Tuesday, March 5, 2019

ആളുകളെ അളന്ന് തൂക്കും മുമ്പ്

🌹ആളുകളെ അളന്ന് തൂക്കും മുമ്പ്🌹



💥നിങ്ങളെ പറ്റി വേറൊരാളോട് താഴെ പറയുന്ന നാലാലൊരു കാര്യമാണ് പറയുന്നതെന്ന് വിചാരിക്കുക.

1) സാമ്പത്തികം ക്ലിയറല്ല, അടുത്തു പോവല്ലേ

2) വെറും ചൂടനാണ്, വെറുതെ പൊട്ടിത്തെറിക്കും

3) പെരുമാറ്റം പോരാ, എല്ലാവരുമായും തെറ്റും

4) ആളുകൊള്ളാം, ശുദ്ധന്‍, നിഷ്‌കളങ്കന്‍

✅ഇതില്‍ ആദ്യത്തെ മൂന്നെണ്ണം വായിക്കുന്ന നേരത്ത് നിങ്ങളുടെ മുഖം കോടുന്നതും ചുളുങ്ങുന്നതും പുളിക്കുന്നതും എനിക്ക് കാണാം, മനസ്സിലാക്കാം. എന്ന പോലെ വായന നാലിലെത്തുമ്പോള്‍ നിങ്ങളുടെ മുഖത്ത് വെയില്‍ പരക്കുന്നതും ഹൃദയത്തില്‍ ലഡുപൊട്ടുന്നതും എനിക്ക് കേള്‍ക്കാം, അറിയാം. മേല്‍പ്പറഞ്ഞതില്‍ ഏത് പ്രസ്താവന കൊണ്ടായിരിക്കും നിങ്ങളുടെ പരിചയക്കാര്‍ നിങ്ങളെ പറ്റി മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്നത് എന്നൊക്കെ ചോദിച്ച്, ‘ഇങ്ങനെയൊന്നും പോരാ, സ്വഭാവമൊക്കെ ഇത്തിരി നന്നാക്ക്’ എന്ന രൂപത്തിലുള്ള ഒരു തളിരിലയെഴുത്തായിരിക്കും ഇതെന്ന് അധിക പേരും കരുതിക്കാണുമെന്ന് ഞാന്‍ മോഹിക്കുന്നു. എങ്കില്‍ പറയാന്‍ പോകുന്ന വിഷയമേ അതല്ല.!

❓ഒരാളിലൂടെ മറ്റൊരാളെ പറ്റി നിങ്ങള്‍ എന്തോ ഒന്ന് കേട്ടു. എന്നിട്ട് ആ പറയപ്പെട്ട ആളെ നിങ്ങള്‍ നേരിട്ട് കണ്ടു. എന്നാല്‍ നിങ്ങള്‍ക്ക് അയാളോടുള്ള സമീപനത്തില്‍ മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായ വല്ല സമീപനവും ഉണ്ടാവുമോ, ഇല്ലേ? ഒരാളോ രണ്ടാളോ അല്ലെങ്കില്‍ ഒരു കൂട്ടമാളുകളോ ഒരാളെ പറ്റി മോശമായി വല്ലതും പറയുന്നത് കേള്‍ക്കുക വഴി പ്രസ്തുത ആളെ പറ്റി മോശം ധാരണ വെച്ചുപുലര്‍ത്തുന്ന സ്വഭാവം നിങ്ങള്‍ക്കുണ്ടോ? പോട്ടെ, മറ്റാരും ഒന്നും പറയാതെ തന്നെ, നിങ്ങള്‍ക്ക് ഏതെങ്കിലും ആളുകളോട് ഇഷ്ടക്കേടും മതിപ്പുകമ്മിയും ഉണ്ടായിട്ടുണ്ടോ? കൃത്യമായ വിശകലനമോ ഖണ്ഡിതമായ തെളിവുകളോ കൂടാതെ ഉടുപ്പും നടപ്പും കണ്ടിട്ട്, ആളുകള്‍ പറയുന്നതും പെരുമാറുന്നതും കണ്ടിട്ട് നിങ്ങള്‍ ആരെക്കുറിച്ചെങ്കിലും തെറ്റായ ധാരണ മനസ്സില്‍ വെച്ച് നടക്കുന്നുണ്ടോ?

✅ വിശദീകരണത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഗൗരവമേറിയ രണ്ട് സംഭവങ്ങള്‍ കേള്‍ക്ക്.

💥 ബഹുവന്ദ്യരായ ഇമാമുല്‍ ഹറമൈനി (റ) സാഗരസമാനരായ മുതഅല്ലിമുകള്‍ക്ക് ക്ലാസ്സെടുത്തുകൊണ്ടിരിക്കുകയാണ്. ആഴമേറിയ വിഷയങ്ങളിലുള്ള ഗാഢഗംഭീരമായ മുനാഖശ. അദ്ദേഹം, ഒരു സൂഫിവര്യനും അദ്ദേഹത്തിന്റെ ഒരുപറ്റം ശിഷ്യരും ആ വഴിക്കങ്ങനെ നടന്നുനീങ്ങുന്നത് കണ്ടു. പോക്കുകണ്ടാലറിയാം, ‘വെയ്പി’ന് വേണ്ടിയുള്ള എഴുന്നള്ളത്താണ്. അപ്പോള്‍ മഹാനോരുടെ ഉള്ളില്‍ അസ്‌ക്യതയുടെ ഒരു തീനാളമാളി: ”ഹും… ശാപ്പാട്ടുജീവികള്‍, തീറ്റതന്നെ കാര്യമായ ഏര്‍പ്പാട്”

അവര്‍ നടന്നു പോയി. മഹാന്‍ ക്ലാസ് തുടര്‍ന്നു. കുറേ കഴിഞ്ഞിട്ട് കാഴ്ചയില്‍ ഫഖീര്‍ മട്ടുള്ള ആ സൂഫി ഇമാമവര്‍കളുടെ അടുത്ത് വന്ന് ഭവ്യതയോടെ ഒരു സംശയം ചോദിക്കുന്നു. ഒരാള്‍ ജനാബത്തുകാരനായിരിക്കെ, കുളിക്കാതെ സുബ്ഹി നിസ്‌കരിക്കുന്നു. എന്നിട്ട് മുതഅല്ലിമുകള്‍ക്ക് ദീന്‍പാഠങ്ങള്‍ പകര്‍ന്നു കൊടുക്കുന്നു. മറ്റുള്ളവരെ പറ്റി ദൂഷണം പറയുകയും ചെയ്യുന്നു. അങ്ങനെയുള്ള ഒരാളെ പറ്റി അങ്ങയുടെ അഭിപ്രായമെന്താണ്?

ഹറമൈനി തങ്ങളുടെ ഉള്ളില്‍ പെട്ടെന്നൊരു ഇടിവെട്ടി! കാര്യങ്ങളുടെ കിടപ്പ് പിടികിട്ടി. അന്ന് മഹാന് കുളി നിര്‍ബന്ധമായിരുന്നെങ്കിലും എന്തോ അതങ്ങ് പാടേ മറന്നുപോയിരുന്നു. എന്നിട്ടാണ് ഇപ്പോള്‍ പഠിപ്പിക്കുന്നതും മറ്റുള്ളവരെ പറ്റി വേണ്ടാധീനങ്ങള്‍ ചിന്തിക്കുന്നതും. പശ്ചാതാപവിവശനായ മഹാന്‍ എല്ലാം പൊരുത്തപ്പെടീച്ചു.

💥 ഇനി ജുനൈദുല്‍ ബഗ്ദാദി (ഖ:സി)യുടെ കഥ പറയാം. പട്ടണത്തിലൂടെ നടന്ന് നീങ്ങുമ്പോള്‍ ഒരാള്‍ കണ്ണിലുടക്കി. ആള്‍ പിച്ച യാചിക്കുകയാണ്, കാണുന്നവരോടെല്ലാം. ഛെ! ഛെ!! ഇതെല്ലാം എന്ത് താണ ഏര്‍പ്പാട്, മഹാനോരുടെ മനസ്സില്‍ ഒരു മാന്തല്‍. അന്നന്തിയുറങ്ങുമ്പോഴാണ് ഒരാള്‍ ഒരു വമ്പന്‍ തളികയുമായി വരുന്നത്. ഈ യാചകനാണ് തളികയിലുള്ളത്.

”ഉം, തിന്ന്, തിന്ന്…” കല്പനയും..

ഉറക്കം ഞെട്ടി. ചില്ലറക്കാരനല്ലല്ലോ, ജുനൈദ് (റ) വിന്ന് കിനാവിന്റെ പൊരുള്‍ പിടികിട്ടി. പിറ്റേന്ന് ആളെയും അന്വേഷിച്ച് മഹാന്‍ പട്ടണത്തിലലഞ്ഞു. മുന്‍പരിചയമില്ലാത്ത ഒരാളുണ്ട് പേരുവിളിച്ച് പറയുന്നു: ”ജുനൈദേ, പൊയ്‌ക്കോ, ശ്രദ്ധിച്ചോളണേ..”

മഹാന്മാരുടെ ജീവിതത്തില്‍ അരുതാത്തതൊന്നും വരുമെന്ന് പറഞ്ഞാല്‍, ഒരാളെ പറ്റിയുള്ള കേട്ടുവിചാരം പോലും സംഭവിക്കരുതാത്തത് കൊണ്ട്, അവര്‍ക്ക് അപ്പപ്പോഴുള്ള നിവാരണ നിമിത്തങ്ങള്‍ അഭൗമ മാര്‍ഗേണ വന്നെത്തുന്നു. പക്ഷെ സാധാരണക്കാരന്റെ കാര്യം അങ്ങനെയല്ലല്ലോ. നാം ബാഹ്യമായി അരുതാക്കര്‍മങ്ങളില്‍ മുങ്ങിക്കുളിച്ചാല്‍ തന്നെ നമുക്കൊന്നും സംഭവിക്കുന്നില്ല.

✅ നബി(സ) തങ്ങൾ പറഞ്ഞു. “തന്റെ സഹോദരനെ ഏതെങ്കിലും കുറ്റം പറഞ്ഞ് ആര് പരിഹസിച്ചുവോ ആ കുറ്റം ചെയ്യുന്നത് വരെ അവൻ മരണപ്പെടുകയില്ല” (തിർമുദി)“

✅ എന്റെ രക്ഷിതാവായ അല്ലാഹു എന്നെ വാനലോകത്തേക്ക് നയിച്ചു (മി‌അറാജ് ) ആ യാത്രയിൽ ചെമ്പിന്റെ നഖങ്ങളുള്ളവരും ആ നഖങ്ങൾ കൊണ്ട് സ്വന്തം മുഖവു നെഞ്ചും മാന്തിക്കൊണ്ടിരിക്കുന്നവരുമായ ഒരു കൂട്ടം ജനങ്ങളെ ഞാൻ കാണുകയുണ്ടായി. ഇവർ ആരാണെന്ന് ഞാൻ ജിബ്‌രീൽ (അ) എന്ന മലക്കിനോട് ചോദിച്ചു. ‘ ജനങ്ങളുടെ സ്വഭാവ നടപടികളെക്കുറിച്ച് സംസാരിച്ച് അവരുടെ ഇറച്ചി തിന്നുന്നവരാണ് ഇവരെന്ന് ജിബ്‌രീൽ (അ) പറഞ്ഞു.” (അബൂദാവൂദ്)

❓നമുക്ക് ആദ്യമായി നമ്മുടെ തന്നെ കാര്യം പരിശോധിക്കാം. നമ്മുടെ സ്വന്തം കുറ്റവും കുറവും പരിഹരിക്കാൻ വഴിയെന്തെന്ന് ആലോചിക്കുന്നതിനു പകരം ഞാനടക്കമുള്ളവർ ചെയ്യുന്നത് നമ്മുടെ കുറ്റം എങ്ങിനെയെങ്കിലും മൂടി വെച്ച് അന്യന്റെ ഉള്ളതും ഇല്ലാത്തതുമായ ന്യൂനതകൾ മറ്റുള്ളവർക്ക് മുന്നിൽ വിവരിച്ച അവരെ നാണം കെടുത്തുന്നതിലൂടെ ലോകമാന്യം നേടാൻ ശ്രമിക്കുകയല്ലേ ..

പരദൂഷണം നാക്കുകൊണ്ടുള്ള തിന്മയാണെങ്കില്‍ അതിന്റെ ഹൃദയ ഭാഷയിലുള്ള സോഫ്റ്റ് കോപ്പികളാണ് മനസ്സുകൊണ്ടുള്ള ദുര്‍വിചാരങ്ങള്‍. ഉള്ളുകള്ളികള്‍ കാര്യമായി അറിയാതെ നിങ്ങള്‍ പലരെ പറ്റിയും തെറ്റിദ്ധരിച്ചത്, നിങ്ങളെ പറ്റി പലരും ദോഷവിചാരം വെച്ചുപുലര്‍ത്തിയത് നിങ്ങള്‍ക്കും അനുഭവമുണ്ടാവാം.

❗മൂന്നാല് കൊല്ലം മുമ്പ് സ്ഥാപനത്തിന്റെ ഒരു കലണ്ടര്‍ വില്‍ക്കാന്‍ പോയപ്പോള്‍ ഒരു സുഹൃത്തിനുണ്ടായ അനുഭവം നിങ്ങളുമായി പങ്കുവെക്കാം. അതവനിഷ്ടപ്പെടുമോ എന്ന കാര്യം എനിക്കുറപ്പില്ല.

മാട്ടൂലിനടുത്തുള്ള പുതിയങ്ങാടി ഭാഗത്താണ് അവന്‍ കലണ്ടര്‍ കറക്കത്തിന് തെരഞ്ഞെടുത്തത്. പത്ത് രൂപക്കാണ് കലണ്ടര്‍ വില്‍ക്കേണ്ടത്. അതിലധികം കിട്ടുന്നത് സംഭാവനയായി വകയിരുത്തണം. കിട്ടുന്നതിന്റെ നാലിലൊന്ന് യാത്ര ചെലവിലേക്ക് വിനിയോഗിക്കാം. ഇതാണ് വ്യവസ്ഥ. അധികം വീട്ടില്‍ നിന്നും ഇരുപതാണ് കിട്ടുന്നത്. ചിലപ്പോള്‍ അമ്പതും അപൂര്‍വ്വമായി നൂറും. ഒരു വീട്ടില്‍ ചെന്നപ്പോള്‍ വയസ്സായി കവിളൊട്ടിയ ഒരാള്‍. തകര്‍ന്ന് വീഴാറായ ഒരു ഭീമന്‍ തറവാട്. അവരോട് ഇരിക്കാന്‍ പറഞ്ഞ് ആള്‍ അരയിലെ പച്ചബെല്‍റ്റില്‍ നിന്ന് മടക്കിച്ചുരുട്ടി ദിനേശ് ബീഡി പോലെയാക്കിയ ഒരു അമ്പതുരൂപ എടുത്തു.

”മക്കളേ, നാല്‍പത് രൂപാ ചില്ലറ തര്വോ?”
അന്നേരം ആ സുഹൃത്തിന്റെ മനസ്സില്‍ ഒരു അസ്വസ്ഥത രൂപപ്പെട്ടുവത്രെ! ”ഉം, ചില്ലറയാക്കാന്‍ നില്‍ക്കുന്നു, അതിങ്ങ് തന്നാ പോരെ കിളവന്?”
കെട്ടുകണക്കിന് പത്തുരൂപകള്‍ ഉണ്ടായിട്ടും ചില്ലറയില്ലെന്ന് കള്ളം പറഞ്ഞു.

അയാള്‍ എണീറ്റു മുറ്റത്തേക്കിറങ്ങി. നടക്കുമ്പോള്‍ അയാള്‍ എക്കിക്കുകയും ഏന്തുകയും ചെയ്യുന്നുണ്ടായിരുന്നു. അയാള്‍ റോഡുവരെ ഞെക്കി ഞെരങ്ങി നടന്നു നീങ്ങുമ്പോള്‍, എന്റെ സുഹൃത്തിന്റെ മനസ്സിലുണ്ടായ ചിന്തകള്‍ കേള്‍ക്കണോ നിങ്ങള്‍ക്ക്.

”മങ്കുഴിയിലേക്ക് കാല് നീട്ടിക്കിടക്കുന്ന കാക്കാ, ഇതെവിട്‌ത്തേക്കാ, തങ്കരിച്ച് വെക്ക്ന്ന്…. ഇത്രയും കഷ്ടപ്പെട്ടിട്ട് ചില്ലറായാക്കാന്‍ പോവേണ്ട കാര്യമുണ്ടോ.? അതിങ്ങ് തന്നാ പോരെ….”
ജംഗ്ഷനിലെ പെട്ടിക്കടയില്‍ നിന്ന് ചില്ലറയാക്കി ചിരിച്ച്‌കൊണ്ട് കാക്ക വരികയാണ്. പത്തുരൂപ വെച്ച് നീട്ടിയപ്പോള്‍, അമര്‍ഷത്തിന്റെ ഒരു പീരങ്കിപോലെയാക്കി അവന്‍ കലണ്ടര്‍ ചുരുട്ടിക്കൊടുത്തു.

”മക്കള് വെയ്‌ലത്ത് നടന്ന് ക്ഷീണിക്കല്ലേ..” ചായ കുടിച്ചോ എന്ന് പറഞ്ഞ് നേരെ ഇരുപതുകളുടെ രണ്ട് ചുരുട്ടുകള്‍ അവരുടെ പോക്കറ്റുകളില്‍ ഇറുക്കി വെച്ചുകൊടുത്തു. അപ്പോഴേക്കും പ്രായം ചെന്ന ഒരുമ്മ അകത്തുനിന്ന് കുടിക്കാനുമായെത്തി. ഉപ്പിട്ടിളക്കിയ ചൂടു കഞ്ഞി വെള്ളം.

നല്ല ചൂടില്‍ നല്ലോണം ചൂടുവെള്ളം കുടിച്ച ചങ്ങാതി, മുറ്റത്തെ പൈപ്പില്‍ ചെന്ന് കുറേ നേരം മുഖം കഴുകി. കണ്ണുനീര്‍ കുത്തിയൊഴുകുന്നത് മറ്റുള്ളവര്‍ കാണാതിരിക്കാനായിരുന്നു നേരമേറെയെടുത്തുള്ള ആ മുഖം കഴുക്..

🔰 നമുക്ക് മറ്റുള്ളവരെ പറ്റി മോശം കരുതാന്‍ ഏറെയൊന്നും വേണ്ട. നമ്മുടെ മനസ്സിന്റെ ഒരു വെമ്പലാണത്. ആളിന്റെ നന്മകളിലേക്ക് നമ്മുടെ മനസ്സ് അവ്വിധം വെമ്പുകയില്ല. അതേസമയം കുറ്റാരോപിതനായ ഒരാളെ കാണുവാനോ, ആളുകള്‍ അടക്കം പറയുന്ന ഒരാളിന്റെ ഉള്ളുകള്ളികള്‍ ചൂഴ്ന്ന് കണ്ടെത്തുവാനോ ഒക്കെ നമുക്ക് അതിവിരുതായിരിക്കും.

❗വെറുതെ ഒരു നേരം പോക്കിന്, സദസ്സിൽ ഒരു ചിരിയുണർത്തുന്നതിന് ,അതിലൂടെ വലിയ തമാശക്കാരനായി ചമഞ്ഞ് പൊങ്ങച്ചം കാണിക്കുവാനൊക്കെയായിരിക്കും പലപ്പോഴും മറ്റുള്ളവരെ താഴ്ത്തികെട്ടി പരിഹസിക്കാൻ പലരും ശ്രമിക്കുന്നത്. ഒരാളെ ഇകഴ്ത്തി അല്ലെങ്കിൽ അവരുടെ കുറ്റങ്ങൾ പറഞ്ഞ് ചില സ്വാധീനങ്ങൾ ചെലുത്തി കാര്യം നേടാനും തൊഴിൽ മേഖലകളിൽ ഇക്കൂട്ടർ വിഹരിക്കുന്നത് കാണാം. പാര എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നവർ ചെയ്യുന്നതും ഈ കഠിന ശിക്ഷയ്ക്ക് പാത്രമാവുന്ന കാര്യമല്ലാതെ മറ്റൊന്നുമല്ല.

തീർച്ചയായും ഉപേക്ഷിക്കേണ്ട ഒരു ദുസ്വഭാവം തന്നെയാണിത് എന്നതിൽ സംശയമില്ല. കടുത്ത ആത്മ നിയന്ത്രണം തന്നെ വേണ്ടി വരും ചിലപ്പോൾ എങ്കിലും മറ്റുള്ളവരെ പരിഹസിച്ച് അവരുടെ കുറ്റങ്ങൾ പറഞ്ഞ് നേടിയെടുക്കുന്ന നൈമിഷികമോ അല്ലെങ്കിൽ കുറച്ച് കാലത്തേക്കുള്ളതോ ആയ നേട്ടങ്ങൾക്ക് പകരം വരാനിരിക്കുന്നത് ശ്വശ്വതമായ പരിഹാസ്യമായ ശിക്ഷയാണെന്ന ഓർമ്മയുണ്ടാവാൻ ഈ ഹദീസ് നമ്മെ ഓർമ്മപ്പെടുത്തട്ടെ.

🌹أَسْتَغْفِرُ اللَّهَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيَّ الْقَيُّومَ وَأَتُوبُ إِلَيْهِ
പാപമോചനം തേടാനുള്ള ഈ പ്രാർത്ഥന വലിയ പാപങ്ങൾ പോലും പൊറുത്തു കിട്ടും

ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

🌹സുന്നത്തു നോമ്പുകളും പ്രതിഫലങ്ങളും🌹

🌹സുന്നത്തു നോമ്പുകളും പ്രതിഫലങ്ങളും🌹


🖊 ഇസ്ലാമിക പഞ്ചസ്തംബങ്ങളിലെ മഹത്തായ ഒരു ആരാധനാ കര്‍മ്മമാണ് നോമ്പ്. നോമ്പിന്‍റെ ശ്രേഷ്ടതയും, നോമ്പുകാരന് ലഭിക്കുന്ന പ്രതിഫലവും മഹത്തരമാണ്.റമദാനിലെ നിര്‍ബന്ധനോമ്പുകള്‍ക്കുപുറമെ ഐശ്ചികമായ നോമ്പുകളുണ്ട്. അവയെ സുന്നത്തുനോമ്പുകള്‍ എന്നുപറയുന്നു. അവയ്ക്ക് പ്രത്യേകം നിയ്യത്ത് ആവശ്യമില്ലെന്ന് ബഹുഭൂരിപക്ഷം പണ്ഡിതന്‍മാരും അഭിപ്രായപ്പെടുന്നു. എന്നാല്‍ അറഫാ, ആശൂറാഅ്, ശവ്വാലിലെ ആറുനോമ്പുകള്‍ തുടങ്ങി റവാതിബ് സുന്നത്തുകള്‍ക്ക് നിയ്യത്തുണ്ടാവുന്നത് നല്ലതാണെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേപോലെ തിങ്കളാഴ്ചയും വ്യാഴാഴ്ചയും നോമ്പുനോല്‍ക്കുന്നത് പ്രബലമായ (സുന്നത്തു മുഅക്കദ) സുന്നത്താണ്

🖊നബി (സ പറഞ്ഞു: സ്വര്‍ഗത്തിനുറയ്യാന്‍ എന്നുപേരുള്ള ഒരു പ്രത്യേകകവാടമുണ്ട്.നോമ്പനുഷ്ഠിക്കുന്നവരല്ലാതെമറ്റൊരാളും അതിലൂടെ കടക്കുകയില്ല. (സത്യാസത്യവിവേചനത്തിന്റെ നാള്‍)ചോദിക്കപ്പെടും.നോമ്പനുഷ്ഠിച്ചവരെവിടെ?തല്‍സമയം അവര്‍ ആ കവാടത്തിലൂടെസ്വര്‍ഗത്തില്‍ പ്രവേശിക്കും.പിന്നീട് ആകവാടം കൊട്ടിയടക്കപ്പെടും. (ബുഖാരി 4/1111, മുസ്‌ലിം 2/808)

🖊 നബി (സ)യില്‍ നിന്ന് നിവേദനം: ഒരുദിവസം വല്ലവനും അല്ലാഹുവിന്വേണ്ടി വ്രതമനുഷ്ഠിച്ചാല്‍ അല്ലാഹുഅവനെ നരകത്തില്‍ നിന്നും എഴുപതുവര്‍ഷത്തെ വഴിദൂരത്തേക്ക്മാറ്റിനിര്‍ത്തും. (ബുഖാരി 6/47, 2/808)

🖊 ബുധനാഴ്ചദിനത്തിലെ നോമ്പിനെക്കുറിച്ച് പ്രവാചകന്‍തിരുമേനി (സ) ഇപ്രകാരം പറഞ്ഞതായി ഒരു റിപോര്‍ട്ടുണ്ട്: ‘ദൈവം അവന്റെ അപാരമായ കരുണയാല്‍ ഈ ദിനത്തില്‍, മുമ്പുള്ള സമുദായങ്ങളെ നശിപ്പിച്ചതുപോലെ ഈ സമുദായത്തെ നശിപ്പിക്കുകയില്ല.’ ചന്ദ്രമാസത്തിലെ 13,14,15 ദിവസങ്ങളില്‍ (പൗര്‍ണമിദിനങ്ങള്‍-അയ്യാമുല്‍ ബീദ്) നോമ്പനുഷ്ഠിക്കാം. അതേപോലെ 28,29,30 ദിനങ്ങളിലും നോമ്പുനോല്‍ക്കാവുന്നതാണ്. അതേപോലെ ഓരോ മാസത്തിന്റെയും ആദ്യത്തിലും മധ്യത്തിലും അവസാനത്തിലുമുള്ള ദിനത്തില്‍ നോമ്പനുഷ്ഠിക്കുന്നത് സുന്നത്താണ്.

💥 എന്നാല്‍ എല്ലാ ദിവസവും നോമ്പനുഷ്ഠിക്കുന്നത് നിഷിദ്ധമാണ്. റമദാനിലല്ലാതെ വെള്ളിയാഴ്ചകളില്‍ നോമ്പനുഷ്ഠിക്കരുത്.

🖊 നോമ്പുകാരനുവേണ്ടി പരലോകത്ത് നോമ്പ് ശുപാര്‍ശക്കാരനായി വരുന്നതാണ്. സ്വര്‍ഗ്ഗ പ്രവേശനത്തിന് വഴിയൊരുക്കുന്ന ഒരു പ്രവര്‍ത്തനം അറിയിച്ചുതരണം എന്ന് പറഞ്ഞ അനുചരനോട് പ്രവാചക തിരുമേനി പറഞ്ഞു: “നീ നോമ്പനുഷ്ടിക്കുക, കാരണം അതിന് തുല്ല്യമായി ഒന്നും തന്നെയില്ല’. നോമ്പുകാരന്റെ വായയുടെ വാസന അല്ലാഹുവിന്റെയടുത്ത് കസ്തൂരിപോലെ പരിമളമുളളതാണ്. ഇത്തരം നിരവധി ശ്രേഷ്ടതകള്‍ നേടണമെങ്കില്‍ റമളാനിലെ നിര്‍ബന്ധമായ നോമ്പുകള്‍ക്ക് പുറമെ സുന്നത്തായ നോമ്പുകളും അനുഷ്ടിക്കേണ്ടതുണ്ട് .

✒ അല്ലാഹുവിന്റെ ദൂതര്‍ ചോദിച്ചു: നിങ്ങളില്‍ആരാണ് ഇന്ന് നോമ്പുകാരനായിട്ടുളളത്? അബൂബക്കര്‍ പറഞ്ഞു: ഞാന്‍.
അദ്ദേഹംചോദിച്ചു: നിങ്ങളില്‍ ആരാണ് ഇന്ന് മയ്യിത്തിനെ അനുഗമിച്ചത്? അബൂബക്കര്‍ പറഞ്ഞു: ഞാന്‍.
അദ്ദേഹം ചോദിച്ചു: നിങ്ങളില്‍ ആരാണ് ഇന്ന് ഒരു സാധുവിനെ ഭക്ഷിപ്പിച്ചത്?അബൂബക്കര്‍ പറഞ്ഞു: ഞാന്‍.
അദ്ദേഹംചോദിച്ചു നിങ്ങളില്‍നിന്ന് ആരാണ് ഇന്ന് ഒരുരോഗിയെ സμര്‍ശിച്ചത്? അബൂബക്കര്‍പറഞ്ഞു: ഞാന്‍.
അപ്പോള്‍ അല്ലാഹുവിന്റെദൂതര്‍ പറഞ്ഞു: ഒരു മനുഷ്യനില്‍ ഇവകള്‍ഒരുമിച്ച് കൂടിയാല്‍ അയാള്‍ സ്വര്‍ഗ്ഗത്തില്‍പ്രവേശിക്കാതിരിക്കുകയില്ല” (മുസ്ലിം )

🔮 നിയ്യത്തിന്റെ സമയം

സുന്നത് നോമ്പിന് രാത്രി തന്നെ നിയ്യത്ത് ചെയ്യണമെന്നില്ല. ഉച്ചയാകുന്നതിന് മുമ്പ് നിയ്യത്ത്ചെയ്താല്‍ മതിയാകും. ഇതിന്ഉപോല്‍ബലകമായി ഉദ്ധരിക്കുന്നഹദീസ് ആയിശ (റ) യില്‍ നിന്നുനിവേദനം ചെയ്യപ്പെടുന്നതാണ്. ഒരുദിനം റസൂലുല്ലാഹി (സ) എന്നെസമീപിച്ച് വല്ലതും ‘ക്ഷിക്കാനുണേ്ടാഎന്ന് അന്വേഷിച്ചു. ഞാന്‍ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ഞാന്‍ നോമ്പുകാരനാണെന്ന് അവിടന്ന്പ്രസ്താവിച്ചു.

ഇന്ന ദിവസത്തെ സുന്നത്ത് നോമ്പ് എന്ന്പ്രത്യേകം നിയ്യത്തില്‍നിര്‍ണയിക്കേണ്ടതില്ലെന്നാണ് പ്രബലമതം.

🖊 നബി (സ്വ) അരുൾ ചെയ്തു: ‘തിങ്കളാഴ്‌ചയും വ്യാഴാഴ്‌ചയുമാണ് നിങ്ങളുടെ കർമ്മങ്ങൾ അല്ലാഹുവിങ്കലേക്ക് ഉയർത്തപ്പെടുക. ഞാൻ നോമ്പുകാരനായിരിക്കെ എന്റെ കർമ്മങ്ങൾ അവങ്കലേക്ക് ഉയർത്തപ്പെടാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്’ (തിർമ്മിദി).

ആഇശാ ബീവി പറയുന്നു: ‘നബി (സ്വ) എല്ലാ തിങ്കളാഴ്‌ചയിലേയു വ്യാഴാഴ്‌ചയിലേയും നോമ്പ് നോൽക്കാൻ പ്രത്യേകമായി ശ്രദ്ധിക്കാറുണ്ടായിരുന്നു’. നാം ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ ചെയ്ത കാര്യങ്ങൾ വ്യാഴാഴ്‌ച യും വെള്ളി, ശനി, ഞായർ, തിങ്കൾ എന്നീ ദിവസങ്ങളി. ചെയ്ത കാര്യങ്ങൾ തിങ്കളാഴ്‌ചയും അല്ലാഹുവിലേക്ക് ഉയർത്തപ്പെടും (ഇആനത്ത്).


✒ അല്ലാഹു തആലാ പറയുന്നു: ‘നോമ്പുകാർക്കും നോമ്പുകാരികൾക്കും അല്ലാഹുവിന്റെ പൊരുത്തവും മഹത്തായ പ്രതിഫലവും അല്ലാഹു ഒരുക്കി വെച്ചിരിക്കുന്നു’ (സുറത്തുൽ അഹ്സാബ്).

അല്ലാഹു തആലാ സ്വർഗത്തിൽ വെച്ച് പറയും: ‘നിങ്ങൾ ദുനിയാവിൽ വെച്ച് അന്നപാനീയങ്ങൾ വെടിഞ്ഞ് നോമ്പെടുത്തതിനാൽ ഇപ്പോൾ നിങ്ങൾ സുഭിക്ഷമായി തിന്നുകയും കുടിക്കുകയും ചെയ്യുവീൻ’ (സൂറത്തുൽ ഹാഖ്ഖഃ).

അല്ലാഹുവിന്റെ റസൂൽ (സ്വ) അരുൾ ചെയ്തു: ‘ആരെങ്കിലും അല്ലാഹുവിൽ നിന്ന് പ്രതിഫലം കാംക്ഷിച്ചു കൊണ്ട് നോമ്പനുഷ്ഠിച്ചാൽ അവന്റെ മുഖം നരകത്തിൽ നിന്നും നാൽപത് വർഷത്തെ വഴി ദൂരത്തേക്ക് അല്ലാഹു അകറ്റി നിർത്തും. (ബുഖാരി, മുസ്ലിം)
ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

🌹ജുമുഅ നിസ്‌കാരം: ചില മസ്അലകള്‍🌹

🌹ജുമുഅ നിസ്‌കാരം: ചില മസ്അലകള്‍🌹



💥നിസ്‌കാരങ്ങളുടെ കൂട്ടത്തില്‍ വെച്ച് ഏറ്റവും മഹത്വമുള്ള ഒന്നാണ് ജുമുഅ നിസ്‌കാരം. സ്ത്രീ, അടിമ, കുട്ടി, രോഗി എന്നിവര്‍ക്കൊന്നും ജുമുഅ നിര്‍ബന്ധമില്ല. അതേസമയം അവര്‍ നിസ്‌കരിച്ചാല്‍ സാധുവാകുന്നതും അന്നത്തെ ളുഹ്ര്‍ പിന്നെ നിസ്‌കരിക്കുകയും വേണ്ട. സ്ത്രീകള്‍ മറ്റു ദിവസങ്ങളെപ്പോലെ തന്നെ വെള്ളിയാഴ്ചയും സമയമായാല്‍ ഉടനെ ദുഹ്ര്‍ നിസ്‌കരിക്കലാണ് ഏറ്റവും പുണ്യം. നാട്ടിലെ ജുമുഅ അവസാനിക്കാന്‍ വേണ്ടി ളുഹ്‌റിനെ പിന്തിക്കേണ്ടതില്ല.

ജുമുഅഃ സാധുവാകണമെങ്കില്‍ ആദ്യത്തെ റക്അത്ത് ജമാഅത്തോടെ  തന്നെ സംഭവിക്കണം. മസ്ബൂഖ് രണ്ടാമത്തെ റക്അത്തിലെ റുകൂഇല്‍ ഇമാമിനെ എത്തിച്ചാല്‍ ഒന്നാം റക്അത്തില്‍ ജമാഅത്ത് ലഭിച്ചല്ലോ. ഇമാമിന്റെ അത്തഹിയ്യാത്തില്‍ തുടര്‍ന്നാല്‍ ജുമുഅയുടെ നിയ്യത്തോടെ ദുഹ്ര്‍ നിസ്‌കരിക്കണം.

ജുമുഅയുടെ നിയ്യത്ത് ചെയ്യണം എന്ന് പറയാന്‍ കാരണം ഇമാമിനോട് നിയ്യത്തില്‍ യോജിക്കാനാണ്. മാത്രമല്ല, ഇമാം ഏതെങ്കിലും ഫര്‍ദ് ഒഴിവാക്കിയത് പിന്നീട് ഓര്‍മ വന്നാല്‍ ഇമാം ഒരു റക്അത്ത് കൂടി നിസ്‌കരിച്ചാല്‍ അത്തഹിയ്യാത്തില്‍ തുടര്‍ന്ന മസ്ബൂഖിനു ജുമുഅഃ തന്നെ ലഭിക്കുമല്ലോ.

ജുമുഅ നിസ്‌കരിക്കുന്ന ഇമാമിന്റെ രണ്ടാം റക്അത്തില്‍ തുടര്‍ന്ന മസ്ബൂഖിനു ജുമുഅ ലഭിക്കണമെങ്കില്‍ ഇമാമിന്റെ സലാം വരെ ഇമാമിനെ പിന്‍പ്പറ്റണം. ഇമാം സലാം വീട്ടിയ ശേഷം നഷ്ടപ്പെട്ട റക്അത്ത് നിസ്‌കരിക്കുന്ന മസ്ബൂഖിനെ മറ്റൊരാള്‍ വന്ന് തുടരുകയും അങ്ങനെ അവന് ഈ മസ്ബൂഖിന്റെ കൂടെ ഒരു റക്അത്ത് ലഭിക്കുകയും ചെയ്താല്‍ അവനും ജുമുഅ ലഭിക്കും. ഇക്കാര്യം ഇമാം ഇബ്‌നുഹജര്‍(റ) തുഹ്ഫയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മസ്ബൂഖിനെ തുടര്‍ന്നയാള്‍ തുടര്‍ച്ച മുറിഞ്ഞ ശേഷം അടുത്ത റക്അത്തിലേക്കു ഉയര്‍ന്നപ്പോള്‍ മറ്റൊരാള്‍ വന്നു തുടര്‍ന്നു. അവനും ഒരു റക്അത്ത് ജമാഅത്തായി ലഭിച്ചാല്‍ ജുമുഅ ലഭിക്കും. ഇങ്ങനെ അസ്ര്‍ വരെ ഓരോര്‍ത്തര്‍ വന്നു തുടര്‍ന്നാലും എല്ലാവര്‍ക്കും ജുമുഅ ലഭിക്കും. (ഇആനത്ത് 2/55)

ഇമാമിനെ കൂടാതെ നാല്‍പത് പേരുളള ജുമുഅ നിസ്‌കാരത്തില്‍ രണ്ടാമത്തെ റക്അത്തില്‍ ഇമാമിന്റെ വുദു മുറിഞ്ഞാലും മഅ്മൂമുകളുടെ ജുമുഅ നഷ്ടപ്പെടില്ല. അവര്‍ക്ക് ജുമുഅ പൂര്‍ത്തിയാക്കാം. കാരണം, ഒരു റക്അത്ത് ജമാഅത്തായി ലഭിച്ചിട്ടുണ്ടല്ലോ. നാല്‍പത് പേരുടെ ജുമുഅ സാധുവാകല്‍ നിര്‍ബന്ധമാണ്. നാല്‍പതില്‍ ഒരാളുടേത് ബാത്വിലായാല്‍ എല്ലാവരുടേതും നഷ്ടപ്പെടും. (ഇആനത്ത് 2/54)

കുട്ടികള്‍, സ്ത്രീകള്‍, അടിമകള്‍ എന്നിവരുടെ ജുമുഅ സ്വഹീഹാകുമെങ്കിലും അവരെ നാല്‍പത്  എണ്ണത്തില്‍ പരിഗണിക്കില്ല. അവരെ കൂടാതെ തന്നെ നാല്‍പത് തികയണം. ഇതാണ് ശാഫിഈ മദ്ഹബ്. ഹമ്പലീ മദ്ഹബിലും നാല്‍പത് പേര്‍ വേണം. നാലുപേര്‍ ഉണ്ടായാല്‍ തന്നെ ജുമുഅ സാധുവാകും എന്നാണ് ഹനഫീ മദ്ഹബ്. പന്ത്രണ്ട് പേര്‍ വേണമെന്നാണ് ഇമാം മാലികി(റ)ന്റെ ഒരഭിപ്രായം. (ഖല്‍യൂബി 1/274, ഇആനത്ത് 2/55)

കാരണം കൂടാതെ ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുക്കാതിരുന്നാല്‍ ഇമാം ജമുഅയില്‍ നിന്നും സലാം വീട്ടുന്നതുവരെ ജുമുഅയില്‍ പങ്കെടുക്കാത്തവന്റെ ദുഹ്ര്‍ സാധുവാകില്ല. രോഗം കാരണം ജുമുഅക്ക് പോകാതെ ദുഹ്ര്‍ നിസ്‌കരിച്ച ശേഷം ജുമുഅയുടെ മുമ്പ് തന്നെ രോഗം സുഖപ്പെട്ടുവെങ്കിലും ജുമുഅ നിര്‍ബന്ധമില്ല. എങ്കിലും ജുമുഅ നിസ്‌കരിക്കല്‍ സുന്നത്തുണ്ട്. (ഇആനത്ത് 2/62)

*🌹أَسْتَغْفِرُ اللَّهَ الَّذِي لَا إِلَهَ إِلَّا هُوَ الْحَيَّ الْقَيُّومَ وَأَتُوبُ إِلَيْهِ *
പാപമോചനം തേടാനുള്ള ഈ പ്രാർത്ഥന വലിയ പാപങ്ങൾ പോലും പൊറുത്തു കിട്ടും
ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

തയമ്മും - നിയമങ്ങളും , സാധ്യതകളും മദ്ഹബിന്റെ വീക്ഷണത്തിൽ

തയമ്മും - നിയമങ്ങളും , സാധ്യതകളും മദ്ഹബിന്റെ വീക്ഷണത്തിൽ


💥വെള്ളം കിട്ടാതെ വരികയോ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അസുഖമെന്തെങ്കിലും ഉണ്ടാവുകയോ ചെയ്‌താല്‍ വുളുവിന്നും കുളിക്കും പകരം തയമ്മും ചെയ്യേണ്ടതാണ്. എന്താണ് തയമ്മും? ചില പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായി മുഖത്തും കൈകളിലും മണ്ണ് ചേര്‍ക്കുന്നതിനാണ് തയമ്മും എന്ന് പറയുന്നത്.

കരുതൽ എന്നാണ് തയ്യമ്മും എന്ന വാക്കിന്റെ അർഥം . ചില നിബന്ധനകളോടെ മുഖത്തും രണ്ടു കൈകളിലും മണ്ണുപയോഗിക്കുക എന്നതാണ് തയമ്മുമിന്റെ ശറഈയ അർഥം . നബി (സ) യുടെ സമുദായത്തിന് മാത്രം അല്ലാഹു നൽകിയ സവിശേഷതയാണിത് . മുൻ സമുദായങ്ങൾക്ക്‌ തയമ്മും നിയമമാക്കപ്പെട്ടിട്ടില്ല (തുഹ്ഫ 1/324)

ഹിജ്റാ നാലാം വർഷത്തിലാണ് തയമ്മും നിർബന്ധമാക്കപ്പെട്ടത്

യാത്രക്കിടയില്‍ വാഹനത്തിനു തകരാറു സംഭവിക്കുകയും വാഹനത്തിലോ പരിസരത്തോ വിളിച്ചാല്‍ കേള്‍ക്കുന്ന സ്ഥല പരിധിക്കുള്ളിലോ വെള്ളം ലഭിക്കാന്‍ ഒരു മാര്‍ഗ്ഗവും ഇല്ലാതെ വരുകയും അല്ലെങ്കില്‍ വെള്ളമുണ്ടെങ്കിലും അടുത്ത് വെള്ളമുള്ള സ്ഥലത്ത് എത്തുന്നതിനു മുമ്പ് യാത്രക്കാരനോ അവന്റെ സഹയാത്രികര്‍ക്കോ മുഹ്തറമായ ജീവികള്‍ക്കോ കുടിക്കാന്‍ ആവശ്യമായി വരുമെന്ന് കാണുകയും ചെയ്താല്‍ തയമ്മും ചെയ്തു നിസ്‌ക്കരിക്കാം.

🖊അല്ലാഹു തആലാ പറയുന്നു : നിങ്ങൾക്ക് ശുദ്ധീകരിക്കാൻ വെള്ളം ലഭിച്ചില്ലെങ്കിൽ ശുദ്ധമായ മണ്ണിനെ തേടുക (മാഇദഃ 6 )

🖊ശുദ്ധീകരിക്കാൻ വെള്ളം കിട്ടാത്തപക്ഷം ശുദ്ധിയുള്ള മണ്ണിനെ കരുതുക , എന്നിട്ടു മുഖവും രണ്ടു കൈകളും തടവുക (നിസാ : ൪൩)

✒നബി (സ) തങ്ങൾ പറഞ്ഞു : ഭൂമിയെ നിങ്ങൾക്ക് സുജൂദ് ചെയ്യാനുള്ള സ്ഥലവും ഭൂമിയിലെ മണ്ണിനെ ശുദ്ധീകരണത്തിനുമാക്കി (ഇമാം അഹ്മദ് റഹ്)

വെള്ളം ഉണ്ടെങ്കിലും ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോഴും തയമ്മും ചെയ്തു നിസ്‌ക്കരിക്കാം.  അതായത് വെള്ളം ഉപയോഗിക്കുന്നത് കൊണ്ട് രോഗം ഉണ്ടാകുമെന്നോ ഉള്ള രോഗം അധികരിക്കുമെന്നോ ദേഹനഷ്ടമോ അംഗനഷ്ടമോ സംഭവിക്കുമെന്നോ ഏതെങ്കിലും അവയവത്തിന്റെ പ്രവര്‍ത്തനശേഷി ഇല്ലാതാകുമെന്നോ രോഗമുണ്ടെങ്കില്‍ അത് ശമിക്കാന്‍ താമസം നേരിടുമെന്നോ ബാഹ്യാവയവങ്ങളില്‍ വൈരൂപ്യമുണ്ടാക്കുന്ന കലകള്‍ ഉണ്ടാകുമെന്നോ ഭയം ഉണ്ടെങ്കില്‍ തയമ്മും ചെയ്തു നിസ്‌ക്കരിക്കല്‍ അനുവദനീയമാണ്.

💥 തയമ്മുമിന്റെ നിബന്ധനകള്‍

ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ഒരു തയമ്മും കൊണ്ട് ഒരൊറ്റ ഫര്‍ള് നിസ്‌കാരം മാത്രമേ നിസ്‌കരിക്കാവൂ എന്നത് നബി ചര്യയാണ്. (ദാറഖുത്‌നി-1/ ദാറുല്‍ മഹാസിന്‍ 188)

1. വെള്ളം ഉപയോഗിക്കാന്‍ അശക്തമാവുക.

(മുകളില്‍ പറഞ്ഞതു പോലുള്ള കാരണങ്ങള്‍ ഉണ്ടാകുമ്പോള്‍)

2. തയമ്മുമിന് മുമ്പ് ശരീരത്തില്‍ നജസുണ്ടെങ്കില്‍ നീക്കുക.

3. തയമ്മുമിന് മുമ്പ് ഖിബ്‌ല എങ്ങോട്ടാണെന്ന് ഗവേഷണം ചെയ്തു കണ്ടെത്തണം. യാത്രയിലോ മറ്റോ ഖിബ്‌ല അറിയാന്‍ ഗവേഷണം ആവശ്യമായി വരുന്ന സമയത്താണ് ഈ നിബന്ധന ബാധകമാകുന്നത്. വിമാനത്തില്‍ വെച്ച് നിസ്‌ക്കരിക്കുന്നവര്‍ക്ക് ഖിബ്‌ലയിലേക്ക് മുന്നിടാന്‍ കഴിഞ്ഞില്ലെങ്കില്‍ അവിടെ ഗവേഷണം ചെയ്യുക എന്നത് പ്രായോഗികമല്ല.  അപ്പോള്‍ അവര്‍ക്കും ഈ നിബന്ധന പാലിക്കേണ്ടതില്ല.

4. നിസ്‌ക്കാര സമയം കടന്നതിനു ശേഷം തയമ്മും ചെയ്യുക.

5. ശുദ്ധമായ പൊടിമണ്ണുകൊണ്ട് (ത്വഹൂറായ പൊടിമണ്ണ് കൊണ്ട്) തയമ്മും ചെയ്യുക.

ഓട്, ചുടുകട്ട തുടങ്ങിയവയുടെ പൊടി ഉപയോഗിച്ച് തയമ്മും ചെയ്താല്‍ ശരിയാവുകയില്ല.  ഒരു പേപ്പറില്‍ നിരത്തിയ പൊടിമണ്ണ് തയമ്മുമിന് വേണ്ടി അടിച്ചെടുത്ത് ഉപയോഗിക്കുമ്പോള്‍ അവയവങ്ങളില്‍ തടവാന്‍ ഉപയോഗിച്ച മണ്ണ് പേപ്പറിലെ മണ്ണിലേക്ക് പൊഴിഞ്ഞു വീഴാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ ആ മണ്ണ് കൊണ്ട് എത്ര തയമ്മുമും ചെയ്യാം.  ഹജ്ജ് പോലുള്ള യാത്രകളില്‍ ഒരല്‍പം പൊടിമണ്ണ് കരുതിയാല്‍ വെള്ളം കിട്ടാതെ വരുമ്പോള്‍ തയമ്മും ചെയ്യാം.

6. മുഖം തടവാന്‍ വേണ്ടി ഒരു പ്രാവശ്യവും കൈകള്‍ തടവാന്‍ വേണ്ടി രണ്ടാം പ്രാവശ്യവും പൊടിമണ്ണില്‍ അടിക്കണം. ഇപ്രകാരം രണ്ടു പ്രാവശ്യം മണ്ണ് അടിച്ചെടുക്കണം (മണ്ണ് അടിച്ചെടുക്കുക എന്നു പറഞ്ഞാല്‍ മണ്ണില്‍ കൈ അമര്‍ത്തുക എന്നേ അര്‍ത്ഥമുള്ളൂ)

💥 തയമ്മുമിനുള്ള മൂന്നു കാരണങ്ങൾ

1 . വെള്ളം ഇല്ലാതിരിക്കാൻ

2 . കൊല്ലൽ നിഷിദ്ധമായ ജീവികളുടെ ജീവികളുടെ ദാഹശമനത്തിനു വെള്ളം ആവശ്യമായി വരൽ

3 . വെള്ളം ഉപയോഗിക്കുന്നത് മൂലം ഒരു അവയവത്തിന്റെ ഉപകാരം നഷ്ടപ്പെടുക , സുഖം പ്രാപിക്കാൻ താമസം നേരിടുക , വെള്ളം ഉപയോഗം മൂലം പ്രത്യക്ഷാവയവങ്ങളിൽ വികൃതമായ പാടുകൾ ഉണ്ടാകുക തുടങ്ങിയ കാരണങ്ങളാണ് .

ഈ മൂന്നു കാരണങ്ങൾ ഉണ്ടായാൽ ചെറിയ അശുദ്ധി ഉള്ളവരും , വലിയ അശുദ്ധി ഉള്ളവരും വുളൂ , കുളി എന്നിവയ്ക്ക് പകരം തയമ്മം ചെയ്യണം (തുഹ്ഫ 1/325)

ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆

ഉറക്കിന്റെ മര്യാദകൾ

 ഉറക്കിന്റെ മര്യാദകൾ



💥 ശരീരത്തെ മയക്കിക്കിടത്തി ആത്മാവ് സ്വതന്ത്രമായി സഞ്ചരിക്കുന്ന സമയമാണ് ഉറക്കം. പൂർണ വിശ്രമം ശരീരത്തിന് ലഭിക്കാൻ നാഥൻ സംവിധാനിച്ച പ്രകൃതമാണിത്. ഉറക്കം മരണത്തിന്റെ സഹോദരനാണെന്ന് പ്രമാണങ്ങൾ പറയുന്നതിന്റെ താൽപര്യവുമിതാണ് (ശറഹു സുനനുബ്‌നുമാജ 291/5).

💥 ഉറക്കമുണർന്ന ശേഷം ചൊല്ലാൻ നിർദേശിക്കപ്പെട്ട ദിക്‌റും ഇത്തരമൊരു അർത്ഥ സാരത്തിലേക്ക് സൂചന നൽകുന്നുണ്ട്. സുമർ അധ്യായത്തിന്റെ നാൽപത്തി രണ്ടാം വചനത്തിന്റെ ആശയം ഇങ്ങനെ: അല്ലാഹു ഓരോ ശരീരത്തെയും അവയുടെ മരണ സമയത്ത് മരിപ്പിക്കുന്നു. ഉറക്കിൽ മരിക്കാത്ത ശരീരങ്ങളേയും, ഉറക്കിൽ മരണം കണക്കാക്കിയ ശരീരങ്ങളുടെ ആത്മാക്കളെ അല്ലാഹു പിടിച്ച് വെക്കുന്നു. അല്ലാത്തവയെ നിശ്ചിത സമയത്തേക്ക് അഴിച്ച് വിടുന്നു.

ഈ വചനത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം റാസി എഴുതി: മനുഷ്യാത്മാവ് ശരീരവുമായി ബന്ധപ്പെട്ട് നിൽക്കുമ്പോൾ അതിന്റെ പ്രതിഫലനം ശരീരാവയവങ്ങളിൽ മുഴുവൻ പ്രകടമാവുന്നു. ഇത് ജീവാവസ്ഥയാണ്. മരണത്തിൽ ആന്തരികവും ബാഹ്യവുമായ മുഴുബന്ധവും ആത്മാവ് ഉപേക്ഷിക്കുന്നു. ഉറക്ക് സമയത്ത് ബാഹ്യമായി ആത്മാവ് മാറിനിൽക്കുകയും ആന്തരികമായ ഒരു ബന്ധം ശരീരവുമായി നിലനിർത്തുകയും ചെയ്യുന്നു. അത്‌കൊണ്ട് തന്നെ മരണവും ഉറക്കവും ഒരു വർഗത്തിൽപ്പെട്ടതാണെന്ന് ബോധ്യപ്പെടും (റാസി 267/13).

🍀 രാത്രിയിൽ ഉറങ്ങാനൊരുങ്ങുമ്പോൾ പാലിക്കേണ്ട മര്യാദകളും അച്ചടക്കവും റസൂൽ(സ്വ) പഠിപ്പിച്ചിട്ടുണ്ട്.

ജാബിർ(റ)വിൽ നിന്ന് ഉദ്ധരണം. നബി(സ്വ) പറഞ്ഞു: നിങ്ങൾ പാത്രങ്ങൾ മൂടിവെക്കുക, വാതിലുകൾ അടച്ചിടുക, വിളക്കുകൾ അണക്കുക, കത്തിച്ച് വച്ച തിരി എലി കടിച്ച് കൊണ്ടുവന്ന് വീട് കത്തിപ്പോവാൻ ഇട വരും (ബുഖാരി 6295, മുസ്‌ലിം 2012).

അബൂമൂസാ(റ) പറയുന്നു: മദീനയിലെ ഒരു വീട് രാത്രിയിൽ കത്തിയെരിഞ്ഞ വിവരം തിരുനബി(സ്വ) അറിഞ്ഞു. അവിടുന്ന് പറഞ്ഞു: തീ നിങ്ങളുടെ ശത്രുവാണ്. ഉറങ്ങാനൊരുങ്ങുമ്പോൾ തീ അണക്കുക (ബുഖാരി 6294, മുസ്‌ലിം 2016).

ജാബിർ(റ)വിൽ നിന്ന്. നബി(സ്വ) പറഞ്ഞു: നിങ്ങൾ വാതിൽ അടച്ചിടുക, അല്ലാഹുവിന്റെ പേര് പറയുകയും ചെയ്യുക, അടക്കപ്പെട്ട വാതിൽ പിശാച് തുറക്കുകയില്ല (മുസ്‌ലിം 2012).

💥 ഇബ്‌നു ദഖീഖുൽ ഈദ് എഴുതുന്നു. വാതിൽ അടച്ചിടണമെന്ന് പറഞ്ഞതിൽ ഭൗതികവും മതപരമായുമുള്ള നിരവധി നന്മകളുണ്ട്. ശരീരത്തിനെയും സമ്പത്തിനെയും സംരക്ഷിക്കുക എന്നതാണ് ഭൗതിക നന്മ. മനുഷ്യനുമായി പിശാച് കൂടിക്കലരുന്നത് തടയാനും വാതിൽ അടച്ചിടുന്നത് സഹായകമാണ്. പിശാച് അടച്ചിട്ട വാതിലിലൂടെ കടക്കുകയില്ല എന്ന് തിരുനബി(സ്വ) പറഞ്ഞതിന്റെ താൽപര്യം അതാണ്. നുബുവ്വത്തിന്റെ വഴിക്കല്ലാതെ ഇക്കാര്യങ്ങളൊന്നും ബോധ്യപ്പെടുകയില്ല (ഫത്ഹുൽ ബാരി 11/87).

✔ അടുത്ത കാലത്ത് നാടൊട്ടുക്കും ഭീതി പടർത്തിയ നിപയും മലമ്പനി, എലിപ്പനിയടക്കമുള്ള പകർച്ച പനികളും വയറിളക്കം, അതിസാരം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും നമ്മുടെ നാടിനെ കുറച്ചൊന്നുമല്ല പേടിപ്പിച്ചത്. ഭക്ഷണ സാധനങ്ങളിലും പാത്രങ്ങളിലും വന്നുപെടുന്ന അണുക്കളാണ് ഇവയുടെ പ്രധാന കാരണമെന്ന് ലോകാരോഗ്യ സംഘടന അടക്കമുള്ളവ കണ്ടെത്തുകയുണ്ടായി. ഇതിനെതിരെയുള്ള ശക്തമായ പ്രതിരോധ നിർദേശമാണ് തിരുനബി(സ്വ) പറഞ്ഞത്.

📒 ജാബിർ(റ)വിൽ നിന്ന്. നബി(സ്വ) പറഞ്ഞു: നിങ്ങൾ പാത്രങ്ങൾ മൂടിവെക്കുക, പാനപാത്രങ്ങൾ കെട്ടിവെക്കുക, വർഷത്തിലെ ഒരു രാത്രിയിൽ മാറാവ്യാധി രോഗങ്ങൾ ഇറങ്ങും. മൂടിവെക്കാത്ത ഭക്ഷണപാത്രങ്ങളിലും കെട്ടിവെക്കാത്ത പാനപാത്രങ്ങളിലുമെല്ലാം അവ ചെന്നെത്തും (മുസ്‌ലിം 2014).

🖊 ഉറങ്ങുന്നതിന് മുമ്പ് വുളൂഅ് ചെയ്യണമെന്ന് പ്രത്യേകം നിർദേശിക്കപ്പെട്ട സുന്നത്താണ്. ബറാഉബ്‌നു ആസ്വിബിൽ(റ) നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: നീ കിടപ്പറയിൽ ചെന്നാൽ നിസ്‌കാരത്തിന് വുളൂഅ് ചെയ്യുന്നത് പ്രകാരം വുളൂഅ് ചെയ്യുക. ഈ ഹദീസിൽ തുടർന്ന് പറയുന്നത് വലത് ഭാഗത്തേക്ക് ചെരിഞ്ഞ് കിടക്കണമെന്നാണ്. ശാരീരികമായും ആരോഗ്യപരമായും നിരവധി ഗുണഫലങ്ങൾ ഇതിലുണ്ട്. ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളിലേക്കും രക്തം സഞ്ചരിക്കാനും അനായാസം ശ്വാസം വലിക്കാനും പുറത്ത് വിടാനുമെല്ലാം വലത് ഭാഗത്തേക്കുള്ള കിടത്തം സഹായകമാവുന്നു. ഇടത് ഭാഗത്തേക്കോ മലർന്നോ കമിഴ്‌ന്നോ കിടന്നാൽ ലഭിക്കാത്ത നിരവധി ഗുണഫലങ്ങൾ വലത് ഭാഗത്തേക്ക് ചെരിഞ്ഞ് കിടന്നുറങ്ങുന്നത് മൂലം ലഭിക്കും.

✒ ഉയരമുള്ള തലയിണയിൽ തല വച്ചുറങ്ങുമ്പോൾ നെറ്റി, തല, തലച്ചോർ തുടങ്ങിയ പ്രധാന ഭാഗങ്ങളിലെല്ലാം രക്തസഞ്ചാരം കുറയുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ചെറിയ തലയിണയോ വലതുകൈ കവിളിൽ വച്ചോ ഉറങ്ങുന്ന നബിയുടെ ശീലത്തിൽ വലിയ പാഠമുണ്ടെന്നാണ് ആധുനികർ കണ്ടെത്തുന്നത്. ആമാശയ രോഗവുമായി ബന്ധപ്പെട്ട് ചികിത്സക്കെത്തിയ രോഗികളിൽ 95% പേരോടും വലതു ഭാഗത്തേക്ക് ചെരിഞ്ഞ് കിടന്നുറങ്ങാൻ നിർദേശിക്കുന്നവരാണ് ആധുനിക ഡോക്ടർമാരിൽ ഏറെ പേരുമെന്നും പുതിയ പഠനങ്ങൾ പ്രത്യേകം എടുത്ത് പറയുന്നുണ്ട്.

🌷അബൂഹുറൈറ(റ) വിൽ നിന്ന്. നബി(സ്വ) കമിഴ്ന്ന് കിടന്നുറങ്ങുന്ന ഒരാളെ കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു: ഈ കിടത്തം അല്ലാഹു ഇഷ്ടപ്പെടുകയില്ല (ബുഖാരി 6311).

📓 സൂറത്തുൽ ഇഖ്‌ലാസ്വ്, സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് എന്നിവയാണ് നിർദേശിക്കപ്പെട്ട സൂറത്തുകൾ. ആഇശ ബീവിയിൽ നിന്ന് റിപ്പോർട്ട്. തിരുനബി(സ്വ) എല്ലാ രാത്രിയിലും രണ്ടുകൈയ്യും കൂട്ടിപ്പിടിച്ച് ഖുൽ ഹുവല്ലാഹു അഹദ്…, ഖുൽ അഊദു ബി റബ്ബിൽ ഫലഖ്…, ഖുൽ അഊദു ബി റബ്ബിന്നാസ്… എന്നീ സൂറത്തുകൾ ഓതിയ ശേഷം ശരീരത്തിൽ നിന്ന് സാധ്യമായ സ്ഥലത്തെല്ലാം തടവും. തലയിലും മുഖത്തുമാണ് ആദ്യം തടവുക. ഇങ്ങനെ മൂന്ന് പ്രാവശ്യം എല്ലാ രാത്രിയിലും ചെയ്യാറുണ്ട് (ബുഖാരി 5017).

ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹

തവസ്സുൽ സമൂഹികതയുടെ തേട്ടം

🍃🤲🏼  തവസ്സുൽ  🤲🏼🍃
 സമൂഹികതയുടെ തേട്ടം



    ✍🏼ഇസ്ലാം സ്നേഹത്തിന്റേയും ഇണക്കത്തിന്റേയും മതമാണ്. പരസ്പരം ചേര്‍ന്നിരിക്കാനും ഹൃദയം പങ്കുവെയ്ക്കാനും അത് മനുഷ്യനോട് ആവശ്യപ്പെടുന്നു. അകറ്റിപ്പിടിക്കല്‍ നയങ്ങളുമായി ഇസ്ലാം എന്നും കലാപം കൂട്ടിയിട്ടേയുള്ളൂ. സങ്കുചിതത്വങ്ങളുമായി രാജിയാവാന്‍ അതൊരിക്കലും തയ്യാറായിട്ടില്ല...

 ഉപഭോഗ സംസ്കാരത്തിന്റെ സകലമാന ചേരുവകകളോടും പൊരുതുന്നുവെന്നതാണ്  ലോക സംസ്കാരങ്ങളില്‍ ഇസ്ലാമിനെ വേറിട്ടു നിര്‍ത്തുന്ന ഒരു ഘടകം. വിധേയപ്പെടുവാനും സ്വയം ചെറുതാകുവാനും അത് മാനവരാശിയെ പഠിപ്പിച്ചു. ‘ഞാന്‍‘ എന്ന് കൊഴുത്ത അക്ഷരങ്ങളില്‍ മനസ്സുകളില്‍ കൊത്തിവെച്ചവര്‍ക്ക് വിധേയപ്പെടുവാനും വികാരങ്ങള്‍ പങ്കുവെക്കാനും കഴിയില്ല. അവര്‍ അവരവരുടെ സ്വകാര്യമായ നിഷ്ഠകളും ഇസ്തിരിയിട്ട ഉപചാരങ്ങളും സ്വകാര്യമുറിയിലിട്ട് അടച്ച് ഭദ്രമാക്കിയ ദൈവവുമായി എന്നും ജീവിതം തള്ളിനീക്കും. കൊട്ടിയടച്ച് സാക്ഷയിട്ട അവരുടെ മനസ്സുകള്‍ ആര്‍ക്ക്   വേണ്ടിയും തുറക്കപ്പെടില്ല...

 ഞാന്‍, എന്റെ ആരാധനകള്‍, എന്റെ പ്രാര്‍ത്ഥനകള്‍, എന്റെ ദൈവം, എന്റെ അഭിലാഷങ്ങള്‍, എന്റെ നേട്ടങ്ങള്‍, എന്റെ ആവശ്യങ്ങള്‍ ഇതാണ് മനോഭാവം. ‘ഞാന്‍’ തടിച്ചുകൊഴുക്കുന്ന രീതിയാണിത്. എനിക്ക് ആരുടേയും ഒത്താശ വേണ്ട, ആരുടേയും ശിപാര്‍ശ വേണ്ട, കല്‍പ്പിക്കപ്പെട്ട അനുസരണത്തിന് തയ്യാറാണെങ്കിലും ആരെയും ഉള്ള് തുറന്ന് സ്നേഹിക്കുവാനോ ആദരിക്കുവാനോ ഞാന്‍ തയ്യാറല്ല. അവരുടെയൊന്നും അനുകമ്പയും സഹായവുമില്ലാതെ തന്നെ പടച്ചവന്റെ മുമ്പില്‍ രക്ഷപ്പെടാന്‍ മാത്രം ഞാന്‍ ആരാധനകള്‍ ചെയ്തിട്ടുണ്ട്. കല്‍പ്പിക്കപ്പെട്ടതെല്ലാം മുറപോലെ ചെയ്ത സ്ഥിതിക്ക് നീതിമാനായ ദൈവം സ്വര്‍ഗ്ഗമെന്ന എന്റെ അവകാശം ആരുടേയും ശിപാര്‍ശയൊന്നുമില്ലാതെ എനിക്ക് തന്നേ തീരൂ. മതയുക്തിവാദിയുടെ ഹുങ്കാരം വളര്‍ന്ന് വികസിക്കുന്നതിങ്ങനെയാണ്...

 ഇസ്ലാം എന്നാല്‍ വിധേയത്വം എന്നാണര്‍ത്ഥം. തന്നെ സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹുﷻവിനുള്ള സമ്പൂര്‍ണ്ണമായ സമര്‍പ്പണം. ഇത് അതിന്റെ ഹൃദയഭാഷയില്‍ നിര്‍വ്വഹിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, അല്ലാഹുﷻവിനെ അഗാധമായി സ്നേഹിക്കുകയും തദ്വാരാ അവന്റെ സ്നേഹത്തിനും പ്രത്യേകമായ പരിഗണനക്കും പാത്രീഭവിക്കുകയും ചെയ്തവരെക്കൂടി സ്നേഹിക്കുകയും ആദരിക്കുകയും അവര്‍ക്ക് വിധേയപ്പെടുകയും അവരുടെ തുണിക്കോന്തലകളില്‍ ഒട്ടിനില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുമെന്നത് വ്യാകരണങ്ങളുടെ ഒരു സങ്കീര്‍ണ്ണതയും തൊട്ടുതീണ്ടാത്ത അതി ലളിതമായ സത്യമാണ്. സ്നേഹമെന്തെന്നറിയാത്ത (സ്നേഹിക്കുവാന്‍ സ്നേഹമെന്തെന്ന് അറിയേണ്ടതില്ലല്ലോ). കൊച്ചുകുട്ടിക്കു പോലും ഈ സമവാക്യം ബോധ്യപ്പെടും...

  ഇഷ്ടദാസരോട് ചെയ്യുന്ന അടുപ്പവും വണക്കവും ആദരവും അല്ലാഹുﷻവോട് ചെയ്യുന്ന പരമമായ വണക്കമാണെന്നതും (ഇബദത്താണെന്നതും) ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ...
എന്നാല്‍, പടച്ചവന്റെ കഴിവുകള്‍ക്കും അവന്റെ കഴിവുകളുടെ പ്രധാന്യത്തിനും പരിധികളും പരിമിതികളും പറഞ്ഞുതന്ന മതപരിഷ്കരണവാദികള്‍, സ്നേഹത്തിനേയും ആദരവിനേയും മൈക്രോസ്കോപ്പുകള്‍ കൊണ്ട് അളക്കുകയും അല്ലാഹുﷻവിന്റെ ഇഷ്ടദാസന്മാരോടുണ്ടാകേണ്ട സ്വാഭാവികമായ അടുപ്പത്തേയും വണക്കത്തേയും സ്നേഹത്തേയും വിധേയത്വത്തേയും അല്ലാഹുﷻവോടുള്ള വണക്കത്തിന്റെ കണക്കില്‍ എണ്ണുന്നതിന് പകരം അവന്റെ ശത്രുപക്ഷത്ത് സൃഷ്ടിക്കുകയും ചെയ്തു...

 അല്ലാഹുﷻവോട് പ്രാര്‍ത്ഥിക്കുമ്പോള്‍ പ്രവാചകന് അല്ലാഹുﷻവിന്റെ അടുക്കലുള്ള സ്ഥാനത്തെക്കൂടി മുന്‍നിര്‍ത്തി ചോദിച്ചു പോയാല്‍ അല്ലാഹു ﷻ കോപിക്കുമത്രേ..!
‘അങ്ങയുടെ പരിപാലകന്‍ അങ്ങയെ വെടിഞ്ഞിട്ടില്ല; വെറുത്തിട്ടുമില്ല(93 :3) അങ്ങയുടെ രക്ഷകന്‍ അങ്ങേക്ക് തൃപ്തിയാകുവോളം നല്‍കിക്കൊണ്ടിരിക്കും‘ 93:5). എന്ന് അരുളപ്പാട് ചെയ്ത അല്ലാഹുﷻ അവന്റെ ഇഷ്ടദാസന്റെ പേര് കേള്‍ക്കുമ്പോള്‍ കോപിക്കുമെന്നോ..?

 സ്നേഹിക്കാന്‍ ഒരുക്കമല്ലാത്ത ഈ ഭ്രാന്തമായ തത്വശാസ്ത്രത്തിന്റെ വക്താവായി അവര്‍ വദൂദും (സ്നേഹിക്കുന്നവന്‍) റഹീമു(കരുണ ചെയ്യുന്നവന്‍) മായ അല്ലാഹുﷻവിനെ മനസ്സിലാക്കിയോ?
അടച്ചുപൂട്ടിയ ഹൃദയത്തിന്റെ രോഷപ്രകടനമാണ് തവസ്സുലടക്കമുള്ള സാമ്പ്രദായിക മുസ്ലിം ശീലങ്ങള്‍ക്കെതിരെയുള്ള തീവ്രാക്രമണങ്ങളെന്നുള്ളതിന് ഇനിയും തെളിവുകളെന്തിന്? ഹബീബിനെ പറയുമ്പോള്‍ മഹ്ബൂബ് കോപിക്കുമെന്ന് പഠിപ്പിക്കുന്ന ഫിലോസഫിക്ക് ഹൃദയമുണ്ടോ? ധിഷണയുണ്ടോ? കണ്ണും കരളുമുണ്ടോ? വരട്ടു തത്ത്വശാസ്ത്രമെന്നൊക്കെ ഇതിനെയാണ് വിളിപ്പേരിടേണ്ടത്...

 അല്ലാഹുവേ..! നിന്റെ ഇഷ്ടദാസനായ മുഹമ്മദ് നബിﷺയെകൊണ്ട് ഞങ്ങളെ നീ രക്ഷിക്കേണമേ എന്ന പ്രാര്‍ത്ഥന കരളുപൊട്ടിയൊഴുകുമ്പോള്‍, അല്ലാഹുﷻവിന്റെ അടുക്കല്‍ തിരുനബിﷺക്കുള്ള സ്ഥാനവും ബഹുമാനവും സഹായവും തന്റെ ആവശ്യപൂര്‍ത്തീകരണത്തിന് നിമിത്തമായി ഭവിക്കുമെന്നാണ് ഒരു പാരമ്പര്യ ഇസ്ലാം മതവിശ്വാസി മനസ്സിലാക്കുന്നത്. തന്റെ കണ്ഠനാഡിയേക്കാള്‍ തൊട്ടടുത്തുണ്ടായിട്ടുപോലും താന്‍ അല്ലാഹുﷻവിനെ കണ്ടിട്ടുണ്ടായിരുന്നില്ല. അത് തൊട്ടുകാണിച്ചുതന്നത് ആ നബിﷺയാണ്. ലക്ഷ്യം കണ്ടെത്തിയപ്പോള്‍ വഴികാട്ടിയെ മറക്കുന്ന ധിക്കാരം വിധേയത്വമുള്ള വിശ്വാസിക്ക് ഭൂഷണമല്ല. അവന്‍ ആ വഴികാട്ടിയുടെ കരം പിടിച്ചു കൊണ്ട് തന്നെ അല്ലാഹുﷻവുമായി മുഖാമുഖം സംസാരിക്കുന്നു. താഴ് മയോടെ...

 യുക്തി വാദി പറയുന്നത് ന്യായമാണ്. ‘വഴികാണിക്കുന്നതോടെ വഴികാട്ടിയുടെ ദൗത്യം അവസാനിച്ചു. ലക്ഷ്യം കണ്ടാല്‍ അയാള്‍ക്ക് അയാളുടെ വഴിക്ക് പോകാം. പിന്നെ അയാളുടെ കോന്തലയില്‍ തൂങ്ങേണ്ട കാര്യമില്ല. മധ്യസ്ഥന്റെ ആവശ്യമില്ല. അയാളുടെ ശിപാര്‍ശ വേണ്ട. തേടിയ വള്ളി അടുത്തുതന്നെയുണ്ട്. കണ്ഠനാഡിയേക്കാള്‍ അടുത്ത്. ഇനി ഇടങ്കോലിട്ട് സുയിപ്പുണ്ടാക്കരുത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ കല്‍പ്പിക്കാം, ഞാന്‍ അനുസരിക്കാം പട്ടാളചിട്ടയോടെ; പക്ഷേ, എന്റെ ഹൃദയം പറിച്ച് തരാന്‍ തയ്യാറല്ല. തരിമ്പും’ ഇതിന്റെ പേരാണ് ധിക്കാരം. പറയുന്നത് ന്യായമാണ്. പക്ഷേ, എല്ലാ ന്യായവും നീതിയല്ല...

 എന്നാല്‍ സൃഷ്ടാവിനോട് ബന്ധപ്പെടുന്ന വിഷയത്തില്‍ അവന്‍ തന്നെ ചില മാധ്യമങ്ങളെ വെച്ചിട്ടുണ്ടെന്ന് മതയുക്തിവാദികള്‍ സമ്മതിക്കേണ്ടിവരും. കണ്ഠനാഡിയേക്കാള്‍ അടുത്തുതന്നെ അല്ലാഹു ﷻ ഉണ്ടായിട്ടും അവനെ വണങ്ങാനും അവനോട് ചോദിക്കാനും പള്ളിയേയും കല്ലിനേയും (ഹജറുല്‍ അസ്വദ്) മിനാറിനേയും സംഘബലത്തേയും (ജമാഅത്ത്), പുണ്യസ്ഥലങ്ങളേയും (മക്ക), പുണ്യസമയങ്ങളേയും (ലൈലത്തുല്‍ ഖദ്ര്‍) പുണ്യ പുരുഷന്‍മാരേയും (പ്രവാചകന്മാരെ വിശ്വസിക്കുക, സ്നേഹിക്കുക, ആദരിക്കുക) നിഷ്ഠകളേയും ആചാരങ്ങളേയുമൊക്കെ മാധ്യമമാക്കാന്‍ (തവസ്സുല്‍ ചെയ്യാന്‍)  മതം നിയമുണ്ടാക്കിയത് എന്തിന് വേണ്ടിയായിരുന്നു..? ‘സൃഷ്ടിയും സൃഷ്ടാവും തമ്മില്‍ ഒരു വിളിയുടെ (പ്രാര്‍ത്ഥനയുടെ) ദൂരം മാത്രമേയുള്ളൂ. ഇടയില്‍ ഒരു പുണ്യപുരുഷനും ഇടമില്ല.’ എന്നാണെങ്കില്‍ പള്ളിയെ കൂട്ടിപ്പിടിക്കുന്നതിന്റെ സാംഗത്യമെന്ത്..?

 ദൈവത്തെ അംഗീകരിക്കുകയും മതത്തെ നിരാകരിക്കുകയും ചെയ്യുന്ന ചിലരുണ്ട്. അവര്‍ മനസ്സുകൊണ്ട് ദൈവത്തെ ധ്യാനിക്കുന്നു. ദൈവത്തിലേക്ക് എത്താന്‍ ആചാരങ്ങളുടേയും ഗോഷ്ഠികളുടേയും ചിഹ്നങ്ങളുടേയും ആവശ്യമില്ലെന്നാണ് വാദം. ദൈവം മനസ്സില്‍ തന്നെയുണ്ട്, പിന്നെന്തിന് പള്ളിയില്‍ പോകണം..? മാധ്യമങ്ങളുടെ ആവശ്യമില്ല. ദൈവവിശ്വാസത്തിന്റെ പുരോഗമനരൂപമാണിത്. ഇതേ തത്ത്വമാണ് മതപരിഷ്കരണ വാദികളും മുന്നോട്ട് വെച്ചത്. പ്രമാണങ്ങളുടെ ബലത്തിലല്ല, കേട്ടാല്‍ പെട്ടെന്ന് രസം തോന്നുന്ന സിദ്ധാന്തങ്ങളുടെ ഇമ്പം കൊണ്ടാണ് തവസ്സുലാദി കര്‍മ്മങ്ങളെ പരിഷ്കരണവാദം നേരിട്ടത്...

 ചുരുക്കത്തില്‍, പുരോഗമന ദൈവ വിശ്വാസം മതനിരാസത്തില്‍ കലാശിച്ചു. പുരോഗമനമതവിശ്വാസം മഹാന്മാരുടെ നിരാസത്തില്‍ കലാശിച്ചു.
അല്ലാഹുﷻവോട് പ്രാര്‍ത്ഥിക്കുമ്പോള്‍ മഹാന്മാരെ ഇടയാളന്മാരാക്കരുതെന്ന് ഖുര്‍ആനോ ഹദീസോ പഠിപ്പിച്ചിട്ടില്ല. (വസീലയെ തേടണമെന്ന് പഠിപ്പിച്ചിട്ടുണ്ട് താനും. വിശദീകരണം വഴിയെ) എന്നിട്ടും തീവ്രവാദം തവസ്സുലിനെ എതിര്‍ക്കുന്നത് അഭംഗിയും അനാവശ്യവുമാണ്...

 ഹുങ്കാരമല്ല, വിധേയത്വമാണ് വേണ്ടത്. ഇതാണ് ഇസ്ലാമിന്റെ തത്ത്വശാസ്ത്രവുമായി ഒട്ടിനില്‍ക്കുന്ന തവസ്സുലിന്റെ അടിത്തറ എന്ന് സൂചിപ്പിച്ചുവല്ലോ. അല്ലാഹുﷻവിനെ ഉപാസിക്കുമ്പോള്‍, ആ ഉപാസനക്ക് തനിക്ക് വിവരവും അവസരവും നല്‍കിയ ലക്ഷക്കണക്കിനാളുകളെ അവനോര്‍ത്ത് പോകുന്നു. അവരുടെ നേതാവാണ് തിരുനബി ﷺ. അത്കൊണ്ടാണ് ആരാധനകളില്‍ അത്യുല്‍കൃഷ്ടമായ നിസ്കാരത്തില്‍ പോലും അല്ലാഹുﷻവിന് സാഷ്ടാംഗം ചെയ്തപിറകെ, ആ തിരുനബിﷺയെ വിളിച്ച് അവന്‍ അഭിവാദ്യം ചെയ്യുന്നത്. ഇവിടെ ഇമാം റാസി (റ) സൂചിപ്പിച്ചപോലെ അല്ലാഹുﷻവിലേക്ക് വെമ്പല്‍ കൊള്ളുന്ന ആത്മാവ് ചിറക് വെച്ച് പറന്നുയരുമ്പോള്‍ അല്ലാഹുﷻവിനെ സ്നേഹിക്കുന്ന അടിമയെ തേടി തിരുനബിﷺയുടെ ആത്മാവ് പറന്ന് വരികയാണ്. ആ രണ്ട് ആത്മാക്കളുടെ കൂടിക്കാഴ്ചയുടെ ക്ളൈമാക്സ് ആണ് – അസ്സലാമു അലൈക അയ്യുഹന്നബിയ്യു – ആയി പരിണമിക്കുന്നത്...

 അതുപോലെ മറ്റുള്ള വിശ്വാസികളുടെ മുഴുവന്‍ മനസ്സുമായി അവന്‍ വിലയിക്കുകയാണ്. – അസ്സലാമു അലൈനാ വഅലാ ഇബാദില്ലാഹിസ്സ്വാലിഹീന്‍ – സങ്കുചിത തൌഹീദ് വാദികള്‍ക്ക് കതകടച്ച് സ്വകാര്യമായി ചോദിക്കാം: ‘നാമും അല്ലാഹുﷻവും തമ്മിലുള്ള  ഈ സ്വകാര്യമായ ഇടപാടില്‍ മുഹമ്മദ് ഈ പുണ്യാത്മാക്കളെ (ഇബാദുസ്സ്വലിഹീന്‍) തിരുകിക്കയറ്റിയതെന്തിന്..? ശ്ശെ, മോശം ഈ ഇടയാളപ്പണി.! – തൌഹീദ് വീണുപോകുമോ എന്ന് പേടിച്ച്, അര്‍ത്ഥമൊന്നും ചിന്തിക്കാതെ, ഹൃദയം തല്‍ക്കാലം മാറ്റിവെച്ച്, കേവലം ഒരു മന്ത്രം ഉരുവിടുകയാണ് – ഞാന്‍ നബിയെ വിളിക്കുകയില്ല എന്ന് നിയ്യത്ത് ചെയ്ത് ഉറപ്പിച്ച് അത്തഹിയ്യാത്ത് ഓതാന്‍ വിധിക്കപ്പെട്ടവര്‍ ന്യായമായും അങ്ങനെ പരിഭവിക്കണം...

 നിസ്കാരത്തിന്റെ ഒടുക്കത്തില്‍ മാത്രമല്ല തുടക്കം മുതലെ ഈ വിധേയത്വവും താഴ്മയും സ്വയം ചെറുതാകലും മഹാന്മാരെ കൂട്ടിപ്പിടിക്കലുമുണ്ട്. ഇസ്മാഈലിന്റെയും (അ) ഇബ്റാഹീമിന്റെയും ഹാജറയുടെയും (റ) ഒക്കെ വിയര്‍പ്പ് തുള്ളികളും വഹ്യ് കാത്ത് മുഖം തിരിച്ചുകൊണ്ടിരിക്കുന്ന തിരുനബിﷺയുടെ ഭാവവും മറ്റും ആ നിര്‍ത്തത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.
അടിമ ഉടമയുമായി നടത്തുന്ന സംഭാഷണത്തില്‍ അടിമക്ക് വേണ്ടി ശിപാര്‍ശ ചെയ്യുവാനോ, അടിമയെ സഹായിക്കുവാനോ ഐഹികലോകത്തോ പരലോകത്തോ അല്ലാഹു ﷻ തിരുനബിﷺക്ക് ഒരു അവസരവും ഒരുക്കിയിട്ടില്ല അതിനാല്‍ പ്രാര്‍ത്ഥിക്കുന്നവരാരും നബിയേയോ പുണ്യാത്മാക്കളേയോ കൂട്ടിപ്പിടിക്കേണ്ട ഒരു കാര്യവുമില്ല എന്ന് സിദ്ധാന്തിക്കുന്ന പുത്തൻവാദികളുടെ ധിക്കാരപരമായ സമീപനങ്ങളോട് താക്കീതിന്റെ സ്വരത്തിലാണ് അല്ലാഹു ﷻ പ്രതികരിക്കുന്നത്...
ആരാണിവര്‍ക്കീ തത്ത്വശാസ്ത്രം പഠിപ്പിച്ചുകൊടുത്തത് ? അല്ലാഹുﷻവോ? ഒരിക്കലുമല്ല. തന്റെ മഹ്ബൂബിനെ താന്‍ അവഗണിക്കുമെന്ന് സിദ്ധാന്തിച്ചവരോട് സൃഷ്ടാവ് രോഷപ്പെടുന്നത് കാണുക.
ഐഹിക ലോകത്തും പരലോകത്തും (തന്റെ ദൂതനെ) അല്ലാഹു ﷻ സഹായിക്കുകയില്ലെന്ന് ആരെങ്കിലും ധരിച്ചുവച്ചിട്ടുണ്ടെങ്കില്‍, അവര്‍, അവര്‍ക്ക് മുകളില്‍ ഒരു കയര്‍ തൂക്കി അതില്‍ തൂങ്ങി ചത്തുകൊള്ളട്ടെ (22:15)
(ഓര്‍ക്കുക! ആയത്തുകള്‍ മുശ്രിക്കുകള്‍ക്ക് മാത്രം ബാധകമല്ല. അവരുടെ സിദ്ധാന്തങ്ങള്‍ അവയുടെ മൌലിക സ്വഭാവത്തോട് കൂടി പേറി നടക്കുന്നവര്‍ക്കും ബാധകമാണ്. വാദങ്ങള്‍ ബൂമറാങ്ങുകളായി പരിണമിക്കുന്ന കൌതുകകരമായ ഒരു രീതിയാണിത്...

 കണ്ഠനാഡിയോട് അടുത്ത് നില്‍ക്കുന്ന അല്ലാഹുﷻവിനോട് പ്രാര്‍ത്ഥിക്കുവാന്‍ ആദ്യം മുഹമ്മദ് നബിﷺയുടെ അടുത്ത് ചെല്ലണമെന്ന ഖുര്‍ആനിക പാഠം ഇവര്‍ മറന്നത് പോലുണ്ട്.
എന്റെ അടിമകള്‍ എന്നെക്കുറിച്ച് അങ്ങയോട് ചോദിച്ചാല്‍ ഞാന്‍ അടുത്ത് തന്നെയുണ്ട് (എന്ന് അവരോട് വിവരം അറിയിക്കുക) എന്നോട് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നവന്റെ പ്രാര്‍ത്ഥനക്ക് ഉത്തരം ചെയ്യുന്നു (2: 186) എന്റെ അടുത്തേക്ക് വരുന്നവര്‍ നബി വഴി വരണം എന്ന് തന്നെയാണ് പ്രസ്തുത വാക്യത്തിലൂടെ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്...

   മറ്റൊരായത്ത് ഇങ്ങനെ:
 പാപങ്ങള്‍ ചെയ്തു സ്വശരീരത്തെ ദ്രോഹിച്ചവര്‍, (നബിയേ) തങ്ങളെ സമീപിക്കുകയും അങ്ങനെ അവര്‍  അല്ലാഹുﷻവിനോട് പൊറുക്കലിനെ ചോദിക്കുകയും തിരുദൂതന്‍ (നബിﷺ) അവര്‍ക്ക് വേണ്ടി പൊറുക്കലിനെ തേടുകയും  ചെയ്താല്‍ അവര്‍ അല്ലാഹുﷻവിനെ പശ്ചാത്താപം സ്വീകരിക്കുന്നവനും കൃപാലുവുമായി എത്തിക്കുന്നതാണ് (4:64)
തെറ്റ് ചെയ്തവര്‍, തിരുനബിﷺയെ സമീപിച്ച് ശിപാര്‍ശ തേടണമെന്നും അങ്ങനെ നബിﷺ അവര്‍ക്ക് വേണ്ടി ശിപാര്‍ശ ചെയ്യണമെന്നും എങ്കില്‍ മാത്രമേ പാപമോചനം കിട്ടുകയുള്ളുവെന്നുമാണ് സൂക്തത്തിന്റെ താൽപര്യമെന്ന് ആര്‍ക്കും അറിയാം.
ഈ സൂക്തത്തിന്റെ ബലത്തില്‍, തിരുനബിﷺയുടെ വിയോഗശേഷവും അവിടുത്തെ തിരു റൌളയില്‍ ചെന്ന് തിരുനബിﷺയെ മുന്‍നിര്‍ത്തി അല്ലാഹുﷻവിനോട് മാപ്പിരന്ന അഅ്റാബിയുടെ അനുഭവം, ഈ സൂക്തത്തെ വിശദീകരിച്ച ഇബ്നുകസീര്‍(റ)അടക്കമുള്ള പ്രമുഖ പണ്ഡിതര്‍ ഉദ്ധരിച്ചിട്ടുണ്ട്. പാപമോചനത്തിന് നബിﷺയുടെ ചാരത്ത്  ചെല്ലണമെന്നും അവിടുത്തെ റക്കമെന്റ് കിട്ടണമെന്നുമുള്ള ഈ സിദ്ധാന്തം തിരുനബിﷺയുടെ വിയോഗശേഷവും പ്രസക്തമാണെന്നാണ് നിരൂപണങ്ങളൊന്നും നല്‍കാതെ  ഈ സംഭവം ഉദ്ധരിച്ച മുഫസ്സിറുകളുടെ ശൈലിയില്‍ നിന്ന് ബോധ്യപ്പെടുന്നത്...

 നബിﷺയെ നേരിട്ട് വിളിക്കുന്ന രീതിയാണ് പ്രസ്തുത സംഭവത്തില്‍ അഅ്റാബി സ്വീകരിച്ചിട്ടുള്ളത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇത് ശിര്‍ക്കും കുഫ്റുമായിരുന്നെങ്കില്‍, ഏറ്റവും ചുരുങ്ങിയത് സ്വീകാര്യതയുടെ സ്വരത്തില്‍ ഈ സംഭവം ഉദ്ധരിച്ച ഇമാം നവവി (റ), അല്ലാമ ഇബ്നുകസീര്‍ (റ) തുടങ്ങിയ പണ്ഡിത വരേണ്യരെല്ലാം ശിര്‍ക്കിന്റെ പ്രചാരകരാണെന്ന് മുദ്രകുത്തേണ്ടിവരും. പുത്തൻവാദികള്‍ക്ക് അതിന് അനായാസം സാധിക്കുന്നുവെന്നതില്‍ സന്ദേഹിക്കേണ്ടതില്ല...

🌹വധുവിനെ തിരഞ്ഞെടുക്കുമ്പോള്‍🌹

🌹വധുവിനെ തിരഞ്ഞെടുക്കുമ്പോള്‍🌹




💥വിവാഹം കൊണ്ടുള്ള ലക്ഷ്യവും ജീവിതസുഖവും നേടാനും വിവാഹബന്ധം നിലനില്‍ക്കാനും സ്ത്രീയില്‍ അത്യാവിശ്യമായി ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ .

1⃣ മതനിഷ്ഠയുള്ള പതിവ്രതയായിരിക്കല്‍

🍀ഇതാണ് സ്ത്രീയില്‍ പ്രധാനമായും ഉണ്ടായിരിക്കേണ്ട അടിസ്ഥാനഗുണം . സ്ത്രീ അവളുടെ ശരീരത്തെയും ഗുഹ്യസ്ഥാനത്തെയും സൂക്ഷിക്കുന്ന വിഷയത്തില്‍ മതനിഷ്ഠയില്ലാത്തവളാണെങ്കില്‍ , ദുര്‍നടപ്പുകളില്‍ എര്പെട്ടു കൊണ്ട് ഭര്‍ത്താവിനെ വഞ്ചിക്കുവാനും ജനങ്ങള്‍ക്കിടയില്‍ വഷളാക്കുവാനും വ്യഭിചാരശങ്കയാല്‍ അവന്‍റെ മനസ്സ് കുഴപ്പത്തിലാക്കുവാനും ഇട വരും .തെറ്റുകള്‍ ചൂണ്ടികാണിച്ചു ഗൌരവപ്പെട്ടു സംസാരിക്കുകയോ അച്ചടക്കനടപടികള്‍ സ്വീകരിക്കുകയോ ചെയ്താല്‍ ചിലപ്പോള്‍ അവരുടെ ദാമ്പത്യജീവിതം തന്നെ തകര്‍ന്നുപോകും.അവളുടെ ദുഷ്ചെയ്തികളില്‍ നിശബ്ദത പാലിച്ചാല്‍ അത് അവന്‍റെ ദീനിനും അഭിമാനത്തിനും കോട്ടം വരുത്തുക മാത്രമല്ല ജനമദ്ധ്യേ അവന്‍ കൊള്ളരുതാത്തവന്‍ ആയിത്തീരുകയും ചെയ്യും .

🍀 മതനിഷ്ഠ ഇല്ലാത്ത സ്ത്രീ സുന്ദരിയും കൂടെ ആണെങ്കില്‍ ഏറ്റവും വല്യ നാശത്തിനുഇടയായി തീരും .ആത്മാര്‍ത്ഥസ്നേഹം പകരാന്‍ കഴിയുകയും ഇല്ല . അവളെ ഒഴിവാക്കാനോ നിലനിര്തുവാനോ കഴിയാത്ത ഒരു അവസ്ഥ വന്നേക്കാം.

🍀ഒരിക്കല്‍ നബി(സ) യുടെ സന്നിധിയില്‍ ഒരാള്‍ വന്നു തന്‍റെ ഭാര്യ ‘ആഗ്രഹിച്ചുവരുന്ന ആരുടേയും കൈ തട്ടുന്നില്ല ‘ എന്ന പരാതി പറഞ്ഞു . അവളെ ത്വലാഖ് ചൊല്ലാന്‍ നബി(സ) നിര്‍ദേശിച്ചു . അപ്പോള്‍ അയാള്‍ ഞാന്‍ അവളെ സ്നേഹിക്കുന്നെന്നായി . “എന്നാല്‍ നീ അവളെ നിലനിര്‍ത്തി കൊള്ളുക “ എന്ന് നബി (സ) മറുപടി നല്‍കി .സ്നേഹമുള്ള ഭാര്യയെ ത്വലാഖ് ചൊല്ലിയാലും അവന്‍റെ മനസ്സ് അവളില്‍ ലയിക്കുകയും അവളോടൊപ്പം അവനും ദുഷിക്കുവാന്‍ ഇടയാക്കുകയും ചെയ്യുമെന്ന് ഭയപ്പെട്ടതിനാലാവാം നബി(സ) ഇങ്ങനെ കല്പിച്ചതു.മനപ്രയാസത്തോട്‌ കൂടിയാണെങ്കിലും വല്യനാശത്തെ തടുക്കുവാന്‍ ആ വിവാഹത്തെ നിലനിര്‍ത്തുകയാണ് ഉത്തമമെന്നതിനലാണ് ഇങ്ങനെ നബി(സ) നിര്‍ദേശിച്ചത് എന്ന് മനസ്സിലാക്കാം.

💥 സ്ത്രീ ഭര്‍ത്താവിന്റെ സമ്പത്ത് നാശപ്പെടുത്തിയോ മറ്റോ മതനിഷ്ഠയില്ലാത്തവളാണെങ്കിലും അവന്‍റെ ജീവിതം കുഴപ്പം തന്നെ.കാരണം നിഷിദ്ധങ്ങളില്‍ അവന്‍ മൗനം പാലിച്ചാല്‍ അവനും കുറ്റവാളിയാകും.”നിങ്ങള്‍ നിങ്ങളുടെ ശരീരത്തെയും ഭാര്യാ-സന്താനങ്ങളെയും നരകത്തില്‍ നിന്ന് കാത്തുരക്ഷിക്കുക” എന്ന അല്ലാഹുവിന്‍റെ കല്‍പനക്ക് വിപരീതം പ്രവര്‍ത്തിച്ചവനാകും , എതിര്‍ത്താല്‍ കുടുംബജീവിതം കുഴപ്പത്തിലാകാനും സാധ്യതയുണ്ട്.അതുകൊണ്ടാണ് മതനിഷ്ഠയുള്ള സ്ത്രീയെ വിവാഹം ചെയ്യാന്‍ നബി(സ) കൂടുതല്‍ പ്രേരിപ്പിച്ചത്.

💥 നബി(സ) പറഞ്ഞു “സ്ത്രീയെ വിവാഹം ചെയ്യുന്നത് അവളുടെ ധനത്തിന് വേണ്ടിയോ സൗന്ദര്യത്തിനു വേണ്ടിയോ കുലീനതക്ക് വേണ്ടിയോ മതനിഷ്ഠ നോക്കിയോ ആയിരിക്കും എന്നാല്‍ മതനിഷ്ഠയുള്ളവളെ വിവാഹം ചെയ്തുകൊണ്ട് നീ വിജയം നേടുക “

💥 മറ്റൊരു ഹദീസ്‌ “ആരെങ്കിലും ഒരു സ്ത്രീയെ അവളുടെ ധനത്തിനും സൗന്ദര്യത്തിനും വേണ്ടി മാത്രം വിവാഹം ചെയ്താല്‍ അവളുടെ ധനവും സൗന്ദര്യവും നഷ്ടപ്പെട്ടുപോകാന്‍ ഇടയുണ്ട് , അവളുടെ മതനിഷ്ഠക്ക് വേണ്ടി വിവാഹം ചെയ്താല്‍ അല്ലാഹു അവര്‍ക്ക് ധനവും സൗന്ദര്യവും നല്‍കും”.

💥ഒരു സ്ത്രീയെയും അവളുടെ സൗന്ദര്യത്തിനു പ്രാധാന്യം നല്‍കി വിവാഹം ചെയ്യരുത്‌.അത് അവളെ നാശത്തിലെക്കായിരിക്കാം.സ്ത്രീയുടെ സമ്പത്തിന് പ്രാധാന്യം നല്‍കി കൊണ്ടും വിവാഹം ചെയ്യരുത്‌ സമ്പത്ത് അവളെ അതിക്രമം കാണിക്കാന്‍ ഇടയാക്കിയേക്കാം .സ്ത്രീകളെ വിവാഹം ചെയ്യുമ്പോള്‍ മതനിഷ്ഠക്ക് പ്രാധാന്യം നല്‍കുക”.

🍀മതനിഷ്ഠയുള്ള സ്ത്രീയെ വിവാഹം ചെയ്യുന്നതിന് നബി(സ) ഇത്രയധികം പ്രോത്സാഹിപ്പിച്ചത് അത്തരം സ്ത്രീകള്‍ ഭര്‍ത്താവിന് മതനിഷ്ഠ പാലിക്കുവാന്‍ സഹായകമായി തീരുന്നതിനലാണ്.ഭാര്യ മതനിഷ്ഠയുള്ളവള്‍ അല്ലെങ്കില്‍ അവന്‍റെ ശ്രദ്ധയെ തിരിക്കുന്നവളും അവനു കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നവളുമായിരിക്കും.

2⃣ സല്‍സ്വഭാവം

മതനിഷ്ഠ പാലിക്കുന്നതില്‍ സഹായകമാകുന്നതില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നതാണ് സല്‍സ്വഭാവം . സ്ത്രീ നാവ്‌ ദുഷിച്ചവളും മൂര്‍ച്ചയുള്ളവളും സ്വഭാവം ചീത്തയായവളും നന്ദികേട്‌ കാണിക്കുന്നവളുമാണെങ്കില്‍ അവളുടെ ഉപദ്രവം ഉപകാരത്തെ ക്കാള്‍ കൂടുതല്‍ ആയിരിക്കും . അല്ലാഹുവിന്‍റെ പുണ്യാത്മാക്കളായ ഔലിയാക്കളെ അല്ലാഹു പലവിധത്തില്‍ പരീക്ഷിക്കാറുണ്ട് . അതില്‍ പെട്ടതാണ് ഭാര്യയുടെ നാക്കുകളില്‍ നിന്നുണ്ടാകുന്ന കൊള്ളരുതാത്ത വാക്കുകളില്‍ ക്ഷമ കൊള്ളുന്നുണ്ടോ എന്നത്.

❗ അറേബ്യന്‍ തത്വജ്ഞാനികളില്‍ പെട്ട ഒരാള്‍ പറഞ്ഞു.നിങ്ങള്‍ ആറിനത്തില്‍ പെട്ട സ്ത്രീകളെ വിവാഹം ചെയ്യരുത്‌.

I. അന്നാന്നത്ത്: എപ്പോഴും ഞരങ്ങി കൊണ്ടിരിക്കുകയും ആവലാതിപ്പെടുകയും ചെയ്യുന്നവള്‍ . രോഗം ബാധിച്ചവളെയും രോഗിയായി അഭിനയിക്കുന്നവരെയും വിവാഹം ചെയ്യുന്നതില്‍ ഒരു നന്മയും ഇല്ല.

II.മന്നാന്നത്ത് : ഭര്‍ത്താവിന് ഔദാര്യമായി ചെയ്തുകൊടുത്ത ഉപകാരങ്ങള്‍ എടുത്തുപറയുന്നവള്‍. ഞാന്‍ നിങ്ങള്‍ക്ക്‌ ഇന്നയിന്ന ഉപകാരങ്ങള്‍ ചെയ്തു തന്നില്ലേ; എന്ന് പറഞ്ഞു ഭര്‍ത്താവിനെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കും.

III. ഹന്നാന്നത്ത് : ആദ്യമുണ്ടായിരുന്ന ഭര്‍ത്താവിനെ ആശിക്കുന്നവള്‍ , അല്ലെങ്കില്‍ ആദ്യഭര്‍ത്താവില്‍  നിന്നുണ്ടായ അവളുടെ കുട്ടിയോട് പ്രത്യേക താല്പര്യം പ്രകടിപ്പിക്കുന്നവള്‍, ഇത്തരം സ്ത്രീകളെ വിവാഹം ചെയ്യരുത്‌.

IV.ഹദ്ദാഖത്ത് : കണ്ണില്‍പെടുന്ന വസ്തുക്കല്‍ക്കെല്ലാം ആശ വെക്കുകയും അത് വാങ്ങികൊടുക്കാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിക്കുകയും ചെയ്യുന്നവള്‍ .

V.ബര്‍റാഖത്ത് : മുഖത്തിന്‌ കൃത്രിമ തെളിച്ചവും ഭംഗിയുമുണ്ടാകാന്‍ പകല്‍ മുഴുവനും അതില്‍ വ്യാപൃതയാകുന്നവള്‍.മറ്റൊരു അര്‍ത്ഥത്തിലും ഇത്  പറയാറുണ്ട് , ഭക്ഷണത്തോട് ദേഷ്യപ്പെടുന്നവള്‍. അവള്‍ ഒറ്റയ്ക്കേ ഭക്ഷണം കഴിക്കൂ . ഏതു വസ്തുവില്‍ നിന്നും അവള്‍ക്കുള്ള ഓഹരി കുറഞ്ഞതായി കാണും.

VI.ശദ്ദാഖത്ത് : വായാടി . സൂക്ഷ്മത ഇല്ലാതെ സംസാരം വര്‍ദ്ധിപ്പിക്കുന്നവള്‍  , കടവായ വിസ്താരമാക്കി ചറപറ പറഞ്ഞു സംസാരം വര്‍ധിപ്പിക്കുന്നവരോട് അല്ലാഹു കോപിക്കുമെന്നു നബി(സ) പറഞ്ഞിട്ടുണ്ട് .

3⃣ സൗന്ദര്യം

ചാരിത്ര്യശുദ്ധിയും  മനസംതൃപ്തിയും ഭര്‍ത്താവിനുണ്ടാക്കുന്നതില്‍ അതിനു വല്യ പങ്കുണ്ട് . വിരൂപിണിയെ സാധാരണ ആരും ഇഷ്ടപ്പെടാറില്ല. അതുകൊണ്ടാണ് വിവാഹത്തിന് മുന്‍പ്‌ സ്ത്രീയെ കാണല്‍ സുന്നത്തായത്.മതനിഷ്ഠയില്ലാത്ത സ്ത്രീയെ അവളുടെ സൗന്ദര്യം മാത്രം നോക്കി വിവാഹം ചെയ്താല്‍ അത് ദോഷമായി ഭവിക്കലാണ് പതിവ്.സൗന്ദര്യം, സല്‍സ്വഭാവം, വെളുത്തനിറം , വലിയ കണ്ണ് , മുടിയും കൃഷ്ണമണിയും കറുപ്പ് , ഭര്‍ത്താവിനോട് ആത്മാര്‍ത്ഥമായ സ്നേഹം , അന്യപുരുഷന്മാരിലേക്ക് നോക്കാതിരിക്കല്‍ എന്നീ ഗുണങ്ങളുള്ള സ്ത്രീകള്‍ സ്വര്‍ഗ്ഗസുന്ദരികളുടെ വിശേഷണങ്ങള്‍ ഉള്ളവളാണ് എന്ന് പറയപ്പെട്ടിട്ടുണ്ട് .

4⃣ മഹര്‍ കുറഞ്ഞവളായിരിക്കല്‍

സൗന്ദര്യമുള്ളവളും മഹര്‍ കുറഞ്ഞവളും ആണ് ഉത്തമസ്ത്രീയെന്നു ഒരു ഹദീസില്‍ കാണാം .സ്ത്രീയുടെ ഭാഗത്ത്‌ നിന്ന് മഹര്‍ വര്‍ധിപ്പിക്കല്‍ കറാഹത്ത് ഉള്ള പോലെ പുരുഷന്‍റെ ഭാഗത്ത്‌ നിന്ന് സാമ്പത്തിക സ്ഥിധി അന്വേഷിക്കലും കറാഹത്ത് ആണ്.എന്നാല്‍ പുരുഷന്‍ സ്ത്രീക്കും സ്ത്രീ പുരുഷനും സമ്മാനം നല്‍കല്‍ സുന്നത്തുണ്ട്‌.അത് പരസ്പരസ്നേഹത്തിനു കാരണമാണ്.നിങ്ങള്‍ അന്യോന്യം സമ്മാനം നല്‍കണം . എന്നാല്‍ നിങ്ങള്‍ക്കിടയില്‍ സ്നേഹമുണ്ടാകുമെന്നു നബി(സ) പറഞ്ഞിട്ടുണ്ട്.കൂടുതല്‍ സ്നേഹം തിരിച്ചു ലഭിക്കണമെന്ന ഉദ്ദേശ്യത്തില്‍ സമ്മാനം നല്‍കുന്നത് തെറ്റുമാണ്
ഹബീബിന്റെ (ﷺ) ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه🌹
☆☆☆☆☆☆☆☆☆☆☆☆☆☆