്ക്ക് ധീരനായ പോരാളി ആയിരുന്നു. സഅദ്(റ) പോലും ഖബറിന്റെ ഇറുകല്‍ അനുഭവിച്ച വ്യക്തിയാണ്.

ഖബറിനെ പറ്റി ഓര്‍ക്കുമ്പോള്‍ പല സ്വഹാബുകളും ഭയക്കുകയും കരയുകയും ചെയ്തതായി നമുക്ക് കാണാം. ഉമര്‍(റ) എന്തിനെ പറ്റി പറഞ്ഞാലും പേടിക്കാത്ത ഒരു വ്യക്തി ആയിരുന്നു. എന്നാല്‍ ഖബറിനെ പറ്റി പറയുമ്പോള്‍ അദ്ദേഹം ഒരുപാട് കരയുമായിരുന്നു, ഖബറിലെ ശിക്ഷയെ കുറിച്ച് ഓര്‍ത്ത്. നരകം എന്നോ മയ്യത്ത് എന്നോ കേട്ടാല്‍ ഒരു കുലുക്കവും ഇല്ലാത്ത അദ്ദേഹം ഖബറിനെ വല്ലാതെ ഭയന്നിരുന്നു. കരച്ചില്‍ എന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ താടി രോമങ്ങള്‍ മുഴുവന്‍ നനയുമാര്‍ കരഞ്ഞിരുന്നു എന്ന്‍ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാക്കാം. അത് പോലെ തന്നെ അബൂബക്കര്‍ സിദ്ദീക്ക്(റ) ഒരിക്കല്‍ ഒരു മരം നോക്കി പറയുകയുണ്ടായി, "ഈ മരം ആയെങ്ങാന്‍ ജനിച്ചാ മതിയായിരുന്നു!" എന്ത് കൊണ്ടെന്നു ചോദിക്കപ്പെട്ടപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞു."ഈ മരത്തിനൊന്നും നാളെ പരലോകത്ത് വെച്ച് വിചാരണ ഇല്ലല്ലോ" എന്ന്. ആരാണ് ആ പറഞ്ഞതെന്ന് നാം ഓര്‍ക്കണം. ലോകത്തുള്ള എല്ലാ മുസ്ലിംകളുടെ ഈമാനും അബൂബക്കര്‍(റ)ന്റെ ഈമാനും തുലാസില്‍ തൂക്കി നോക്കിയാല്‍ അദ്ദേഹത്തിന്റെ ഈമാനാണ് ഖനം തൂങ്ങുക എന്ന് നബി(സ) പറഞ്ഞതാണ്. അവരുടെയൊക്കെ ഈമാനിന്റെ അചഞ്ചലതയും ശക്തിയുമാണ് ഇവിടെ വ്യക്തമാകുന്നത്. അതൊക്കെ വെച്ച് നോക്കുമ്പോള്‍ നമ്മുടെ സ്ഥിതി എന്താണ്?

പിന്നെ ഖബറില്‍ സംഭവിക്കുന്നതാണ് മുന്കര്‍ നകീര്‍(അ) എന്നീ മലക്കുകളുടെ ചോദ്യം ചെയ്യല്‍. മുന്കര്‍ നകീര്‍ എന്നിവരുടെ രൂപം വളരെ ഭയാനകവും ഭീതി ഉളവാക്കുന്നതുമാണെന്ന് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. കാലു വരെ മുടിയും പൂച്ചക്കണ്ണുകളും  അവരുടെ ഏകദേശം രൂപം മാത്രമാകുന്നു. നല്ല ഈമാനുള്ള ആളുകള്‍ക്ക് മാത്രമേ അവരുടെ ചോദ്യത്തിന് ശരിയായ രീതിയില്‍ ഉത്തരം നല്‍കാന്‍ കഴിയൂ. അല്ലാത്തവര്‍ക്ക് കഠിനകടോരമായ ശിക്ഷ ഖബറില്‍ തന്നെ ഉണ്ട്. ചോദ്യം ചെയ്യല്‍ ഏഴു മുതല്‍ നാല്‍പതു ദിവസം വരെ നീളാമെന്നു ഭിന്നാഭിപ്രായം ഉണ്ട്. ഖബറിലെ ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപ്പെടുകയാണെങ്കില്‍ നാളെ മഹ്ഷറയില്‍ അവന്‍ രക്ഷപ്പെട്ടവന്‍ ആണ്. ഖബറിലെ ചോദ്യത്തിന് ശരിയായി ഉത്തരം നല്‍കുകയാണെങ്കില്‍ അവന്‍ വിചാരണയുടെ നാള് വരെ ഒരു പുതുമണവാളനെ പോലെ ഉറങ്ങാന്‍ മലക്കുകള്‍ അനുവദിക്കും. അല്ലാത്ത പക്ഷം അവരെ ശിക്ഷിച്ചു കൊണ്ടേയിരിക്കും. നിസ്കാരം ഖളാ ആക്കുന്നവനെ ഒരു ഭീകരമായ സര്‍പ്പം കൊത്തിക്കൊണ്ടേ ഇരിക്കും.


നാം വളരെ നിസ്സരമാക്കുകയും എന്നാല്‍ ഖബറില്‍ വളരെ ഏറെ ഗൌരവം ഉള്ളതുമായ ഒരു കാര്യമാണ് നാം മൂത്രം ഒഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം. അവസാന തുള്ളി മൂത്രവും ഇറ്റു വീഴാതെ നാം തിരക്കിട്ട് എഴുന്നേല്‍ക്കരുത്. അതിനു ആണുങ്ങള്‍ വൃഷണങ്ങള്‍ക്ക് പിന്നില്‍ നിന്ന് മുമ്പിലേക്ക് മാര്‍ദവം ആയി മൂന്നു തവണ തടവുക, സ്ത്രീകള്‍ അവരുടെ ഗുഹ്യഭാഗത്തിന് അല്പം മുകളിലായും. അതിനു ശേഷം വേണം മനോഹരിക്കാന്‍. ഒരിക്കല്‍ നബി(സ) ഒരു ഖബറിന് അരികിലൂടെ നടന്നു പോകുമ്പോള്‍ ആ ഖബറില്‍ നിന്ന് ഭയങ്കരമായ നിലവിളികള്‍ ഉയരുന്നത് കേട്ടു. എന്നിട്ട് അവിടെ ഒരു ചെടി നട്ടിട്ടു പറഞ്ഞു "ഇതിന്റെ ഇലകള്‍ പൊഴിഞ്ഞു പോകുന്നത് വരെ ഈ ചെടി നിനക്ക് വേണ്ടി ഇസ്തിഗ്ഫാര്‍ ചൊല്ലട്ടെ." എന്ന്. ആ ഖബറിലെ വ്യക്തി മേല്‍ പറഞ്ഞ പ്രകാരം നിസ്സാരവല്ക്കരിച്ചത്  കൊണ്ടാണ് ശിക്ഷിക്കപ്പെട്ടത്.

നാം എല്ലാവരും മനസ്സിലാക്കണം. എന്താണ് നമ്മുടെ ഈമാനിന്റെ അവസ്ഥ? നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഒക്കെ നേര്‍ വഴിയിലാണോ? നിസ്കാരം ഖളാ ആക്കുന്നവന് ഇസ്‌ലാമില്‍ പട്ടിയുടെ സ്ഥാനം മാത്രമാണ്. നിസ്കാരം ഉപേക്ഷിച്ചവന് ആ സ്ഥാനം പോലും ഇസ്‌ലാം നല്‍കുന്നില്ല. തിരക്ക് പിടിച്ച ജീവിതത്തിനു ഇടയിലും നാം ഇപ്പോഴും ഖബരിനെ പറ്റി ഓര്‍ക്കണം. ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ എല്ലാവരും മരിച്ചു പോകാനുള്ളതാണ്. എന്ത് പ്രവര്‍ത്തി ചെയ്യുമ്പോളും നാം അല്ലാഹുവിനെ ഓര്‍ക്കുക. നല്ലത് മാത്രം പ്രവര്‍ത്തിക്കുക. ഖബര്‍ എന്നാ വീടാണ് ഏതൊരു മനുഷ്യന്റെയും അന്തിമ ഭവനം. അല്ലാഹു കാക്കട്ടെ.

ഖബറിലെ ശിക്ഷയില്‍ നിന്നും രക്ഷ നേടുവാന്‍ പണ്ഡിതന്മാര്‍ നിര്‍ദേശിക്കുന്ന സൂറത്തുകള്‍ ആണ് സൂറത്തുല്‍ മുല്‍ക്ക് (തബാറക്ക സൂറത്ത്) പിന്നെ സൂറത്തുല്‍ സജദയും. ഈ സൂറത്തുകള്‍ എന്നും രാത്രി പതിവാക്കിയാല്‍ അവര്‍ക്ക് ഖബര്‍  ശിക്ഷയില്‍ നിന്നും രക്ഷപ്പെടുവാന്‍ സാധിക്കുമെന്നു പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

ജമാഅത്തു നമസ്‌കാരത്തിന്റെ മഹത്വം

🌹ജമാഅത്തു നമസ്‌കാരത്തിന്റെ മഹത്വം🌹


💥 ഇബ്‌നു ഉമർ(റ) വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞു: ജമാഅത്തു (സംഘടിത) നമസ്‌കാരത്തിന് തനിച്ചു നമസ്‌കരിക്കുന്നതിനേക്കാൾ ഇരുപത്തിഏഴ് ഇരട്ടി പദവി കൂടുതലുണ്ട് (മുത്തഫഖുൻ അലൈഹി)

💥 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ)യുടെ അരികിൽ ഒരു അന്ധൻ വന്നുകൊണ്ടു പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേ(സ), എന്നെ പള്ളിയിലേക്ക് കൊണ്ടുപോകാൻ ഒരു വഴി കാട്ടിയില്ല, അതിനാൽ അങ്ങ് എനിക്ക് വീട്ടിൽവെച്ച് നമസ്‌കാരം നിർവ്വഹിക്കാൻ ഇളവ് അനുവദിക്കുമോ? അപ്പോൾ അവിടുന്ന് അദ്ദേഹത്തിന് ഇളവ് അനുവദിക്കുകയുണ്ടായി. എന്നാൽ അദ്ദേഹം തിരിഞ്ഞുപോകാൻ ആരംഭിച്ചപ്പോൾ അയാളെ വിളിച്ചു കൊണ്ട് ചോദിച്ചു. നീ ബാങ്ക് കേൾക്കാറുണ്ടോ ? ആഗതൻ ”അതെ” എന്ന് മറുപടി പറഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു. ”എങ്കിൽ നീ അതിന് ഉത്തരം ചെയ്യണം”.(മുസ്‌ലിം)

💥 ഇബ്‌നു മസ്ഊദ് (റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: യഥാർത്ഥ മുസ്‌ലിമായിക്കൊണ്ട് നാളെ അല്ലാഹുവിനെ കണ്ടു മുട്ടണമെന്ന് വല്ലവനും ആഗ്രഹിക്കുന്നുവെങ്കിൽ ബാങ്ക് വിളിക്കുന്ന സ്ഥലത്തു വെച്ച് അവൻ പതിവായി നമസ്‌കരിച്ചുകൊള്ളട്ടെ. നിശ്ചയം നിങ്ങളുടെ പ്രവാചകന്‍(സ) സൻമാർഗ്ഗം അല്ലാഹു കാണിച്ചു കൊടുത്തിരിക്കുന്നു. നിശ്ചയം നമസ്‌കാരം ആ സൻമാർഗ്ഗത്തിൽ പെട്ടതാണ്. നിയമ വിരുദ്ധമായി നമസ്‌കാരം വീട്ടിൽ വെച്ചു ചെയ്യുന്നപോലെ നിങ്ങളും സ്വന്തം വീടുകളിൽ വെച്ച് നമസ്‌കരിച്ചാൽ നബി(സ)യുടെ മാതൃക നിങ്ങൾ കൈവെടിഞ്ഞവരായിത്തീരും. നബി(സ)യുടെ മാതൃക നിങ്ങൾ കൈവെടിഞ്ഞാൽ നിശ്ചയം നിങ്ങൾ വഴിപിഴച്ചവരായി മാറും. നിശ്ചയം കാപട്യം കൊണ്ട് അറിയപ്പെട്ടവരല്ലാതെ ഞങ്ങളിൽ നിന്ന് ആരും ജമാഅത്ത് നമസ്‌കാരത്തിൽനിന്ന് പിന്തി നിൽകാറില്ലായിരുന്നു എന്ന് ഞാൻ ഓർക്കുന്നു. രോഗികളായാൽ പോലും ചിലർ രണ്ടാളുകളുടെ ചുമലിൽനയിക്കപ്പെട്ടുകൊണ്ടുവന്ന് നമസ്‌കാരത്തിന്റെ സ്വഫുകളിൽ നിർത്തപ്പെടാറുണ്ടാ യിരുന്നു.) മറ്റൊരു റിപ്പോർട്ടിലുള്ളത് നിശ്ചയം നബി(സ)ഞങ്ങളെ പഠിപ്പിച്ചിട്ടുളള സൻമാർഗ്ഗ ചര്യയിൽപെട്ടതണ്ടാണ് ബാങ്ക് വിളിക്കുന്ന പള്ളിയിൽവെച്ച് നമസ്‌കരിക്കുക എന്നത്. (മുസ്‌ലിം)

💥 അബുദ്ദർദാഅ്‌(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . സംഘടിതമായി നമസ്‌കാരം നിർവ്വഹിക്കാതെ ഗ്രാമത്തിലോ, നാടിൻപുറങ്ങളിലോ മൂന്നാളുകൾ ഉണ്ടാവുകയില്ല, അവരെ പിശാച് സ്വാധീനിച്ചിട്ടല്ലാതെ. അതിനാൽ നിങ്ങൾ സംഘടിതമായി നമസ്‌കാരം നിർവ്വഹിക്കണം. നിശ്ചയം ആട്ടിൻ പറ്റങ്ങളിൽ നിന്ന് ഒറ്റപ്പെടുന്ന ആടിനെയാണ്ചെന്നായ പിടികൂടുക (അബൂദാവൂദ്)

🍇 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞു: ജമാഅത്ത് നമസ്‌കാരത്തിനായി പ്രതീക്ഷിച്ചിരിക്കുന്നേടത്തോളം സമയവും നിങ്ങൾ നമസ്‌കാരത്തിലായിരിക്കും. കാരണം സ്വന്തം വീട്ടുകാരിലേക്ക് നിങ്ങൾ തിരിച്ചു പോകുന്നതിനു നിങ്ങൾക്ക് തടസ്സമായത് നമസ്‌കാരം മാത്രമല്ലാതെ മറ്റൊന്നുമായിരുന്നില്ല, (മുത്തഫഖുൻ അലൈഹി)

🍇 അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നിശ്ചയം നബി(സ) പറഞ്ഞു: നിങ്ങൾ വുളു നഷ്ടപ്പെടാത്ത നിലയിൽ നമസ്‌കാരം നിർവ്വഹിച്ചിരിക്കുന്ന സ്ഥലത്തായിരിക്കുമ്പോഴെല്ലാം മലക്കുകൾ നിങ്ങൾക്ക് വേണ്ടി ഇങ്ങിനെ പ്രാർത്ഥിച്ചു കൊണ്ടിരിക്കും. ”അല്ലാഹുവേ, അദ്ദേഹത്തിന് നീ കാരുണ്യം ചെയ്യേണമേ, ഇദ്ദേഹത്തിന് നീ പൊറുത്ത് കൊടുക്കേണമേ”, (ബുഖാരി)

♻ ബുറൈദ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ആരെങ്കിലും അല്ലാഹുവിനോടുള്ള നിർബന്ധബാധ്യതയായ നമസ്‌കാരം നിർവ്വഹിക്കുന്നതിനായി തന്റെ വീട്ടിൽ നിന്ന് വുളുചെയ്ത് ശുദ്ധിവരുത്തി അല്ലാഹുവിന്റെ ഭവനങ്ങളിൽ പെട്ട ഏതെങ്കിലും ഒരു പള്ളിയിലേക്ക് പുറപ്പെടുന്ന പക്ഷം അവന്റെ കാലടികൾ വെക്കുന്നതിനനുസരിച്ച് ഓരോ പാപങ്ങൾ ഉതിർന്നു പോവുകയും പദവികൾ ഉയർത്തപ്പെടുകയും ചെയ്യാതിരിക്കില്ല. (മുസ്‌ലിം)

♻ ഉബയ്യ് ബ്‌നു കഅബ് (റ)വിൽ നിന്ന് നിവേദനം: അൻസാറുകളിൽ പെട്ട ഒരാൾ പള്ളിയിൽ നിന്ന് വളരെ അകലത്തിലായിരുന്നു താമസിച്ചിരുന്നത്. എങ്കിലും അദ്ദേഹത്തിന് നമസ്‌കാരം നഷ്ടപ്പെടാറുണ്ടായിരുന്നില്ല. ഒരിക്കൽ അദ്ദേഹത്തോട് ഒരു കഴുതയെ വാങ്ങുവാനും രാത്രിയിലും മരുഭൂമിയിലുമെല്ലാം അതിനെ യാത്രക്ക് ഉപയോഗിക്കാമല്ലോ എന്നും പറയപ്പെട്ടു. അതിന് അദ്ദേഹം ഇങ്ങിനെ മറുപടി പറഞ്ഞു: എന്റെ വീട് പള്ളിയോട് ചേർന്നാവുന്നത് എനിക്കിഷ്ടമില്ല. ഞാൻ പള്ളിയിലേക്ക് പോകുന്നതും പള്ളിയിൽ നിന്ന് എന്റെ വീട്ടിലേക്ക് തിരിച്ചു വരുന്നതുമായ കാലടികളെല്ലാം രേഖപ്പെടുത്തപ്പെടണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇതറിഞ്ഞ പ്രവാചകൻ(സ) പറഞ്ഞു: അതെല്ലാം അല്ലാഹു താങ്കളിൽ സമ്മേളിപ്പിച്ചിരിക്കുന്നു. (മുസ്‌ലിം)

♻ അബൂമൂസ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: നമസ്‌കാരത്തിന് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നവർ അത് നിർവ്വഹിക്കാനായി ഏറ്റവും കൂടുതൽ ദൂരം നടന്നെത്തുന്നവരാണ്. ഇമാമിന്റെ കൂടെ നമസ്‌കരിക്കാൻ കാത്തിരിക്കുന്നവർക്കാണ് നമസ്‌കാരം നിർവ്വഹിച്ച് ഉറങ്ങുന്നവരെക്കാൾ പ്രതിഫലമുള്ളത്. (മുത്തഫഖുൻ അലൈഹ)

♻ ബുറൈദ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു: ജമാ അത്ത് നമസ്‌കാരത്തിൽ പങ്കെടുക്കാനായി ഇരുട്ടിൽ പള്ളികളിലേക്ക് നടന്നുപോകുന്നവർക്ക് അന്ത്യനാളിൽ സമ്പൂർണ്ണമായ പ്രകാശം ഉണ്ടായിരിക്കു മെന്ന് സന്തോഷവാർത്ത അറിയിക്കുക.(അബൂദാവൂദ്, തിർമുദി)

♻ അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) ചോദിച്ചു: പദവികൾ ഉയർത്തപ്പെടുകയും പാപങ്ങൾ മായ്ക്കപ്പെടുകയും ചെയ്യുന്ന കാര്യത്തെകുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടയോ? അപ്പോൾ അവർ പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേ(സ), അറിയിച്ചുതന്നാലും. അദ്ദേഹം പറഞ്ഞു: പൂർണ്ണമായി വുളുചെയ്യുക, പള്ളികളിലേക്ക് ധാരാളം കാലടികൾ വെക്കുക, ഒരു നമസ്‌കാരം കഴിഞ്ഞാൽ മറ്റൊരു നമസ്‌കാരത്തിനായി കാത്തിരിക്കുക. അതാണ് രിബാത്ത്. അതാണ് രിബാത്ത്. (അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള നിതാന്ത ജാഗ്രത) (മുസ്‌ലിം)

♻ അബൂഹുറൈറ(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: രാവിലേയോ വൈകുന്നേരമോ ഒരാൾ പള്ളിയിലേക്ക് പുറപ്പെട്ടാൽ ആ സമയത്തെല്ലാം അയാൾക്ക് വേണ്ടി അല്ലാഹു സ്വർഗത്തിൽ സൽക്കാരങ്ങൾ ഒരുക്കുന്നതാണ്. (മുത്തഫഖുൻ അലൈഹി)
ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

പുത്തനാശയം

🌹പുത്തനാശയം.🌹



💥 ഇസ്ലാമിലെ പൊതു ധാരയുമായി പൊരുത്തപ്പെടാത്ത ആശയങ്ങൾ.ഇസ്ലാമിൽ ഇല്ലാത്ത ഒരു കാര്യം ആരെങ്കിലും പുതുതായി കൊണ്ടുവന്നാൽ അത് തള്ളപ്പെടെണ്ടാതാണ്.(ബുഖാരി)

💥 പുത്തനാശയം നിമിത്തം മതപരിത്യാഗം സംഭവിക്കാത്തിടത്തോളം മുസ്ലിമിന്റെ അടിസ്ഥാന പരിഗണന ലഭ്യമാണെങ്കിലും അവന്റെ ആശയദർശങ്ങൾക്ക് അംഗീകാരമോ പ്രോത്സാഹനമോ ലഭിക്കത്തക്ക രീതിയിൽ സ്നേഹാദരവുകൾ പ്രകടിപ്പിക്കാനോ സഹവാസം പുലർത്താനോ പാടില്ല. പുത്തനാഷയക്കാരന് സലാം പറയരുത്. (തുഹ്ഫ : 9/220)

💥അവർ സലാം പറഞ്ഞാല മടക്കുകയുമാരുത്.

💥 മുസ്ലിംകളിൽ ഏറ്റവും വിവരം കുറഞ്ഞവന്  വല്ലതും വസ്വിയത്ത് ചെയ്താൽ അത് സ്വഹാബത്തിനെ ചീത്തപറയുന്നവർക്കാണ് നല്കേണ്ടത്.(ഫത്ഹുൽ മുഈൻ: 3/287)

💥 പുത്തൻ വാദം പ്രോത്സായിപ്പിക്കുന്ന സദസ്സിൽ അത് പ്രതിരോധിക്കാൻ സാധിക്കാത്തവൻ ഇരിക്കാൻ പാടില്ല.

💥 പുത്തനാഷയക്കാരനാവുകയോ പുത്തനാഷയക്കാരനോട് സഹകരിക്കുകയോ ചെയ്താൽ അവരുടെ മേല ശാപ്മുണ്ടാകും.(ബുഖാരി: മദീന: 1867)

ബിദ്അത്തിൽ നിന്ന് പിന്മാറുന്നത് വരെ പുത്തനാഷയക്കാരന്റെ കർമ്മങ്ങൾ സ്വീകരിക്കപ്പെടുകയില്ല.(ജാമിഉൽകബീർ: 1/132)

💥 പുത്തനാഷയക്കാരൻ ഹൗളുൽകൗസറിന്റെ സമീപത്തു നിന്ന് ആട്ടിയോടിക്കപ്പെടും.(ബുഖാരി: തഫ്സീർ 4740)

✅ പുത്തൻവാദിയോടു തുടരൽ.

ഇസ്ലാമിൽ നിന്ന് പുറത്തു പോകാത്ത പുത്തൻവാദിയോട് തുടർന്ന് നിസ്കരിക്കൽ സാധാരണക്കാർക്ക് കറാഹത്തും നല്ല ആളുകൾക്ക് നല്ല ആളുകൾക്ക് ഹറാമുമാണ്‌. ബർമാവി(റ) യെ ഉദ്ദരിച്ച് ബുജയ് രമി(റ) രേഖപ്പെടുത്തുന്നു: 


ويحرم على أهل الصلاح والخير الصلاة خلف الفاسق ، والمبتدع ونحوهما ؛ لأنه يحمل الناس على تحسين الظن بهم كما فى البرماوي.(حاشية البجيرمي: ٢٨٥/٣)

തെമ്മാടിയുടെയും പുത്തൻവാദിയുടെയും അവരെപോലോത്തവരുടേയും പിന്നിൽ നിന്ന് നിസ്കരിക്കൽ നല്ലവര്ക്ക് നിഷിദ്ദമാണ്. കാരണം നല്ലവർ അവരോട് തുടർന്ന് നിസ്കരിക്കുന്നത് അവരുടെ ആശയം ശരിയാണെന്ന് ജനങ്ങള് മനസ്സിലാക്കാൻ നിമിത്തമാവും. ബർമാവിയിൽ ഇത് കാണാവുന്നതാണ്. (ബുജയ് രിമി: 3/285- ഇക്കാര്യം അല്ലാമ ശർവാനി: 2/294 ൽ എടുത്തുദ്ദരിചിട്ടുണ്ട്.

💥 ഇബ്നുഹജർ(റ) പറയുന്നു: "പുത്തൻ വാദിയോടു തുടർന്ന് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമം തനിച്ച് നിസ്കരിക്കുന്നതാണ്". (തുഹ്ഫത്തുൽ മുഹ്താജ് :2/254)

"തുടരൽ കറാഹത്തായവരുടെ കൂടെയല്ലാതെ ജമാഅത്തായി നിസ്കരിക്കാൻ സൌകര്യപ്പെടുകയില്ലെങ്കിലും കറാഹത്ത് നീങ്ങുന്നതല്ല". (തുഹ്ഫ: 2/254)

"കറാഹത്ത് ജമാഅത്തിന്റെ ഭാഗത്തിലൂടെ വരുന്നതാനെങ്കിൽ ജമാഅത്തിന്റെ പ്രതിഫലത്തെ അത് നഷ്ടപ്പെടുത്തുന്നതാണ്. (തുഫ: 2/254)

അപ്പോൾ പുത്തൻ വാദിയോടു തുടരുന്നത് ജമാഅത്തുമായി ബന്ധപ്പെട്ട കറാഹത്തായത്കൊണ്ട്  ജമാഅത്തിന്റെ പ്രതിഫലത്തെ അത് നഷ്ടപ്പെടുത്തുമെന്നതാണ് ഇബ്നു ഹജറുൽ ഹൈതമി(റ) പ്രബലമാക്കിയ വീക്ഷണം.

എന്നാൽ തുടരൽ കറാഹത്തായവരുടെ പിന്നിൽ വെച്ചല്ലാതെ ജമാഅത്ത് ലഭിക്കാത്ത സാഹചര്യത്തിൽ അവരോട് തുടർന്നാൽ ജമാഅത്തിന്റെ  മഹത്വം ലഭിക്കുമെന്നും ഇത്തരുണത്തിൽ തനിച്ച് നിസ്കരിക്കുന്നതിനേക്കാൾ ഉത്തമം അവരോട് തുടർന്ന് നിസ്കരിക്കലാണെന്നും ഇമാം റംലി(റ)അഭിപ്രായപ്പെടുന്നുണ്ട്.(ശർവാനി:2/254)

✅ പുത്തൻവാദിയുടെ ഗ്രന്ഥം

പുത്തൻ വാദികളുടെ ഗ്രന്ഥങ്ങൾ വാങ്ങലും വിലക്കലും അസാധുവും ഹറാമുമാണ്‌. കാരണം നിഷിദ്ദമായ കാര്യങ്ങൾ പ്രതിപാദിക്കുന്ന കൃതികളാണവ. ഇബ്നു ഹജർ(റ) എഴുതുന്നു:

وكتب علم محرّم(تحفة المحتاج: ٢٣٩/٤)

നിഷിദ്ദമായ അറിവുകൾ പരമാർശിക്കുന്ന ഗ്രന്ഥങ്ങൾ വിൽക്കൽ നിഷിദ്ദമാണ്. (തുഹ്ഫ 4/239)

പ്രസ്തുത പരമാർശത്തെ അധികരിച്ച് അല്ലാമ ശർവാനി(റ) എഴുതുന്നു:

ولا يبعد أن يلحق بذالك كتب المبتدعة، بل قد يشملها قولهم ((وكتب علم محرم)) والله أعلم.(شرواني: ٢٣٩/٤)

പുത്തനാശയക്കാരുടെ ഗ്രന്ഥങ്ങളെയും അതോടു താരതമ്മ്യം ചെയ്യാവുന്നതാണ്‌. എന്ന്മാത്രമല്ല 'നിഷിദ്ദമായ അറിവുകൾ പരമാർശിക്കുന്ന ഗ്രന്ഥങ്ങൾ' എന്നാ കര്മ്മ ശാസ്ത്ര പണ്ഡിതന്മാരുടെ പ്രസ്താവന അതിനേയും കൂടി ഉള്കൊള്ളിക്കുന്നതാണ്.(ശർവാനി: 4/239)

✅ പുത്തൻവാദിക്ക് ഗ്രന്ഥം കൊടുക്കൽ.

ഖുർആൻ,തഫ്സീർ ,ഹദീസ് മഹാന്മാരുടെ ചരിത്രങ്ങൾ എന്നിവ ഉൾകൊള്ളുന്ന ഗ്രന്ഥങ്ങൾ കാഫിറിനു നല്കാൻ പാടില്ലെന്ന മസ്അലയെ അടിസ്ഥാനമാക്കി അല്ലാമ ശർവാനി(റ) എഴുതുന്നു: 

يؤخذ منه أنه يحرم تمليك ما فيه آثار الصحابة أو الأئمة الأربعة أو غيرهم من الفقهاء والصوفيين لمن يبغضهم من المبتدعين كالروافض والوهابيين بل أولى ؛ لأن إهانتهم أشد من إهانة الكفار.(شرواني : ٢٣٠/٤)

പ്രവാചകരു(സ) ടെ അനുചരൻമാരുടെയോ നാല് ഇമാമുകളുടെയോ മറ്റു ഫുഖഹാക്കളുടെയോ ചരിത്ര ഗ്രന്ഥം അവരോട് ക്രോധം വെച്ചുപുലർത്തുന്ന റാഫിളികൾ, വഹാബികൾ പോലെയുള്ള പുത്തനാശയക്കാർക്ക് നൽകൽ ഹറാമാണെന്ന് അതിൽ നിന്ന് മനസ്സിലാക്കാം. പുത്തനാശയക്കാർ അത്തരം ഗ്രന്ഥങ്ങളെ കാഫിർ പുച്ചിക്കുന്നതിനേക്കാൾ ഉപരി പുച്ചിക്കുന്നതിനാൽ എന്തായാലും അവര്ക്കത് നല്കാൻ പറ്റില്ല. (ശർവാനി: 4/230)


ഖുര്‍ആന്‍ പറയുന്നു നബിയേ അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വാസമുള്ള ആളുകള്‍ അല്ലാഹുവിനോടും റസൂലിനോടും ശത്രുത വെക്കുന്നവരെ ഇഷ്ടപ്പെടുകയില്ല. അവര്‍ പിതാക്കന്മാരയാലും, സന്താനങ്ങള്‍ ആയാലും, സഹോദരങ്ങള്‍ ആയാലും കുടുംബക്കാര്‍ ആയാലും ശരി ( മുജാധല 22) .

ഇ ആയതിന്റെ തഫ്സീരില്‍ പ്രമുഖ ഖുര്‍ആന്‍ മുഫസ്സിര്‍ ഇസ്മായീലുല്‍ ഹിഖില്‍ ബരൂസവി (റ) പറയുന്നു ഈ ശത്രുക്കള്‍ എന്നത് കൊണ്ട് ഉള്ള ഉദ്ദേശം മുനാഫിഖുകള്‍, പുത്തന്‍ വാദികള്‍, യഹൂദികള്‍, അക്രമികള്‍,ദോഷികള്‍എന്നിവരാണ്‌. (റൂഹുല്‍ ബയാന്‍ 9/412).

കാരണം ഇമാം റാസി പറയുന്നു അല്ലാഹുവിലുള്ള വിശ്വാസവും അല്ലാഹുവിന്റെ ശത്രുക്കലോടുള്ള സ്നേഹവും ഒരു മനസ്സില്‍ ഒരുമിക്കുകയില്ല. (റാസി 29/276).

ഇ ആയത്തില്‍ നിന്നും വഹാബികള്‍, രഫിളുകള്‍, പോലെയുള്ള പുത്തന്‍ വാദികള്‍ക്ക് സഹാബത്തിന്റെയോ മുജ്തഹിദുകളായ, ഇമാമുകളുടെയോ, സൂഫിയാക്കളുടെയോ ആസാരുകള്‍ കൈ മാറല്‍ ഹറാം ആണ്. അവര്‍ അതിനെ പുച്ച്ചിക്കുന്നവര്‍ ആയതുകൊണ്ട് (ശര്ര്‍വാനി 4/255)

💥 റൂഹുല്‍ ബയാന്‍ തഫ്സീരില്‍ പറയുന്നു ,

ഒരു പുത്തന്‍ ആശയക്കാരന്റെ നേര്‍ക്ക്‌ ആരെങ്കിലും ചിരിച്ചാല്‍ അള്ളാഹു അവന്റെ ഹൃദയത്തില്‍ നിന്ന് ഈമാന്‍ന്റെ പ്രകാശം എടുത്തു കളയുന്നതാണ്. (റൂഹുല്‍ ബയാന്‍ 9/412).

അനസ്‌ (റ) പറയുന്നു ,നബി (സ) തങ്ങള്‍ ജനത്തോട് പറഞ്ഞു എന്റെ സഹാബത്തിനെ നിങ്ങള്‍ ആക്ഷേപിക്കരുത്, കാരണം നിശ്ചയം അവസാന കാലത്ത് സഹാബത്തിനെ ആക്ഷേപിക്കുന്ന ഒരു കൂട്ടം ആളുകള്‍ പ്രത്യക്ഷപ്പെടും, അവര്‍ക്ക് രോഗം ബാധിച്ചാല്‍ നിങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകരുത്, അവര്‍ മരിച്ചു പോയാല്‍ നിങ്ങള്‍ സംബന്ധിക്കരുത്,അവര്‍ക്ക് നിങ്ങള്‍ ആനന്ദരവകാശം കൊടുക്കരുത്, അവര്‍ക്ക് നിങ്ങള്‍ സലാം പറയുകയോ അവരുടെ മേല്‍ മയ്യിത്ത്‌ നിസ്കരിക്കുകയോ ചെയ്യരുത്. (താരീക് ഇബ്നു അസാക്കിര്‍ 4/369).

സുന്നി സ്ത്രീകള്‍ക്ക് ബിദുഅത്ത് കാരന്‍ അനുയോജ്യനല്ല. (മഹല്ലി 3/235)

ബിദ്അത്ത് കാരനോട് സലാം പരയാതിരിക്കല്‍ ആണ് സുന്നത്ത്.അവന്‍ പറഞ്ഞാല്‍ നാം മടക്കേണ്ടതും ഇല്ല. (ഫത്ഹുല്‍ മുഈന്‍ 465) .

നിസ്ക്കാരത്തില്‍ പുത്തന്‍ വാദികളെ തുടരല്‍ കറാഹത്ത് ആണ്. ഫര്‍ള് ,ശര്ത്തുകള്‍ നഷ്ടപ്പെടുത്തുന്നവനെ തുടര്‍ന്നാല്‍ നിസ്കാരം സാധുവാകുകയില്ല .(തുഹ്ഫ 2/294)

ആളുകളെ അളന്ന് തൂക്കും മുമ്പ്

🌹ആളുകളെ അളന്ന് തൂക്കും മുമ്പ്🌹



💥നിങ്ങളെ പറ്റി വേറൊരാളോട് താഴെ പറയുന്ന നാലാലൊരു കാര്യമാണ് പറയുന്നതെന്ന് വിചാരിക്കുക.

1) സാമ്പത്തികം ക്ലിയറല്ല, അടുത്തു പോവല്ലേ

2) വെറും ചൂടനാണ്, വെറുതെ പൊട്ടിത്തെറിക്കും

3) പെരുമാറ്റം പോരാ, എല്ലാവരുമായും തെറ്റും

4) ആളുകൊള്ളാം, ശുദ്ധന്‍, നിഷ്‌കളങ്കന്‍

✅ഇതില്‍ ആദ്യത്തെ മൂന്നെണ്ണം വായിക്കുന്ന നേരത്ത് നിങ്ങളുടെ മുഖം കോടുന്നതും ചുളുങ്ങുന്നതും പുളിക്കുന്നതും എനിക്ക് കാണാം, മനസ്സിലാക്കാം. എന്ന പോലെ വായന നാലിലെത്തുമ്പോള്‍ നിങ്ങളുടെ മുഖത്ത് വെയില്‍ പരക്കുന്നതും ഹൃദയത്തില്‍ ലഡുപൊട്ടുന്നതും എനിക്ക് കേള്‍ക്കാം, അറിയാം. മേല്‍പ്പറഞ്ഞതില്‍ ഏത് പ്രസ്താവന കൊണ്ടായിരിക്കും നിങ്ങളുടെ പരിചയക്കാര്‍ നിങ്ങളെ പറ്റി മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്നത് എന്നൊക്കെ ചോദിച്ച്, ‘ഇങ്ങനെയൊന്നും പോരാ, സ്വഭാവമൊക്കെ ഇത്തിരി നന്നാക്ക്’ എന്ന രൂപത്തിലുള്ള ഒരു തളിരിലയെഴുത്തായിരിക്കും ഇതെന്ന് അധിക പേരും കരുതിക്കാണുമെന്ന് ഞാന്‍ മോഹിക്കുന്നു. എങ്കില്‍ പറയാന്‍ പോകുന്ന വിഷയമേ അതല്ല.!

❓ഒരാളിലൂടെ മറ്റൊരാളെ പറ്റി നിങ്ങള്‍ എന്തോ ഒന്ന് കേട്ടു. എന്നിട്ട് ആ പറയപ്പെട്ട ആളെ നിങ്ങള്‍ നേരിട്ട് കണ്ടു. എന്നാല്‍ നിങ്ങള്‍ക്ക് അയാളോടുള്ള സമീപനത്തില്‍ മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായ വല്ല സമീപനവും ഉണ്ടാവുമോ, ഇല്ലേ? ഒരാളോ രണ്ടാളോ അല്ലെങ്കില്‍ ഒരു കൂട്ടമാളുകളോ ഒരാളെ പറ്റി മോശമായി വല്ലതും പറയുന്നത് കേള്‍ക്കുക വഴി പ്രസ്തുത ആളെ പറ്റി മോശം ധാരണ വെച്ചുപുലര്‍ത്തുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടോ? പോട്ടെ, മറ്റാരും ഒന്നും പറയാതെ തന്നെ, നിങ്ങള്‍ക്ക് ഏതെങ്കിലും ആളുകളോട് ഇഷ്ടക്കേടും മതിപ്പുകമ്മിയും ഉണ്ടായിട്ടുണ്ടോ? കൃത്യമായ വിശകലനമോ ഖണ്ഡിതമായ തെളിവുകളോ കൂടാതെ ഉടുപ്പും നടപ്പും കണ്ടിട്ട്, ആളുകള്‍ പറയുന്നതും പെരുമാറുന്നതും കണ്ടിട്ട് നിങ്ങള്‍ ആരെക്കുറിച്ചെങ്കിലും തെറ്റായ ധാരണ മനസ്സില്‍ വെച്ച് നടക്കുന്നുണ്ടോ?

✅ വിശദീകരണത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഗൗരവമേറിയ രണ്ട് സംഭവങ്ങള്‍ കേള്‍ക്ക്.

💥 ബഹുവന്ദ്യരായ ഇമാമുല്‍ ഹറമൈനി (റ) സാഗരസമാനരായ മുതഅല്ലിമുകള്‍ക്ക് ക്ലാസ്സെടുത്തുകൊണ്ടിരിക്കുകയാണ്. ആഴമേറിയ വിഷയങ്ങളിലുള്ള ഗാഢഗംഭീരമായ മുനാഖശ. അദ്ദേഹം, ഒരു സൂഫിവര്യനും അദ്ദേഹത്തിന്റെ ഒരുപറ്റം ശിഷ്യരും ആ വഴിക്കങ്ങനെ നടന്നുനീങ്ങുന്നത് കണ്ടു. പോക്കുകണ്ടാലറിയാം, ‘വെയ്പി’ന് വേണ്ടിയുള്ള എഴുന്നള്ളത്താണ്. അപ്പോള്‍ മഹാനോരുടെ ഉള്ളില്‍ അസ്‌ക്യതയുടെ ഒരു തീനാളമാളി: ”ഹും… ശാപ്പാട്ടുജീവികള്‍, തീറ്റതന്നെ കാര്യമായ ഏര്‍പ്പാട്”

അവര്‍ നടന്നു പോയി. മഹാന്‍ ക്ലാസ് തുടര്‍ന്നു. കുറേ കഴിഞ്ഞിട്ട് കാഴ്ചയില്‍ ഫഖീര്‍ മട്ടുള്ള ആ സൂഫി ഇമാമവര്‍കളുടെ അടുത്ത് വന്ന് ഭവ്യതയോടെ ഒരു സംശയം ചോദിക്കുന്നു. ഒരാള്‍ ജനാബത്തുകാരനായിരിക്കെ, കുളിക്കാതെ സുബ്ഹി നിസ്‌കരിക്കുന്നു. എന്നിട്ട് മുതഅല്ലിമുകള്‍ക്ക് ദീന്‍പാഠങ്ങള്‍ പകര്‍ന്നു കൊടുക്കുന്നു. മറ്റുള്ളവരെ പറ്റി ദൂഷണം പറയുകയും ചെയ്യുന്നു. അങ്ങനെയുള്ള ഒരാളെ പറ്റി അങ്ങയുടെ അഭിപ്രായമെന്താണ്?

ഹറമൈനി തങ്ങളുടെ ഉള്ളില്‍ പെട്ടെന്നൊരു ഇടിവെട്ടി! കാര്യങ്ങളുടെ കിടപ്പ് പിടികിട്ടി. അന്ന് മഹാന് കുളി നിര്‍ബന്ധമായിരുന്നെങ്കിലും എന്തോ അതങ്ങ് പാടേ മറന്നുപോയിരുന്നു. എന്നിട്ടാണ് ഇപ്പോള്‍ പഠിപ്പിക്കുന്നതും മറ്റുള്ളവരെ പറ്റി വേണ്ടാധീനങ്ങള്‍ ചിന്തിക്കുന്നതും. പശ്ചാതാപവിവശനായ മഹാന്‍ എല്ലാം പൊരുത്തപ്പെടീച്ചു.

💥 ഇനി ജുനൈദുല്‍ ബഗ്ദാദി (ഖ:സി)യുടെ കഥ പറയാം. പട്ടണത്തിലൂടെ നടന്ന് നീങ്ങുമ്പോള്‍ ഒരാള്‍ കണ്ണിലുടക്കി. ആള്‍ പിച്ച യാചിക്കുകയാണ്, കാണുന്നവരോടെല്ലാം. ഛെ! ഛെ!! ഇതെല്ലാം എന്ത് താണ ഏര്‍പ്പാട്, മഹാനോരുടെ മനസ്സില്‍ ഒരു മാന്തല്‍. അന്നന്തിയുറങ്ങുമ്പോഴാണ് ഒരാള്‍ ഒരു വമ്പന്‍ തളികയുമായി വരുന്നത്. ഈ യാചകനാണ് തളികയിലുള്ളത്.

”ഉം, തിന്ന്, തിന്ന്…” കല്പനയും..

ഉറക്കം ഞെട്ടി. ചില്ലറക്കാരനല്ലല്ലോ, ജുനൈദ് (റ) വിന്ന് കിനാവിന്റെ പൊരുള്‍ പിടികിട്ടി. പിറ്റേന്ന് ആളെയും അന്വേഷിച്ച് മഹാന്‍ പട്ടണത്തിലലഞ്ഞു. മുന്‍പരിചയമില്ലാത്ത ഒരാളുണ്ട് പേരുവിളിച്ച് പറയുന്നു: ”ജുനൈദേ, പൊയ്‌ക്കോ, ശ്രദ്ധിച്ചോളണേ..”

മഹാന്മാരുടെ ജീവിതത്തില്‍ അരുതാത്തതൊന്നും വരുമെന്ന് പറഞ്ഞാല്‍, ഒരാളെ പറ്റിയുള്ള കേട്ടുവിചാരം പോലും സംഭവിക്കരുതാത്തത് കൊണ്ട്, അവര്‍ക്ക് അപ്പപ്പോഴുള്ള നിവാരണ നിമിത്തങ്ങള്‍ അഭൗമ മാര്‍ഗേണ വന്നെത്തുന്നു. പക്ഷെ സാധാരണക്കാരന്റെ കാര്യം അങ്ങനെയല്ലല്ലോ. നാം ബാഹ്യമായി അരുതാക്കര്‍മങ്ങളില്‍ മുങ്ങിക്കുളിച്ചാല്‍ തന്നെ നമുക്കൊന്നും സംഭവിക്കുന്നില്ല.

✅ നബി(സ) തങ്ങൾ പറഞ്ഞു. “തന്റെ സഹോദരനെ ഏതെങ്കിലും കുറ്റം പറഞ്ഞ് ആര് പരിഹസിച്ചുവോ ആ കുറ്റം ചെയ്യുന്നത് വരെ അവൻ മരണപ്പെടുകയില്ല” (തിർമുദി)“

✅ എന്റെ രക്ഷിതാവായ അല്ലാഹു എന്നെ വാനലോകത്തേക്ക് നയിച്ചു (മി‌അറാജ് ) ആ യാത്രയിൽ ചെമ്പിന്റെ നഖങ്ങളുള്ളവരും ആ നഖങ്ങൾ കൊണ്ട് സ്വന്തം മുഖവു നെഞ്ചും മാന്തിക്കൊണ്ടിരിക്കുന്നവരുമായ ഒരു കൂട്ടം ജനങ്ങളെ ഞാൻ കാണുകയുണ്ടായി. ഇവർ ആരാണെന്ന് ഞാൻ ജിബ്‌രീൽ (അ) എന്ന മലക്കിനോട് ചോദിച്ചു. ‘ ജനങ്ങളുടെ സ്വഭാവ നടപടികളെക്കുറിച്ച് സംസാരിച്ച് അവരുടെ ഇറച്ചി തിന്നുന്നവരാണ് ഇവരെന്ന് ജിബ്‌രീൽ (അ) പറഞ്ഞു.” (അബൂദാവൂദ്)

❓നമുക്ക് ആദ്യമായി നമ്മുടെ തന്നെ കാര്യം പരിശോധിക്കാം. നമ്മുടെ സ്വന്തം കുറ്റവും കുറവും പരിഹരിക്കാൻ വഴിയെന്തെന്ന് ആലോചിക്കുന്നതിനു പകരം ഞാനടക്കമുള്ളവർ ചെയ്യുന്നത് നമ്മുടെ കുറ്റം എങ്ങിനെയെങ്കിലും മൂടി വെച്ച് അന്യന്റെ ഉള്ളതും ഇല്ലാത്തതുമായ ന്യൂനതകൾ മറ്റുള്ളവർക്ക് മുന്നിൽ വിവരിച്ച അവരെ നാണം കെടുത്തുന്നതിലൂടെ ലോകമാന്യം നേടാൻ ശ്രമിക്കുകയല്ലേ ..

പരദൂഷണം നാക്കുകൊണ്ടുള്ള തിന്മയാണെങ്കില്‍ അതിന്റെ ഹൃദയ ഭാഷയിലുള്ള സോഫ്റ്റ് കോപ്പികളാണ് മനസ്സുകൊണ്ടുള്ള ദുര്‍വിചാരങ്ങള്‍. ഉള്ളുകള്ളികള്‍ കാര്യമായി അറിയാതെ നിങ്ങള്‍ പലരെ പറ്റിയും തെറ്റിദ്ധരിച്ചത്, നിങ്ങളെ പറ്റി പലരും ദോഷവിചാരം വെച്ചുപുലര്‍ത്തിയത് നിങ്ങള്‍ക്കും അനുഭവമുണ്ടാവാം.

❗മൂന്നാല് കൊല്ലം മുമ്പ് സ്ഥാപനത്തിന്റെ ഒരു കലണ്ടര്‍ വില്‍ക്കാന്‍ പോയപ്പോള്‍ ഒരു സുഹൃത്തിനുണ്ടായ അനുഭവം നിങ്ങളുമായി പങ്കുവെക്കാം. അതവനിഷ്ടപ്പെടുമോ എന്ന കാര്യം എനിക്കുറപ്പില്ല.

മാട്ടൂലിനടുത്തുള്ള പുതിയങ്ങാടി ഭാഗത്താണ് അവന്‍ കലണ്ടര്‍ കറക്കത്തിന് തെരഞ്ഞെടുത്തത്. പത്ത് രൂപക്കാണ് കലണ്ടര്‍ വില്‍ക്കേണ്ടത്. അതിലധികം കിട്ടുന്നത് സംഭാവനയായി വകയിരുത്തണം. കിട്ടുന്നതിന്റെ നാലിലൊന്ന് യാത്ര ചെലവിലേക്ക് വിനിയോഗിക്കാം. ഇതാണ് വ്യവസ്ഥ. അധികം വീട്ടില്‍ നിന്നും ഇരുപതാണ് കിട്ടുന്നത്. ചിലപ്പോള്‍ അമ്പതും അപൂര്‍വ്വമായി നൂറും. ഒരു വീട്ടില്‍ ചെന്നപ്പോള്‍ വയസ്സായി കവിളൊട്ടിയ ഒരാള്‍. തകര്‍ന്ന് വീഴാറായ ഒരു ഭീമന്‍ തറവാട്. അവരോട് ഇരിക്കാന്‍ പറഞ്ഞ് ആള്‍ അരയിലെ പച്ചബെല്‍റ്റില്‍ നിന്ന് മടക്കിച്ചുരുട്ടി ദിനേശ് ബീഡി പോലെയാക്കിയ ഒരു അമ്പതുരൂപ എടുത്തു.

”മക്കളേ, നാല്‍പത് രൂപാ ചില്ലറ തര്വോ?”
അന്നേരം ആ സുഹൃത്തിന്റെ മനസ്സില്‍ ഒരു അസ്വസ്ഥത രൂപപ്പെട്ടുവത്രെ! ”ഉം, ചില്ലറയാക്കാന്‍ നില്‍ക്കുന്നു, അതിങ്ങ് തന്നാ പോരെ കിളവന്?”
കെട്ടുകണക്കിന് പത്തുരൂപകള്‍ ഉണ്ടായിട്ടും ചില്ലറയില്ലെന്ന് കള്ളം പറഞ്ഞു.

അയാള്‍ എണീറ്റു മുറ്റത്തേക്കിറങ്ങി. നടക്കുമ്പോള്‍ അയാള്‍ എക്കിക്കുകയും ഏന്തുകയും ചെയ്യുന്നുണ്ടായിരുന്നു. അയാള്‍ റോഡുവരെ ഞെക്കി ഞെരങ്ങി നടന്നു നീങ്ങുമ്പോള്‍, എന്റെ സുഹൃത്തിന്റെ മനസ്സിലുണ്ടായ ചിന്തകള്‍ കേള്‍ക്കണോ നിങ്ങള്‍ക്ക്.

”മങ്കുഴിയിലേക്ക് കാല് നീട്ടിക്കിടക്കുന്ന കാക്കാ, ഇതെവിട്‌ത്തേക്കാ, തങ്കരിച്ച് വെക്ക്ന്ന്…. ഇത്രയും കഷ്ടപ്പെട്ടിട്ട് ചില്ലറായാക്കാന്‍ പോവേണ്ട കാര്യമുണ്ടോ.? അതിങ്ങ് തന്നാ പോരെ….”
ജംഗ്ഷനിലെ പെട്ടിക്കടയില്‍ നിന്ന് ചില്ലറയാക്കി ചിരിച്ച്‌കൊണ്ട് കാക്ക വരികയാണ്. പത്തുരൂപ വെച്ച് നീട്ടിയപ്പോള്‍, അമര്‍ഷത്തിന്റെ ഒരു പീരങ്കിപോലെയാക്കി അവന്‍ കലണ്ടര്‍ ചുരുട്ടിക്കൊടുത്തു.

”മക്കള് വെയ്‌ലത്ത് നടന്ന് ക്ഷീണിക്കല്ലേ..” ചായ കുടിച്ചോ എന്ന് പറഞ്ഞ് നേരെ ഇരുപതുകളുടെ രണ്ട് ചുരുട്ടുകള്‍ അവരുടെ പോക്കറ്റുകളില്‍ ഇറുക്കി വെച്ചുകൊടുത്തു. അപ്പോഴേക്കും പ്രായം ചെന്ന ഒരുമ്മ അകത്തുനിന്ന് കുടിക്കാനുമായെത്തി. ഉപ്പിട്ടിളക്കിയ ചൂടു കഞ്ഞി വെള്ളം.

നല്ല ചൂടില്‍ നല്ലോണം ചൂടുവെള്ളം കുടിച്ച ചങ്ങാതി, മുറ്റത്തെ പൈപ്പില്‍ ചെന്ന് കുറേ നേരം മുഖം കഴുകി. കണ്ണുനീര്‍ കുത്തിയൊഴുകുന്നത് മറ്റുള്ളവര്‍ കാണാതിരിക്കാനായിരുന്നു നേരമേറെയെടുത്തുള്ള ആ മുഖം കഴുക്..

🔰 നമുക്ക് മറ്റുള്ളവരെ പറ്റി മോശം കരുതാന്‍ ഏറെയൊന്നും വേണ്ട. നമ്മുടെ മനസ്സിന്റെ ഒരു വെമ്പലാണത്. ആളിന്റെ നന്മകളിലേക്ക് നമ്മുടെ മനസ്സ് അവ്വിധം വെമ്പുകയില്ല. അതേസമയം കുറ്റാരോപിതനായ ഒരാളെ കാണുവാനോ, ആളുകള്‍ അടക്കം പറയുന്ന ഒരാളിന്റെ ഉള്ളുകള്ളികള്‍ ചൂഴ്ന്ന് കണ്ടെത്തുവാനോ ഒക്കെ നമുക്ക് അതിവിരുതായിരിക്കും.

❗വെറുതെ ഒരു നേരം പോക്കിന്, സദസ്സിൽ ഒരു ചിരിയുണർത്തുന്നതിന് ,അതിലൂടെ വലിയ തമാശക്കാരനായി ചമഞ്ഞ് പൊങ്ങച്ചം കാണിക്കുവാനൊക്കെയായിരിക്കും പലപ്പോഴും മറ്റുള്ളവരെ താഴ്ത്തികെട്ടി പരിഹസിക്കാൻ പലരും ശ്രമിക്കുന്നത്. ഒരാളെ ഇകഴ്ത്തി അല്ലെങ്കിൽ അവരുടെ കുറ്റങ്ങൾ പറഞ്ഞ് ചില സ്വാധീനങ്ങൾ ചെലുത്തി കാര്യം നേടാനും തൊഴിൽ മേഖലകളിൽ ഇക്കൂട്ടർ വിഹരിക്കുന്നത് കാണാം. പാര എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നവർ ചെയ്യുന്നതും ഈ കഠിന ശിക്ഷയ്ക്ക് പാത്രമാവുന്ന കാര്യമല്ലാതെ മറ്റൊന്നുമല്ല.

തീർച്ചയായും ഉപേക്ഷിക്കേണ്ട ഒരു ദുസ്വഭാവം തന്നെയാണിത് എന്നതിൽ സംശയമില്ല. കടുത്ത ആത്മ നിയന്ത്രണം തന്നെ വേണ്ടി വരും ചിലപ്പോൾ എങ്കിലും മറ്റുള്ളവരെ പരിഹസിച്ച് അവരുടെ കുറ്റങ്ങൾ പറഞ്ഞ് നേടിയെടുക്കുന്ന നൈമിഷികമോ അല്ലെങ്കിൽ കുറച്ച് കാലത്തേക്കുള്ളതോ ആയ നേട്ടങ്ങൾക്ക് പകരം വരാനിരിക്കുന്നത് ശ്വശ്വതമായ പരിഹാസ്യമായ ശിക്ഷയാണെന്ന ഓർമ്മയുണ്ടാവാൻ ഈ ഹദീസ് നമ്മെ ഓർമ്മപ്പെടുത്തട്ടെ.

🌹أَسْتَغْفِرُ اللَّهَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيَّ الْقَيُّومَ وَأَتُوبُ إِلَيْهِ
പാപമോചനം തേടാനുള്ള ഈ പ്രാർത്ഥന വലിയ പാപങ്ങൾ പോലും പൊറുത്തു കിട്ടും

ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

🌹സുന്നത്തു നോമ്പുകളും പ്രതിഫലങ്ങളും🌹

🌹സുന്നത്തു നോമ്പുകളും പ്രതിഫലങ്ങളും🌹


🖊 ഇസ്ലാമിക പഞ്ചസ്തംബങ്ങളിലെ മഹത്തായ ഒരു ആരാധനാ കര്‍മ്മമാണ് നോമ്പ്. നോമ്പിന്‍റെ ശ്രേഷ്ടതയും, നോമ്പുകാരന് ലഭിക്കുന്ന പ്രതിഫലവും മഹത്തരമാണ്.റമദാനിലെ നിര്‍ബന്ധനോമ്പുകള്‍ക്കുപുറമെ ഐശ്ചികമായ നോമ്പുകളുണ്ട്. അവയെ സുന്നത്തുനോമ്പുകള്‍ എന്നുപറയുന്നു. അവയ്ക്ക് പ്രത്യേകം നിയ്യത്ത് ആവശ്യമില്ലെന്ന് ബഹുഭൂരിപക്ഷം പണ്ഡിതന്‍മാരും അഭിപ്രായപ്പെടുന്നു. എന്നാല്‍ അറഫാ, ആശൂറാഅ്, ശവ്വാലിലെ ആറുനോമ്പുകള്‍ തുടങ്ങി റവാതിബ് സുന്നത്തുകള്‍ക്ക് നിയ്യത്തുണ്ടാവുന്നത് നല്ലതാണെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേപോലെ തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പുനോല്‍ക്കുന്നത് പ്രബലമായ (സുന്നത്തു മുഅക്കദ) സുന്നത്താണ്

🖊നബി (സ പറഞ്ഞു: സ്വര്‍ഗത്തിനുറയ്യാന്‍ എന്നുപേരുള്ള ഒരു പ്രത്യേകകവാടമുണ്ട്.നോമ്പനുഷ്ഠിക്കുന്നവരല്ലാതെമറ്റൊരാളും അതിലൂടെ കടക്കുകയില്ല. (സത്യാസത്യവിവേചനത്തിന്റെ നാള്‍)ചോദിക്കപ്പെടും.നോമ്പനുഷ്ഠിച്ചവരെവിടെ?തല്‍സമയം അവര്‍ ആ കവാടത്തിലൂടെസ്വര്‍ഗത്തില്‍ പ്രവേശിക്കും.പിന്നീട് ആകവാടം കൊട്ടിയടക്കപ്പെടും. (ബുഖാരി 4/1111, മുസ്‌ലിം 2/808)

🖊 നബി (സ)യില്‍ നിന്ന് നിവേദനം: ഒരുദിവസം വല്ലവനും അല്ലാഹുവിന്വേണ്ടി വ്രതമനുഷ്ഠിച്ചാല്‍ അല്ലാഹുഅവനെ നരകത്തില്‍ നിന്നും എഴുപതുവര്‍ഷത്തെ വഴിദൂരത്തേക്ക്മാറ്റിനിര്‍ത്തും. (ബുഖാരി 6/47, 2/808)

🖊 ബുധനാഴ്ചദിനത്തിലെ നോമ്പിനെക്കുറിച്ച് പ്രവാചകന്‍തിരുമേനി (സ) ഇപ്രകാരം പറഞ്ഞതായി ഒരു റിപോര്‍ട്ടുണ്ട്: ‘ദൈവം അവന്റെ അപാരമായ കരുണയാല്‍ ഈ ദിനത്തില്‍, മുമ്പുള്ള സമുദായങ്ങളെ നശിപ്പിച്ചതുപോലെ ഈ സമുദായത്തെ നശിപ്പിക്കുകയില്ല.’ ചന്ദ്രമാസത്തിലെ 13,14,15 ദിവസങ്ങളില്‍ (പൗര്‍ണമിദിനങ്ങള്‍-അയ്യാമുല്‍ ബീദ്) നോമ്പനുഷ്ഠിക്കാം. അതേപോലെ 28,29,30 ദിനങ്ങളിലും നോമ്പുനോല്‍ക്കാവുന്നതാണ്. അതേപോലെ ഓരോ മാസത്തിന്റെയും ആദ്യത്തിലും മധ്യത്തിലും അവസാനത്തിലുമുള്ള ദിനത്തില്‍ നോമ്പനുഷ്ഠിക്കുന്നത് സുന്നത്താണ്.

💥 എന്നാല്‍ എല്ലാ ദിവസവും നോമ്പനുഷ്ഠിക്കുന്നത് നിഷിദ്ധമാണ്. റമദാനിലല്ലാതെ വെള്ളിയാഴ്ചകളില്‍ നോമ്പനുഷ്ഠിക്കരുത്.

🖊 നോമ്പുകാരനുവേണ്ടി പരലോകത്ത് നോമ്പ് ശുപാര്‍ശക്കാരനായി വരുന്നതാണ്. സ്വര്‍ഗ്ഗ പ്രവേശനത്തിന് വഴിയൊരുക്കുന്ന ഒരു പ്രവര്‍ത്തനം അറിയിച്ചുതരണം എന്ന് പറഞ്ഞ അനുചരനോട് പ്രവാചക തിരുമേനി പറഞ്ഞു: “നീ നോമ്പനുഷ്ടിക്കുക, കാരണം അതിന് തുല്ല്യമായി ഒന്നും തന്നെയില്ല’. നോമ്പുകാരന്റെ വായയുടെ വാസന അല്ലാഹുവിന്റെയടുത്ത് കസ്തൂരിപോലെ പരിമളമുളളതാണ്. ഇത്തരം നിരവധി ശ്രേഷ്ടതകള്‍ നേടണമെങ്കില്‍ റമളാനിലെ നിര്‍ബന്ധമായ നോമ്പുകള്‍ക്ക് പുറമെ സുന്നത്തായ നോമ്പുകളും അനുഷ്ടിക്കേണ്ടതുണ്ട് .

✒ അല്ലാഹുവിന്റെ ദൂതര്‍ ചോദിച്ചു: നിങ്ങളില്‍ആരാണ് ഇന്ന് നോമ്പുകാരനായിട്ടുളളത്? അബൂബക്കര്‍ പറഞ്ഞു: ഞാന്‍.
അദ്ദേഹംചോദിച്ചു: നിങ്ങളില്‍ ആരാണ് ഇന്ന് മയ്യിത്തിനെ അനുഗമിച്ചത്? അബൂബക്കര്‍ പറഞ്ഞു: ഞാന്‍.
അദ്ദേഹം ചോദിച്ചു: നിങ്ങളില്‍ ആരാണ് ഇന്ന് ഒരു സാധുവിനെ ഭക്ഷിപ്പിച്ചത്?അബൂബക്കര്‍ പറഞ്ഞു: ഞാന്‍.
അദ്ദേഹംചോദിച്ചു നിങ്ങളില്‍നിന്ന് ആരാണ് ഇന്ന് ഒരുരോഗിയെ സμര്‍ശിച്ചത്? അബൂബക്കര്‍പറഞ്ഞു: ഞാന്‍.
അപ്പോള്‍ അല്ലാഹുവിന്റെദൂതര്‍ പറഞ്ഞു: ഒരു മനുഷ്യനില്‍ ഇവകള്‍ഒരുമിച്ച് കൂടിയാല്‍ അയാള്‍ സ്വര്‍ഗ്ഗത്തില്‍പ്രവേശിക്കാതിരിക്കുകയില്ല” (മുസ്ലിം )

🔮 നിയ്യത്തിന്റെ സമയം

സുന്നത് നോമ്പിന് രാത്രി തന്നെ നിയ്യത്ത് ചെയ്യണമെന്നില്ല. ഉച്ചയാകുന്നതിന് മുമ്പ് നിയ്യത്ത്ചെയ്താല്‍ മതിയാകും. ഇതിന്ഉപോല്‍ബലകമായി ഉദ്ധരിക്കുന്നഹദീസ് ആയിശ (റ) യില്‍ നിന്നുനിവേദനം ചെയ്യപ്പെടുന്നതാണ്. ഒരുദിനം റസൂലുല്ലാഹി (സ) എന്നെസമീപിച്ച് വല്ലതും ‘ക്ഷിക്കാനുണേ്ടാഎന്ന് അന്വേഷിച്ചു. ഞാന്‍ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ഞാന്‍ നോമ്പുകാരനാണെന്ന് അവിടന്ന്പ്രസ്താവിച്ചു.

ഇന്ന ദിവസത്തെ സുന്നത്ത് നോമ്പ് എന്ന്പ്രത്യേകം നിയ്യത്തില്‍നിര്‍ണയിക്കേണ്ടതില്ലെന്നാണ് പ്രബലമതം.

🖊 നബി (സ്വ) അരുൾ ചെയ്തു: ‘തിങ്കളാഴ്‌ചയും വ്യാഴാഴ്‌ചയുമാണ് നിങ്ങളുടെ കർമ്മങ്ങൾ അല്ലാഹുവിങ്കലേക്ക് ഉയർത്തപ്പെടുക. ഞാൻ നോമ്പുകാരനായിരിക്കെ എന്റെ കർമ്മങ്ങൾ അവങ്കലേക്ക് ഉയർത്തപ്പെടാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്’ (തിർമ്മിദി).

ആഇശാ ബീവി പറയുന്നു: ‘നബി (സ്വ) എല്ലാ തിങ്കളാഴ്‌ചയിലേയു വ്യാഴാഴ്‌ചയിലേയും നോമ്പ് നോൽക്കാൻ പ്രത്യേകമായി ശ്രദ്ധിക്കാറുണ്ടായിരുന്നു’. നാം ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ ചെയ്ത കാര്യങ്ങൾ വ്യാഴാഴ്‌ച യും വെള്ളി, ശനി, ഞായർ, തിങ്കൾ എന്നീ ദിവസങ്ങളി. ചെയ്ത കാര്യങ്ങൾ തിങ്കളാഴ്‌ചയും അല്ലാഹുവിലേക്ക് ഉയർത്തപ്പെടും (ഇആനത്ത്).


✒ അല്ലാഹു തആലാ പറയുന്നു: ‘നോമ്പുകാർക്കും നോമ്പുകാരികൾക്കും അല്ലാഹുവിന്റെ പൊരുത്തവും മഹത്തായ പ്രതിഫലവും അല്ലാഹു ഒരുക്കി വെച്ചിരിക്കുന്നു’ (സുറത്തുൽ അഹ്സാബ്).

അല്ലാഹു തആലാ സ്വർഗത്തിൽ വെച്ച് പറയും: ‘നിങ്ങൾ ദുനിയാവിൽ വെച്ച് അന്നപാനീയങ്ങൾ വെടിഞ്ഞ് നോമ്പെടുത്തതിനാൽ ഇപ്പോൾ നിങ്ങൾ സുഭിക്ഷമായി തിന്നുകയും കുടിക്കുകയും ചെയ്യുവീൻ’ (സൂറത്തുൽ ഹാഖ്ഖഃ).

അല്ലാഹുവിന്റെ റസൂൽ (സ്വ) അരുൾ ചെയ്തു: ‘ആരെങ്കിലും അല്ലാഹുവിൽ നിന്ന് പ്രതിഫലം കാംക്ഷിച്ചു കൊണ്ട് നോമ്പനുഷ്ഠിച്ചാൽ അവന്റെ മുഖം നരകത്തിൽ നിന്നും നാൽപത് വർഷത്തെ വഴി ദൂരത്തേക്ക് അല്ലാഹു അകറ്റി നിർത്തും. (ബുഖാരി, മുസ്ലിം)
ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

🌹ജുമുഅ നിസ്‌കാരം: ചില മസ്അലകള്‍🌹

🌹ജുമുഅ നിസ്‌കാരം: ചില മസ്അലകള്‍🌹



💥നിസ്‌കാരങ്ങളുടെ കൂട്ടത്തില്‍ വെച്ച് ഏറ്റവും മഹത്വമുള്ള ഒന്നാണ് ജുമുഅ നിസ്‌കാരം. സ്ത്രീ, അടിമ, കുട്ടി, രോഗി എന്നിവര്‍ക്കൊന്നും ജുമുഅ നിര്‍ബന്ധമില്ല. അതേസമയം അവര്‍ നിസ്‌കരിച്ചാല്‍ സാധുവാകുന്നതും അന്നത്തെ ളുഹ്ര്‍ പിന്നെ നിസ്‌കരിക്കുകയും വേണ്ട. സ്ത്രീകള്‍ മറ്റു ദിവസങ്ങളെപ്പോലെ തന്നെ വെള്ളിയാഴ്ചയും സമയമായാല്‍ ഉടനെ ദുഹ്ര്‍ നിസ്‌കരിക്കലാണ് ഏറ്റവും പുണ്യം. നാട്ടിലെ ജുമുഅ അവസാനിക്കാന്‍ വേണ്ടി ളുഹ്‌റിനെ പിന്തിക്കേണ്ടതില്ല.

ജുമുഅഃ സാധുവാകണമെങ്കില്‍ ആദ്യത്തെ റക്അത്ത് ജമാഅത്തോടെ  തന്നെ സംഭവിക്കണം. മസ്ബൂഖ് രണ്ടാമത്തെ റക്അത്തിലെ റുകൂഇല്‍ ഇമാമിനെ എത്തിച്ചാല്‍ ഒന്നാം റക്അത്തില്‍ ജമാഅത്ത് ലഭിച്ചല്ലോ. ഇമാമിന്റെ അത്തഹിയ്യാത്തില്‍ തുടര്‍ന്നാല്‍ ജുമുഅയുടെ നിയ്യത്തോടെ ദുഹ്ര്‍ നിസ്‌കരിക്കണം.

ജുമുഅയുടെ നിയ്യത്ത് ചെയ്യണം എന്ന് പറയാന്‍ കാരണം ഇമാമിനോട് നിയ്യത്തില്‍ യോജിക്കാനാണ്. മാത്രമല്ല, ഇമാം ഏതെങ്കിലും ഫര്‍ദ് ഒഴിവാക്കിയത് പിന്നീട് ഓര്‍മ വന്നാല്‍ ഇമാം ഒരു റക്അത്ത് കൂടി നിസ്‌കരിച്ചാല്‍ അത്തഹിയ്യാത്തില്‍ തുടര്‍ന്ന മസ്ബൂഖിനു ജുമുഅഃ തന്നെ ലഭിക്കുമല്ലോ.

ജുമുഅ നിസ്‌കരിക്കുന്ന ഇമാമിന്റെ രണ്ടാം റക്അത്തില്‍ തുടര്‍ന്ന മസ്ബൂഖിനു ജുമുഅ ലഭിക്കണമെങ്കില്‍ ഇമാമിന്റെ സലാം വരെ ഇമാമിനെ പിന്‍പ്പറ്റണം. ഇമാം സലാം വീട്ടിയ ശേഷം നഷ്ടപ്പെട്ട റക്അത്ത് നിസ്‌കരിക്കുന്ന മസ്ബൂഖിനെ മറ്റൊരാള്‍ വന്ന് തുടരുകയും അങ്ങനെ അവന് ഈ മസ്ബൂഖിന്റെ കൂടെ ഒരു റക്അത്ത് ലഭിക്കുകയും ചെയ്താല്‍ അവനും ജുമുഅ ലഭിക്കും. ഇക്കാര്യം ഇമാം ഇബ്‌നുഹജര്‍(റ) തുഹ്ഫയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മസ്ബൂഖിനെ തുടര്‍ന്നയാള്‍ തുടര്‍ച്ച മുറിഞ്ഞ ശേഷം അടുത്ത റക്അത്തിലേക്കു ഉയര്‍ന്നപ്പോള്‍ മറ്റൊരാള്‍ വന്നു തുടര്‍ന്നു. അവനും ഒരു റക്അത്ത് ജമാഅത്തായി ലഭിച്ചാല്‍ ജുമുഅ ലഭിക്കും. ഇങ്ങനെ അസ്ര്‍ വരെ ഓരോര്‍ത്തര്‍ വന്നു തുടര്‍ന്നാലും എല്ലാവര്‍ക്കും ജുമുഅ ലഭിക്കും. (ഇആനത്ത് 2/55)

ഇമാമിനെ കൂടാതെ നാല്‍പത് പേരുളള ജുമുഅ നിസ്‌കാരത്തില്‍ രണ്ടാമത്തെ റക്അത്തില്‍ ഇമാമിന്റെ വുദു മുറിഞ്ഞാലും മഅ്മൂമുകളുടെ ജുമുഅ നഷ്ടപ്പെടില്ല. അവര്‍ക്ക് ജുമുഅ പൂര്‍ത്തിയാക്കാം. കാരണം, ഒരു റക്അത്ത് ജമാഅത്തായി ലഭിച്ചിട്ടുണ്ടല്ലോ. നാല്‍പത് പേരുടെ ജുമുഅ സാധുവാകല്‍ നിര്‍ബന്ധമാണ്. നാല്‍പതില്‍ ഒരാളുടേത് ബാത്വിലായാല്‍ എല്ലാവരുടേതും നഷ്ടപ്പെടും. (ഇആനത്ത് 2/54)

കുട്ടികള്‍, സ്ത്രീകള്‍, അടിമകള്‍ എന്നിവരുടെ ജുമുഅ സ്വഹീഹാകുമെങ്കിലും അവരെ നാല്‍പത്  എണ്ണത്തില്‍ പരിഗണിക്കില്ല. അവരെ കൂടാതെ തന്നെ നാല്‍പത് തികയണം. ഇതാണ് ശാഫിഈ മദ്ഹബ്. ഹമ്പലീ മദ്ഹബിലും നാല്‍പത് പേര്‍ വേണം. നാലുപേര്‍ ഉണ്ടായാല്‍ തന്നെ ജുമുഅ സാധുവാകും എന്നാണ് ഹനഫീ മദ്ഹബ്. പന്ത്രണ്ട് പേര്‍ വേണമെന്നാണ് ഇമാം മാലികി(റ)ന്റെ ഒരഭിപ്രായം. (ഖല്‍യൂബി 1/274, ഇആനത്ത് 2/55)

കാരണം കൂടാതെ ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുക്കാതിരുന്നാല്‍ ഇമാം ജമുഅയില്‍ നിന്നും സലാം വീട്ടുന്നതുവരെ ജുമുഅയില്‍ പങ്കെടുക്കാത്തവന്റെ ദുഹ്ര്‍ സാധുവാകില്ല. രോഗം കാരണം ജുമുഅക്ക് പോകാതെ ദുഹ്ര്‍ നിസ്‌കരിച്ച ശേഷം ജുമുഅയുടെ മുമ്പ് തന്നെ രോഗം സുഖപ്പെട്ടുവെങ്കിലും ജുമുഅ നിര്‍ബന്ധമില്ല. എങ്കിലും ജുമുഅ നിസ്‌കരിക്കല്‍ സുന്നത്തുണ്ട്. (ഇആനത്ത് 2/62)

*🌹أَسْتَغْفِرُ اللَّهَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيَّ الْقَيُّومَ وَأَتُوبُ إِلَيْهِ *
പാപമോചനം തേടാനുള്ള ഈ പ്രാർത്ഥന വലിയ പാപങ്ങൾ പോലും പൊറുത്തു കിട്ടും
ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

തയമ്മും - നിയമങ്ങളും , സാധ്യതകളും മദ്ഹബിന്റെ വീക്ഷണത്തിൽ

തയമ്മും - നിയമങ്ങളും , സാധ്യതകളും മദ്ഹബിന്റെ വീക്ഷണത്തിൽ


💥വെള്ളം കിട്ടാതെ വരികയോ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അസുഖമെന്തെങ്കിലും ഉണ്ടാവുകയോ ചെയ്‌താല്‍ വുളുവിന്നും കുളിക്കും പകരം തയമ്മും ചെയ്യേണ്ടതാണ്. എന്താണ് തയമ്മും? ചില പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായി മുഖത്തും കൈകളിലും മണ്ണ് ചേര്‍ക്കുന്നതിനാണ് തയമ്മും എന്ന് പറയുന്നത്.

കരുതൽ എന്നാണ് തയ്യമ്മും എന്ന വാക്കിന്റെ അർഥം . ചില നിബന്ധനകളോടെ മുഖത്തും രണ്ടു കൈകളിലും മണ്ണുപയോഗിക്കുക എന്നതാണ് തയമ്മുമിന്റെ ശറഈയ അർഥം . നബി (സ) യുടെ സമുദായത്തിന് മാത്രം അല്ലാഹു നൽകിയ സവിശേഷതയാണിത് . മുൻ സമുദായങ്ങൾക്ക്‌ തയമ്മും നിയമമാക്കപ്പെട്ടിട്ടില്ല (തുഹ്ഫ 1/324)

ഹിജ്റാ നാലാം വർഷത്തിലാണ് തയമ്മും നിർബന്ധമാക്കപ്പെട്ടത്

യാത്രക്കിടയില്‍ വാഹനത്തിനു തകരാറു സംഭവിക്കുകയും വാഹനത്തിലോ പരിസരത്തോ വിളിച്ചാല്‍ കേള്‍ക്കുന്ന സ്ഥല പരിധിക്കുള്ളിലോ വെള്ളം ലഭിക്കാന്‍ ഒരു മാര്‍ഗ്ഗവും ഇല്ലാതെ വരുകയും അല്ലെങ്കില്‍ വെള്ളമുണ്ടെങ്കിലും അടുത്ത് വെള്ളമുള്ള സ്ഥലത്ത് എത്തുന്നതിനു മുമ്പ് യാത്രക്കാരനോ അവന്റെ സഹയാത്രികര്‍ക്കോ മുഹ്തറമായ ജീവികള്‍ക്കോ കുടിക്കാന്‍ ആവശ്യമായി വരുമെന്ന് കാണുകയും ചെയ്താല്‍ തയമ്മും ചെയ്തു നിസ്‌ക്കരിക്കാം.

🖊അല്ലാഹു തആലാ പറയുന്നു : നിങ്ങൾക്ക് ശുദ്ധീകരിക്കാൻ വെള്ളം ലഭിച്ചില്ലെങ്കിൽ ശുദ്ധമായ മണ്ണിനെ തേടുക (മാഇദഃ 6 )

🖊ശുദ്ധീകരിക്കാൻ വെള്ളം കിട്ടാത്തപക്ഷം ശുദ്ധിയുള്ള മണ്ണിനെ കരുതുക , എന്നിട്ടു മുഖവും രണ്ടു കൈകളും തടവുക (നിസാ : ൪൩)

✒നബി (സ) തങ്ങൾ പറഞ്ഞു : ഭൂമിയെ നിങ്ങൾക്ക് സുജൂദ് ചെയ്യാനുള്ള സ്ഥലവും ഭൂമിയിലെ മണ്ണിനെ ശുദ്ധീകരണത്തിനുമാക്കി (ഇമാം അഹ്മദ് റഹ്)

വെള്ളം ഉണ്ടെങ്കിലും ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോഴും തയമ്മും ചെയ്തു നിസ്‌ക്കരിക്കാം.  അതായത് വെള്ളം ഉപയോഗിക്കുന്നത് കൊണ്ട് രോഗം ഉണ്ടാകുമെന്നോ ഉള്ള രോഗം അധികരിക്കുമെന്നോ ദേഹനഷ്ടമോ അംഗനഷ്ടമോ സംഭവിക്കുമെന്നോ ഏതെങ്കിലും അവയവത്തിന്റെ പ്രവര്‍ത്തനശേഷി ഇല്ലാതാകുമെന്നോ രോഗമുണ്ടെങ്കില്‍ അത് ശമിക്കാന്‍ താമസം നേരിടുമെന്നോ ബാഹ്യാവയവങ്ങളില്‍ വൈരൂപ്യമുണ്ടാക്കുന്ന കലകള്‍ ഉണ്ടാകുമെന്നോ ഭയം ഉണ്ടെങ്കില്‍ തയമ്മും ചെയ്തു നിസ്‌ക്കരിക്കല്‍ അനുവദനീയമാണ്.

💥 തയമ്മുമിന്റെ നിബന്ധനകള്‍

ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ഒരു തയമ്മും കൊണ്ട് ഒരൊറ്റ ഫര്‍ള് നിസ്‌കാരം മാത്രമേ നിസ്‌കരിക്കാവൂ എന്നത് നബി ചര്യയാണ്. (ദാറഖുത്‌നി-1/ ദാറുല്‍ മഹാസിന്‍ 188)

1. വെള്ളം ഉപയോഗിക്കാന്‍ അശക്തമാവുക.

(മുകളില്‍ പറഞ്ഞതു പോലുള്ള കാരണങ്ങള്‍ ഉണ്ടാകുമ്പോള്‍)

2. തയമ്മുമിന് മുമ്പ് ശരീരത്തില്‍ നജസുണ്ടെങ്കില്‍ നീക്കുക.

3. തയമ്മുമിന് മുമ്പ് ഖിബ്‌ല എങ്ങോട്ടാണെന്ന് ഗവേഷണം ചെയ്തു കണ്ടെത്തണം. യാത്രയിലോ മറ്റോ ഖിബ്‌ല അറിയാന്‍ ഗവേഷണം ആവശ്യമായി വരുന്ന സമയത്താണ് ഈ നിബന്ധന ബാധകമാകുന്നത്. വിമാനത്തില്‍ വെച്ച് നിസ്‌ക്കരിക്കുന്നവര്‍ക്ക് ഖിബ്‌ലയിലേക്ക് മുന്നിടാന്‍ കഴിഞ്ഞില്ലെങ്കില്‍ അവിടെ ഗവേഷണം ചെയ്യുക എന്നത് പ്രായോഗികമല്ല.  അപ്പോള്‍ അവര്‍ക്കും ഈ നിബന്ധന പാലിക്കേണ്ടതില്ല.

4. നിസ്‌ക്കാര സമയം കടന്നതിനു ശേഷം തയമ്മും ചെയ്യുക.

5. ശുദ്ധമായ പൊടിമണ്ണുകൊണ്ട് (ത്വഹൂറായ പൊടിമണ്ണ് കൊണ്ട്) തയമ്മും ചെയ്യുക.

ഓട്, ചുടുകട്ട തുടങ്ങിയവയുടെ പൊടി ഉപയോഗിച്ച് തയമ്മും ചെയ്താല്‍ ശരിയാവുകയില്ല.  ഒരു പേപ്പറില്‍ നിരത്തിയ പൊടിമണ്ണ് തയമ്മുമിന് വേണ്ടി അടിച്ചെടുത്ത് ഉപയോഗിക്കുമ്പോള്‍ അവയവങ്ങളില്‍ തടവാന്‍ ഉപയോഗിച്ച മണ്ണ് പേപ്പറിലെ മണ്ണിലേക്ക് പൊഴിഞ്ഞു വീഴാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ ആ മണ്ണ് കൊണ്ട് എത്ര തയമ്മുമും ചെയ്യാം.  ഹജ്ജ് പോലുള്ള യാത്രകളില്‍ ഒരല്‍പം പൊടിമണ്ണ് കരുതിയാല്‍ വെള്ളം കിട്ടാതെ വരുമ്പോള്‍ തയമ്മും ചെയ്യാം.

6. മുഖം തടവാന്‍ വേണ്ടി ഒരു പ്രാവശ്യവും കൈകള്‍ തടവാന്‍ വേണ്ടി രണ്ടാം പ്രാവശ്യവും പൊടിമണ്ണില്‍ അടിക്കണം. ഇപ്രകാരം രണ്ടു പ്രാവശ്യം മണ്ണ് അടിച്ചെടുക്കണം (മണ്ണ് അടിച്ചെടുക്കുക എന്നു പറഞ്ഞാല്‍ മണ്ണില്‍ കൈ അമര്‍ത്തുക എന്നേ അര്‍ത്ഥമുള്ളൂ)

💥 തയമ്മുമിനുള്ള മൂന്നു കാരണങ്ങൾ

1 . വെള്ളം ഇല്ലാതിരിക്കാൻ

2 . കൊല്ലൽ നിഷിദ്ധമായ ജീവികളുടെ ജീവികളുടെ ദാഹശമനത്തിനു വെള്ളം ആവശ്യമായി വരൽ

3 . വെള്ളം ഉപയോഗിക്കുന്നത് മൂലം ഒരു അവയവത്തിന്റെ ഉപകാരം നഷ്ടപ്പെടുക , സുഖം പ്രാപിക്കാൻ താമസം നേരിടുക , വെള്ളം ഉപയോഗം മൂലം പ്രത്യക്ഷാവയവങ്ങളിൽ വികൃതമായ പാടുകൾ ഉണ്ടാകുക തുടങ്ങിയ കാരണങ്ങളാണ് .

ഈ മൂന്നു കാരണങ്ങൾ ഉണ്ടായാൽ ചെറിയ അശുദ്ധി ഉള്ളവരും , വലിയ അശുദ്ധി ഉള്ളവരും വുളൂ , കുളി എന്നിവയ്ക്ക് പകരം തയമ്മം ചെയ്യണം (തുഹ്ഫ 1/325)

ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆